Connect with us

Gulf

ഹോപ് ദൗത്യ സംഘത്തെ ഭരണാധികാരികള്‍ ആദരിച്ചു

Published

|

Last Updated

ദുബൈ | യു എ ഇയുടെ ചൊവ്വ പര്യവേഷണം വിജയകരമാക്കിയ 200 ശാസ്ത്രജ്ഞരെ  വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്  ബിന്‍ റാശിദ് അൽ മക്തൂം, അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ എന്നിവർ ആദരിച്ചു. ചൊവ്വാഴ്ച ബാബ് അൽ ശംസിൽ മന്ത്രിമാരുടെ കൂടിയാലോചനക്കിടയിൽ നടന്ന പ്രത്യേക ചടങ്ങിലാണ് സ്വീകരണം നൽകിയത്. ഈ മാസം ഒന്പതിനാണ് ചൊവ്വയുടെ  ഭ്രമണപഥത്തിലേക്ക് യു എ ഇയുടെ ഹോപ് പേടകം പ്രവേശിച്ചത്.

കഴിഞ്ഞ ആറ് വർഷമായി സംഘത്തിന്റെ നിരന്തരമായ ശ്രമങ്ങളെ മാനിക്കുന്നുവെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് പറഞ്ഞു. അറബ് ലോകത്ത് നിന്നുള്ള ആദ്യ ഗ്രഹാന്തര ദൗത്യമായി ഹോപ് മാറി. ചൊവ്വയിലെ അന്തരീക്ഷത്തിന്റെ ആദ്യ പൂർണ ചിത്രം ഹോപ് നൽകി. അടുത്ത 50 വർഷത്തേക്ക് രാജ്യത്തിന്റെ സമഗ്രവികസന കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിനും പരിശ്രമങ്ങൾ, വിഭവങ്ങൾ, പുതിയ കർമ പദ്ധതികൾ എന്നിവ രൂപകൽപന ചെയ്യുന്നതിനും ഹോപ് പ്രചോദനമായി. എല്ലാ മേഖലകളിലും യു എ ഇയെ ലോകത്തിലെ മികച്ച രാജ്യമാക്കാനാണ് ശ്രമം.  അടുത്ത 50 വർഷത്തെ ദേശീയ മുൻഗണനകൾ നിർണയിക്കാനും  തന്ത്രപരമായ ചട്ടക്കൂട് തയ്യാറാക്കാനുമാണ് മന്ത്രിമാരുടെ കൂടിയാലോചന.

“അറബ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതി വിജയകരമായി നയിച്ചതിന് നന്ദി, ശൈഖ്  മുഹമ്മദ് ബിൻ റാശിദ് പറഞ്ഞു.  ചരിത്രപരമായ നേട്ടം യു എ ഇയുടെ അമ്പതാം വാർഷികത്തിൽ ഒരു നാഴികക്കല്ലായി അടയാളപ്പെടുത്തും. അടുത്ത 50 വർഷത്തേക്ക് വഴിയൊരുക്കുകയും ചെയ്യും. അടുത്ത 50 വർഷത്തിനുള്ളിൽ നമ്മുടെ  പദ്ധതികൾ എമിറേറ്റ്‌സ് മാർസ് മിഷനെപ്പോലെ അഭിലഷണീയമാകും  ശൈഖ്  മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ചൂണ്ടിക്കാട്ടി.

ചൊവ്വയിലേക്കുള്ള ഹോപ് രൂപകൽപന ചെയ്യാനും നിർമിക്കാനും സമാരംഭിക്കാനും 200 എന്‍ജിനീയർമാർ നടത്തിയ അധ്വാനം ഭാവിയിലേക്കുള്ള യു എ ഇ യാത്രയുടെ ഭാഗമാണ്. “ദശലക്ഷക്കണക്കിന് അറബികൾ ഹോപ്പിലൂടെ പ്രപഞ്ചത്തിൽ ഏറ്റവും ദൂരെയെത്തി.ഇനിയും നമ്മുടെ ശാസ്ത്രജ്ഞരും വിദഗ്ധരും നമ്മുടെ രാജ്യത്തിന്റെ യാത്രയെ കൂടുതൽ നേട്ടങ്ങളിലേക്കും മികവിലേക്കും വിജയത്തിലേക്കും നയിക്കും.
“നമ്മുടെ ആളുകൾ വിനയത്തിനും സ്ഥിരോത്സാഹത്തിനും പേരുകേട്ടവരാണ്. അവരുടെ പാദങ്ങൾ നിലത്താണ്, പക്ഷേ അവരുടെ അഭിലാഷങ്ങൾ ഉയരത്തിലെത്തുന്നു. ഹോപ് ദൗത്യ സംഘം    നമ്മുടെ രാജ്യത്തിന്റെ സമ്പത്താണ്. അവർ അശ്രാന്തമായി പ്രവർത്തിച്ചിട്ടുണ്ട്, അവർ വിതച്ചത് ഇന്ന് നമ്മുടെ രാജ്യം കൊയ്യുകയാണ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു.

“നമ്മുടെ രാജ്യത്തിന്റെ പതാകയെ വിദൂരമായ സ്ഥലത്ത് ഉയർത്തുകയും ചരിത്രത്തിൽ രാജ്യത്തിന്റെ പേര് കൊത്തിവെക്കുകയും ചെയ്തു. നമ്മുടെ ലക്ഷ്യം ചൊവ്വയിലെത്തുക മാത്രമല്ല, ജനങ്ങളെ അറിവും ആത്മവിശ്വാസവും ഉപയോഗിച്ച് ശാക്തീകരിക്കുക, രാജ്യത്തെ ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള കഴിവുകൾ പരിപോഷിപ്പിക്കുക എന്നിവയായിരുന്നു. സംഘത്തിന്റെ വിജയം അടുത്ത തലമുറയുടെ അഭിലാഷങ്ങൾ ഉയർത്തിയിരിക്കുന്നു. ജനങ്ങളുടെ ഇച്ഛാശക്തിയും ദൃഢനിശ്ചയവും ഉപയോഗിച്ച് യു എ ഇ വലിയ നേട്ടങ്ങൾ തുടരും, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു.

Latest