ഹാഗിയ സോഫിയ: ചാണ്ടി ഉമ്മനെതിരെ കെ സി ബി സി, ഒടുവിൽ മാപ്പ്

Posted on: February 5, 2021 8:17 pm | Last updated: February 5, 2021 at 8:18 pm

കൊച്ചി | ഹാഗിയ സോഫിയ വിഷയത്തിൽ ക്രൈസ്തവ സഭകളുടെ നിലപാടിനെതിരെ സംസാരിച്ച ചാണ്ടി ഉമ്മനെതിരെ കെ സി ബി സി രം​ഗത്തെത്തി. ഇതോടെ മാപ്പ് പറഞ്ഞ് ചാണ്ടി ഉമ്മനും. പൊതുപരിപാടിയിൽ ഹാഗിയ സോഫിയ അടക്കമുള്ള വിഷയങ്ങളിൽ ചാണ്ടി ഉമ്മൻ സംസാരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

സ്പെയിനിൽ ധാരാളം ചർച്ചുകൾ ഡാൻസ് ബാറുകളായിട്ടുണ്ടെന്നും ഇതിലൊന്നും പ്രശ്നം കാണാത്തവരാണ് അന്യനാട്ടിലെ ഹാഗിയ സോഫിയ കത്ത്രീഡലിനെ ചൊല്ലി വിവാദമുണ്ടാക്കുന്നതെന്നും അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഹലാൽ വിഷയവും അദ്ദേഹം ഉയർത്തിയിരുന്നു.

എന്നാൽ ചാണ്ടി ഉമ്മൻ്റെ പ്രസംഗം ക്രൈസ്തവ സമൂഹത്തിന് വേദന നൽകുന്നതാണെന്നും ചരിത്രം അറിയാൻ യുവ നേതാക്കൾ ശ്രമിക്കണമെന്നും കെ സി ബി സി പ്രസ്താവനയിൽ പറഞ്ഞു. തുർക്കി ഭരണാധികാരിയുടെ ചരിത്ര അഹേളനം വെള്ളപൂശാൻ ശ്രമിക്കുകയാണ് ചാണ്ടി ഉമ്മൻ. ഇതിൻ്റെ ലക്ഷ്യം വ്യക്തമാക്കണമെന്നും കെ സി ബി സിയുടെ വാർത്താ കുറിപ്പിൽ പറയുന്നു.

അതേസമയം, കെ സി ബി സിയുടെ പ്രസ്താവന പുറത്തുവന്ന് നിമിഷങ്ങൾക്കകം വിവാദ പ്രസംഗത്തിൽ ചാണ്ടി ഉമ്മൻ മാപ്പ് പറഞ്ഞു. ഹാഗിയ സോഫിയ പരാമർശിച്ചത് തെറ്റിദ്ധാരണ പരത്തിയെന്നും ഒരു മതസമൂഹത്തെ അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനാണ് ചാണ്ടി ഉമ്മൻ.