പാലായില്‍ തന്നെ മത്സരിക്കും; താരീഖ് അന്‍വറുമായി ചര്‍ച്ച നടത്തിയിട്ടില്ല: മാണി സി കാപ്പന്‍

Posted on: February 7, 2021 9:43 am | Last updated: February 7, 2021 at 12:46 pm

കോട്ടയം | പാലായില്‍ തന്നെ മത്സരിക്കുമെന്ന് വ്യക്തമാക്കി എന്‍ സി പി നേതാവ് മാണി സി കാപ്പന്‍. പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും ഇതിനു ശേഷമാണ് തീരുമാനമെന്നും കാപ്പന്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു. പാലായില്‍ നിന്ന് ഒഴിയണമെന്ന് തന്നോട് ഇതുവരെ ആരും പറഞ്ഞിട്ടില്ല. എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍ സി പിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. എന്‍ സി പിയുമായി ബന്ധപ്പെട്ടു വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. എന്‍ സി പിക്ക് പാലാ സീറ്റ് കിട്ടില്ലെന്ന് ആരും പറഞ്ഞിട്ടില്ല.

പാലാ സീറ്റില്‍ വിട്ടുവീഴ്ചയില്ലെന്ന് ടി പി പീതാംബരനും പ്രതികരിച്ചു. പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. കാപ്പന്‍ പാര്‍ട്ടി വിട്ടുപോവില്ല. ഇപ്പോള്‍ വരുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്നും പീതാംബരന്‍ കൂട്ടിച്ചേര്‍ത്തു.