Connect with us

Kerala

പിണറായി ജനങ്ങളെ അറിയുന്ന നേതാവ്: ഒ രാജഗോപാല്‍

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണ മികവിനെ അംഗീകരിച്ചും ശബരിമല വിഷയത്തില്‍ യു ഡി എഫ് നിലപാടിനെ എതിര്‍ത്തും ബി ജെ പിയുടെ ഏക എം എല്‍ എ ഒ രാജഗോപാല്‍ രംഗത്ത്. പിണറായി വിജയന്‍ ജനങ്ങളുടെ ആവശ്യങ്ങളറിയുന്ന നേതാവാണെന്നും എല്‍ ഡി എഫ് സര്‍ക്കാര്‍ മുന്‍ യു ഡി എഫ് സര്‍ക്കാറിനെക്കാള്‍ മികച്ചതാണെന്നും രാജഗോപാല്‍ പറഞ്ഞു. കൈരളി ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് രാജഗോപാലിന്റെ വെളിപ്പെടുത്തല്‍. പിണറായി വിജയന്‍ സാധാരണക്കാരില്‍ നിന്ന് വളര്‍ന്നുവന്നിട്ടുള്ള ആളാണ്. അവരുടെയും നാടിന്റെയും ആവശ്യങ്ങളും അറിയുന്ന വ്യക്തിയാണെന്നും രാജഗോപാല്‍ പറഞ്ഞു.

യു ഡി എഫിന്റെ ശബരിമല കരട് സംസ്ഥാന സര്‍ക്കാറിനെതിരായ വടി മാത്രമാണ്. അത് ആത്മാര്‍ഥമായ സമീപനമല്ല. ശബരിമലയെക്കുറിച്ച് ഒരു സമീപനവും യു ഡി എഫിനില്ല. ശബരിമല പ്രശ്‌നത്തില്‍ യു ഡി എഫിന് ആത്മാര്‍ഥതയില്ലെന്ന് എന്‍ എസ് എസും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിശ്വാസവും മതവും രാഷ്ട്രീയത്തില്‍ വരാന്‍ പാടില്ല. വിശ്വാസകാര്യത്തില്‍ ജനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടാകണം. മറിച്ച് വികസനം മാത്രമാണ് തിരഞ്ഞെടുപ്പില്‍ വിഷയമാകേണ്ടതെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.