ശബരിമലയെന്ന് കേള്‍ക്കുമ്പഴേ സിപിഎമ്മിന് ഭയം; വിശ്വാസം തകര്‍ക്കാന്‍ അനുവദിക്കില്ല: രമേശ് ചെന്നിത്തല

Posted on: February 7, 2021 7:23 pm | Last updated: February 7, 2021 at 11:29 pm

പാലക്കാട് | ശബരിമല എന്ന് കേള്‍ക്കുമ്പോള്‍ തന്നെ സിപിഎമ്മിന് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തില്‍ യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പം നിലനില്‍ക്കുമെന്നും ചെന്നിത്തല പറഞ്ഞു.

വിശ്വാസം തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും അനുവദിക്കില്ല. ശബരിമല വിഷയത്തില്‍ നിലപാട് തെറ്റിപോയെന്ന് പറയാനുള്ള ആര്‍ജ്ജവം പിണറായി കാണിക്കണം. പരസ്യമായി നിലപാടിനെ കുറിച്ച് മാപ്പ് ചോദിച്ചാല്‍ സിപിഎമ്മിനെ അംഗീകരിക്കാം. സത്യവാങ്മൂലം മാറ്റാന്‍ തയ്യാറുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.

കേരളത്തില്‍ ഇടത് മുന്നണി അനധികൃത നിയമനങ്ങള്‍ നടത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ചട്ടങ്ങള്‍ മറികടന്ന് നല്‍കുന്ന ജോലികള്‍ ചെറുപ്പക്കാരോടുള്ള വഞ്ചനയാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അനധികൃത നിയമനങ്ങള്‍ പുന പരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞു