Connect with us

Articles

നീതിന്യായത്തിലെ പുഴുക്കുത്തുകള്‍

Published

|

Last Updated

കഴിഞ്ഞ ദിവസം ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി തന്റെ ഔദ്യോഗിക ജീവിതത്തിലെ ചില പ്രധാന സംഭവ വികാസങ്ങളെക്കുറിച്ച് പ്രതികരിക്കുകയുണ്ടായി. ഇന്ത്യന്‍ നീതിന്യായ സംവിധാനം ജീര്‍ണിതാവസ്ഥയിലാണെന്നും അദ്ദേഹം വിശദീകരിച്ചു. പോയ ആറാണ്ടുകളില്‍ രാജ്യത്തെ ജുഡീഷ്യറി പലപ്പോഴും ഭരണകൂട താത്പര്യത്തിനൊപ്പം അക്ഷന്തവ്യമായ പാതകങ്ങള്‍ക്ക് കൂട്ടുനിന്നെന്ന വിമര്‍ശം അടുത്ത കാലത്തായി വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്. രഞ്ജന്‍ ഗോഗോയി മുഖ്യ ന്യായാധിപന്റെ പദവിയിലിരുന്ന കാലവും പ്രസ്തുത വിമര്‍ശനങ്ങളില്‍ നിന്ന് മുക്തമല്ലെന്ന് മാത്രമല്ല സുപ്രീം കോടതി ഏറെ പഴികേട്ട സമയം അതു തന്നെയായിരുന്നു. ബാബരിയിലെയും റാഫേല്‍ ഇടപാടിലെയും വിധി ഇന്ത്യന്‍ നീതിന്യായ കാഴ്ചപ്പാടുകളെ പുനര്‍ നിര്‍വചിക്കുകയാണോ എന്ന സന്ദേഹമുയര്‍ന്നപ്പോള്‍ വിധിദാതാവായി ചിത്രത്തിലുണ്ടായിരുന്നത് ഇപ്പറഞ്ഞ ചീഫ് ജസ്റ്റിസായിരുന്നു.

രാജ്യത്തെ ജുഡീഷ്യറി ജീര്‍ണിക്കുന്നു എന്ന വിമര്‍ശം നേരിട്ട കാലങ്ങളിലൊക്കെയും ന്യായാധിപരുടെ മാര്‍ഗഭ്രംശവും ദൗര്‍ബല്യങ്ങളും അതിനൊരു പ്രധാന ഹേതുവായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. രഞ്ജന്‍ ഗോഗോയിയുടെ കാലത്തും ആന്തരികമായ പുഴുക്കുത്തുകള്‍ ഉന്നത നീതിന്യായ സ്ഥാപനത്തെ കരിനിഴലിലാക്കിയിട്ടുണ്ട്. എന്നാല്‍ പോലും ചില കാര്യങ്ങള്‍ തുറന്നു പറയാന്‍ ഇപ്പോള്‍ അദ്ദേഹം തയ്യാറായതില്‍ നമുക്ക് ആശ്വസിക്കാം.
രാജ്യത്തെ ഭരണഘടനാ കോടതികളില്‍ കെട്ടിക്കിടക്കുന്ന വ്യവഹാരങ്ങളുടെ പെരുപ്പവും ന്യായാധിപരുടെ ഗണ്യമായ കുറവും സവിശേഷ ശ്രദ്ധയാവശ്യപ്പെടുന്ന വിഷയമാണ്. ഹൈക്കോടതികളിലെ ന്യായാധിപ നിയമനത്തിലെ കാലതാമസം പരിഹരിക്കണമെന്ന ആവശ്യമുയര്‍ത്തി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹരജി കേള്‍ക്കവെ ഈ മാസം ആദ്യവാരത്തില്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് അറ്റോര്‍ണി ജനറലിനെ ഓര്‍മപ്പെടുത്തിയ കാര്യം ഇവിടെ പ്രസക്തമാണ്. നിങ്ങള്‍ വിയോജിപ്പുണ്ടാക്കുകയും നാമനിര്‍ദേശം തിരിച്ചയക്കുകയും ചെയ്യുകയാണെങ്കില്‍ ഞങ്ങള്‍ക്കത് വീണ്ടും അയക്കുകയോ നിങ്ങളുടെ ആക്ഷേപം കേള്‍ക്കുകയോ ചെയ്യാം. എന്നാല്‍ കൊളീജിയത്തിന്റെ ഒരു ശിപാര്‍ശക്ക് മേല്‍ നിങ്ങള്‍ അഞ്ച് മാസമായി പ്രതികരിക്കുന്നില്ലെങ്കില്‍ അത് ഉത്കണ്ഠയുണ്ടാക്കുന്ന സംഗതിയാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞത്.

