Connect with us

Kerala

സൈക്കിള്‍ സ്‌കൂട്ടര്‍; ഇന്ധന വിലവര്‍ധന ഹര്‍ഷാദിന്റെ വിഷയമല്ല!

Published

|

Last Updated

കോഴിക്കോട് | പെട്രോളിന് വിലകൂടി, ഡീസല്‍ വില പെട്രോളിനെ മറികടക്കുമോ എന്നിങ്ങനെ തുടങ്ങി ഇന്ന് നാട്ടുകാര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാവിഷയം ഇതൊക്കെയാണ്. ഇത്തരം പുതിയ വില” വിശേഷങ്ങളിലൊന്നും പേടിക്കാതെ പുതിയങ്ങാടിയിലൂടെ ചെത്തി നടക്കുകയാണ് ഹര്‍ഷാദ്. ഇന്ധനങ്ങള്‍ക്കൊക്കെ പൊന്നും വിലയുള്ള ഇക്കാലത്ത് ഗമയൊട്ടും കുറയാതെ തന്റെ ബുള്ളറ്റില്‍ വരുന്ന ഹര്‍ഷാദിനെ ആരുമൊന്ന് നോക്കിപ്പോകും. ചിലപ്പോള്‍ യാത്ര തന്റെ പഴയ ചേതകിലുമാവും. വണ്ടി ഏതായാലും ഹര്‍ഷാദിന്റെ വരവ് കാണുന്നവര്‍ എന്തായാലും നോക്കുമെന്നുള്ള കാര്യമുറപ്പാണ്.

ഹെഡ് ലൈറ്റും പെട്രോള്‍ ടാങ്കും ക്ലച്ചും ഗിയറും ഹോണും സീറ്റും തുടങ്ങി കണ്ണാടി ഉള്‍പ്പെടെ എല്ലാമുണ്ട് ഈ സൈക്കിള്‍ സ്‌കൂട്ടറില്‍. ചേതക് രൂപത്തിലുള്ള ഒരു സൈക്കിളും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. രണ്ടും ഒറിജിനലിനോട് അടുത്ത് നില്‍ക്കുന്ന ഒന്നാന്തരം കൗതുക സൈക്കിളുകള്‍. ഇനി ചവിട്ടി മതിയായാല്‍ ബാറ്ററി ഘടിപ്പിച്ച് സ്‌കൂട്ടറായി പറപറപ്പിക്കുകയും ചെയ്യാം.

മെക്കാനിക്കും ഇലക്ട്രീഷ്യനുമൊക്കെയായ ഹര്‍ഷാദിന് ലോക്ക്ഡൗണിനെ തുടര്‍ന്ന് വീട്ടിലിരിക്കാന്‍ ധാരാളം ഒഴിവുസമയം കിട്ടിയപ്പോഴാണ് ഇത്തരമൊരു ആശയമുദിക്കുന്നത്. പിന്നെ ഒന്നും നോക്കേണ്ടി വന്നില്ല. വീട്ടിലെ സൈക്കിളും പഴയ ചേതക് സ്‌കൂട്ടറില്‍ന്റെ മുന്‍ഭാഗവുമെല്ലാം സംഘടിപ്പിച്ച് നിര്‍മ്മാണം തുടങ്ങി. രണ്ടാഴ്ചത്തെ പ്രയത്‌നം കൊണ്ട് ഗഘ 11 2020 എന്ന നമ്പറില്‍ ചേതക് സൈക്കിള്‍ പുറത്തിറങ്ങി. നിറങ്ങള്‍ പലതും പരീക്ഷിച്ചെങ്കിലും ക്ലിക്കായത് മഞ്ഞ. പുതിയ വണ്ടി നിരത്തില്‍ ഇറക്കിയതോടെ ചേതക് നാട്ടില്‍ വന്‍ ഹിറ്റായി. വണ്ടിയോടിച്ച് നോക്കാനും കാണാനും കുട്ടികളുടേയും വലിയവരുടേയും നീണ്ട നിര. അതോടെ രണ്ടാമത്തെ പരീക്ഷണത്തിന് മുതിര്‍ന്നു. അതിന്റെ ഫലമായി ഗഘ 11 2021 നമ്പറിലുള്ള ഒന്നാന്തരം റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് രൂപത്തിലും സൈക്കിള്‍ നിരത്തിലിറക്കി. സവാരിക്കിടെ പലതവണ പോലീസ് പിടിയിലായെങ്കിലും സ്‌കൂട്ടര്‍ അല്ലെന്ന് കണ്ടതോടെ വിട്ടയക്കും. ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതമാണ് ഹര്‍ഷാദിന്റെ കൗതുക സൈക്കിള്‍. എന്തായാലും വൈകാതെ തന്നെ ഇനിയും ഒരു പാട് വാഹനങ്ങളില്‍ ഹര്‍ഷാദിന്റെ പരീക്ഷണങ്ങള്‍ കാണാം.

കോഴിക്കോട്

Latest