Connect with us

National

ഉത്തരാഖണ്ഡ് ദുരന്തം: തുരങ്കത്തിലെ 39 പേരെ രക്ഷിക്കാന്‍ തീവ്രയത്‌നം; മൊത്തം മരണം 18, കാണാമറയത്ത് 200 പേര്‍

Published

|

Last Updated

ഡെറാഡൂണ്‍ | ഉത്തരാഖണ്ഡില്‍ ചമോലി ജില്ലയില്‍ മഞ്ഞുമല അടര്‍ന്നുവീണുണ്ടായ ജലപ്രവാഹത്തില്‍ തുരങ്കത്തില്‍ കുടുങ്ങിയ 39 പേരെ രക്ഷിക്കാന്‍ കഴിഞ്ഞ രാത്രി തുടങ്ങിയ ബൃഹത് ഓപറേഷന്‍ പുരോഗമിക്കുന്നു. ചമോലിയിലെ തപോവനില്‍ 12 അടി ഉയരവും 15 അടി വീതിയുമുള്ള തുരങ്കത്തിലാണ് 39 പേര്‍ കുടുങ്ങിക്കിടക്കുന്നത്. എന്‍ ടി പി സി നിലയത്തിലെ ജീവനക്കാരാണ് ഇവര്‍.

രണ്ടര കിലോമീറ്റര്‍ ദൂരമുള്ള തുരങ്കത്തിന് ഒരു പ്രവേശന മാര്‍ഗമാണുള്ളത്. മാത്രമല്ല രണ്ടായി ഇത് പിരിയുന്നുമുണ്ട്. തൊഴിലാളികള്‍ എവിടെയാണ് കുടുങ്ങിക്കിടക്കുന്നത് എന്നോ ഇവരെല്ലാം ഒരുമിച്ചാണോ എന്നതും വ്യക്തമല്ല. 34 പേര്‍ ഒരിടത്തും അഞ്ച് പേര്‍ മറ്റൊരിടത്തുമാണ് ഉള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കുടുങ്ങിക്കിടക്കുന്നവരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.

അതേസമയം, മരണപ്പെട്ടവരുടെ എണ്ണം 18 ആയി. ഇനി 200ലേറെ പേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം. പരിശോധനകള്‍ പുരോഗമിക്കുകയാണ്.  ഇതുവരെ 15 പേരെ മറ്റൊരു തുരങ്കത്തില്‍ നിന്ന് രക്ഷിച്ചതായും ചമോലി പോലീസ് ട്വീറ്റ് ചെയ്തു. അതിനിടെ പരിശോധനക്കായി സഹായം വാഗ്ദാനം ചെയ്ത് യു എന്‍ രംഗത്തെത്തി. ദുരന്തത്തില്‍ യു എന്‍ സെക്രട്ടറി ജനറല്‍ അനുശോചിച്ചു.

13 ഗ്രാമങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇന്ന് രാവിലെ ഏഴുമണി മുതല്‍ രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചതോടെയാണ് ഏഴ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മണ്ണിനടിയില്‍പെട്ടവരെ കണ്ടെത്തുന്നതിനുളള അത്യാധുനിക സംവിധാനങ്ങളും പ്രത്യേകം പരിശീലനം ലഭിച്ചവരെയും സംഭവസ്ഥലത്തെത്തിച്ചിട്ടുണ്ട്. അളകനന്ദ നദിയിലെയും ധൗലിഗംഗയിലെയും ജലനിരപ്പ് ഉയര്‍ന്നതും ദുര്‍ഘടമായ കാലാവസ്ഥയും കഴിഞ്ഞിദിവസം രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

13.2 മെഗാവാട്ട് വൈദ്യുതി ദിവസേന ഉത്പ്പാദിപ്പിച്ചിരുന്ന ഋഷിംഗഗ വൈദ്യുത പദ്ധതി പൂര്‍ണമായും നശിച്ചു. മുപ്പത്തിയഞ്ചോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതില്‍ അഞ്ച് പേര്‍ സുരക്ഷിതരാണ്. തപോവനില്‍ എന്‍ ടി പി സിയുടെ നിര്‍മാണം നടന്നുവരുന്ന ജലവൈദ്യുത പദ്ധതി പ്രദേശത്ത് നിരവധി തൊഴിലാളികളുണ്ട്. രണ്ട് ടണലുകളാണ് തപോവന്‍ പദ്ധതിക്കുള്ളത്. ഇതില്‍ ചെറിയ ടണലിലെ ആളുകളെ മുഴുവന്‍ രക്ഷിക്കാന്‍ സാധിച്ചു.

2013-ല്‍ ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടന പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ പേമാരിയിലും മണ്ണിടിച്ചിലിലും ആറായിരത്തോളം പേര്‍ മരണമടഞ്ഞിരുന്നു. ചമോലി ജില്ലയില്‍ തപോവന്‍ പ്രദേശത്തെ റെയ്നി ഗ്രാമത്തില്‍ ഇന്നലെ രാവിലെ 10.45- നായിരുന്നു ദുരന്തം.