ന്യായാധിപരെ ന്യായാധിപര്‍ തന്നെ നിശ്ചയിക്കുന്ന കൊളീജിയം സംവിധാനം അന്യൂനമല്ല. ഭരണഘടനാ ശില്‍പ്പികള്‍ അത്തരമൊരു സംവിധാനത്തെ മുന്നോട്ടു വെച്ചിട്ടില്ല. ഭരണഘടനാ വകുപ്പുകളിലെവിടെയും പറയാത്ത കൊളീജിയം സംവിധാനം 1993ല്‍ സുപ്രീം കോടതി വിധിയിലൂടെ ഉണ്ടായതാണ്. നീതിന്യായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന ലക്ഷ്യമായിരുന്നു അവ്വിധമൊരു നീക്കത്തിന് പ്രേരകം. അടിയന്തരാവസ്ഥക്കാലത്തുള്‍പ്പെടെ ഭരണകൂടം ജുഡീഷ്യറിയില്‍ നടത്തിയ കൈകടത്തലുകളായിരുന്നു ഭരണഘടനാ കോടതികളിലെ ന്യായാധിപ നിയമനം സുപ്രീം കോടതിയുടെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരണമെന്ന തീര്‍ച്ചയിലെത്തിച്ചത്.

പ്രസിഡന്റ് ചീഫ് ജസ്റ്റിസുമായി കൂടിയാലോചന നടത്തി ന്യായാധിപ നിയമനം നടത്തണം എന്നാണ് ഭരണഘടന വ്യക്തമാക്കുന്നത്. എന്നാല്‍ നിയമനത്തിന് ഇപ്പോഴും അംഗീകാരം നല്‍കേണ്ടത് രാഷ്ട്രപതിയാണെങ്കിലും മുഖ്യ ന്യായാധിപന്റെ സ്ഥാനത്ത് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഞ്ച് ന്യായാധിപരുടെ സംഘം നാമനിര്‍ദേശം നടത്തുന്ന സ്ഥിതിവിശേഷമുണ്ടായത് പരമോന്നത കോടതിയുടെ നിയമ വ്യാഖ്യാനത്തിലൂടെയാണ്. ഫലത്തില്‍ ചീഫ് ജസ്റ്റിസ് നേതൃത്വം നല്‍കുന്ന കൊളീജിയത്തിന്റേതായി അവസാന വാക്ക്. കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശത്തിന്റെ പുറത്ത് ശിപാര്‍ശ പുനഃപരിശോധിക്കാന്‍ രാഷ്ട്രപതിക്ക് കൊളീജിയത്തോട് ആവശ്യപ്പെടാം. പക്ഷേ, കൊളീജിയം വീണ്ടും ശിപാര്‍ശ മടക്കി അയച്ചാല്‍ അത് സ്വീകരിക്കാന്‍ രാഷ്ട്രപതി നിര്‍ബന്ധിതനാകും. കൊളീജിയം ശിപാര്‍ശക്ക് മേല്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാറാണ്. സര്‍ക്കാറിന്റെ ഉപദേശപ്രകാരം പ്രവര്‍ത്തിക്കുന്ന രാഷ്ട്രപതിക്ക് കൊളീജിയം ശിപാര്‍ശയില്‍ കേന്ദ്ര സര്‍ക്കാര്‍ തീര്‍പ്പുകല്‍പ്പിക്കാതെ ഒന്നും ചെയ്യാനാകില്ല.

കൊളീജിയം സംവിധാനത്തിന്റെ രൂപവത്കരണത്തിലേക്ക് നയിച്ച കോടതി വിധിയില്‍ കൊളീജിയം ശിപാര്‍ശകളില്‍ നിശ്ചിത കാലയളവിനുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണം എന്ന നിര്‍ദേശം മുന്നോട്ടു വെക്കാതെ പോയത് പഴുതായി മാറുകയായിരുന്നു. അങ്ങനെയാണ് തങ്ങളുടെ അഭീഷ്ടത്തിന് വിലങ്ങു തടിയാകുമെന്ന് കരുതുന്നവരെ കോടതി കാണിക്കാതിരിക്കാനുള്ള അവസരം ഭരണകൂടം ഉപയോഗപ്പെടുത്തിയത്. ഭരിക്കുന്നവരുടെ താത്പര്യ സംരക്ഷകരാകും എന്ന തോന്നലുള്ളവരുടെ കാര്യത്തില്‍ വളരെ വേഗം അനുമതി നല്‍കുകയും അതേസമയം കണ്ണിലെ കരടാകാനിടയുള്ളവരുടെ ശിപാര്‍ശയില്‍ തീര്‍പ്പുകല്‍പ്പിക്കാതിരിക്കുകയുമാണ് ചെയ്യുന്നത്. ഒന്നാം മോദി സര്‍ക്കാറിന്റെ കാലം മുതല്‍ എത്രയോ നീക്കങ്ങള്‍ ഭരണകൂടം ഈ രൂപത്തില്‍ നടത്തുകയുണ്ടായി. 2014ല്‍ പ്രഗത്ഭ അഭിഭാഷകന്‍ ഗോപാല്‍ സുബ്രമണ്യത്തിന്റെ സുപ്രീം കോടതിയിലേക്കുള്ള വരവിന് കേന്ദ്ര സര്‍ക്കാര്‍ തടയിട്ടത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. അന്ന് അദ്ദേഹത്തിന്റെ നാമനിര്‍ദേശം സ്വീകരിക്കപ്പെട്ടിരുന്നെങ്കില്‍ സീനിയോരിറ്റി മാനദണ്ഡ പ്രകാരം ഇതിനകം തന്നെ ചീഫ് ജസ്റ്റിസ് പദവിയിലെത്തേണ്ടതായിരുന്നു അദ്ദേഹം. അങ്ങനെ വന്നാല്‍ ഭരണഘടനാ മൂല്യങ്ങള്‍ കാറ്റില്‍ പറത്തിയ നിര്‍ണായക വിധികള്‍ പരമോന്നത നീതിപീഠം പുറപ്പെടുവിക്കാനുള്ള സാധ്യത കുറവായിരുന്നു. ഭരണഘടനാ പ്രതിബദ്ധതകൊണ്ടും നീതിബോധത്താലും വ്യക്തിമുദ്ര പതിപ്പിച്ച ഗോപാല്‍ സുബ്രമണ്യം ഉന്നത നീതിപീഠത്തിലെത്തിയാലുണ്ടാകുന്ന പുകിലുകളോര്‍ത്ത് തന്നെയാകും അദ്ദേഹത്തിന്റെ നാമനിര്‍ദേശം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാതിരുന്നത്. കൊളീജിയം ശിപാര്‍ശകളില്‍ യഥാസമയം തീരുമാനമെടുക്കാതെ വൈകിപ്പിക്കുന്നതിന് പിന്നില്‍ സീനിയോരിറ്റിയുടെ ഗുണം ന്യായാധിപര്‍ക്ക് ലഭിക്കാതെ പോകണം എന്ന ലക്ഷ്യവുമുണ്ടെന്ന് തന്നെ മനസ്സിലാക്കാം. അപ്പോള്‍ മാത്രമാണല്ലോ ഭരണകൂടം ആഗ്രഹിക്കുന്ന വഴിയില്‍ നീതിപീഠത്തെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വിജയത്തിലേക്കെത്തുന്നത്.

2020 മുതല്‍ ബോംബെ, അലഹബാദ് ഹൈക്കോടതികളിലെ ന്യായാധിപ നിയമനത്തിനുള്ള നിരവധി പേരുടെ കൊളീജിയം ശിപാര്‍ശകളാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന് മുമ്പില്‍ പരിഗണിക്കാതെ കിടക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 31 വരെ തീര്‍പ്പാക്കാത്ത 189 നാമനിര്‍ദേശങ്ങള്‍ ഉണ്ടെന്നറിയുമ്പോഴാണ് രാജ്യത്തെ വിവിധ ഹൈക്കോടതികള്‍ക്ക് നിയമ വ്യവഹാരങ്ങളില്‍ സമയോചിതം കാര്യക്ഷമമായി തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയാതെ പോകുന്നതിന്റെ കാരണം ബോധ്യമാകുന്നത്.
കൊളീജിയം ശിപാര്‍ശകളില്‍ ഇന്റലിജന്‍സ് ബ്യൂറോ അടക്കമുള്ള രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് ന്യായാധിപരെക്കുറിച്ച് വിവരം തേടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. നാമനിര്‍ദേശം ചെയ്യപ്പെട്ട ആളുടെ കരിയറിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറക്കാണ് തുടര്‍ നടപടികളെ കുറിച്ച് ഭരണകൂടം ആലോചിക്കുന്നത് തന്നെ. അന്വേഷണ ഏജന്‍സികള്‍ പലപ്പോഴും കൂടുതല്‍ സമയമെടുക്കുകയോ മനപ്പൂര്‍വം വൈകിപ്പിക്കുകയോ ചെയ്യാറുമുണ്ട്.

സുപ്രീം കോടതി കൊളീജിയത്തിന്റെ നാമനിര്‍ദേശം ലഭിച്ച ശേഷം കേന്ദ്ര സര്‍ക്കാറിന് തീരുമാനമെടുക്കുന്നതിന് കൃത്യമായ കാലപരിധി നിശ്ചയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭരണഘടനാ കോടതികളില്‍ വന്‍തോതില്‍ ഹരജികള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ അത് അനിവാര്യമാണ്. ഏറെക്കാലമായി ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഈ ആവശ്യത്തിന്‍മേല്‍ ഇപ്പോള്‍ സുപ്രീം കോടതിയില്‍ കേട്ടുകൊണ്ടിരിക്കുന്ന പൊതുതാത്പര്യ ഹരജിയുടെ പശ്ചാത്തലത്തില്‍ ആശാവഹമായ സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. വ്യവഹാരങ്ങള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് സുപ്രീം കോടതി മാര്‍ഗരേഖയുണ്ടാക്കി പ്രയോഗവത്കരിക്കുകയും വേണം. അങ്ങനെ സമയോചിതം ഹരജികളില്‍ തീര്‍പ്പുകല്‍പ്പിക്കാനായാല്‍ ഹരജികള്‍ കുന്നുകൂടുന്നത് ഒഴിവാക്കാം. ഒപ്പം അതിവേഗം നീതിയെന്ന സ്വപ്‌നത്തിലേക്ക് നമുക്ക് നടന്നടുക്കാനുമാകും.

അഡ്വ. അഷ്‌റഫ് തെച്യാട്