Kerala
രാജു നാരായണ സ്വാമിയെ വീണ്ടും നിയമിച്ച് സർക്കാർ

തിരുവനന്തപുരം | രാജു നാരായണ സ്വാമി ഐ എ എസിന് നിയമനം നൽകി സർക്കാർ. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമനം. പാര്‍ലമെന്ററികാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് നിയമനം. ഏറെ നാളായി സര്‍വീസില്‍ നിന്ന് മാറി നിൽക്കുകയായിരുന്നു അദ്ദേഹം.
നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് 2019 മാര്‍ച്ചില്‍ രാജുനാരായണ സ്വാമിയെ കേന്ദ്ര സര്‍ക്കാര്‍ നീക്കിയിരുന്നു. ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ചതായും സേവനത്തില്‍ നിന്ന് വിടുതല്‍ നല്‍കിയെന്നും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും മാറ്റിയ നടപടിക്കെതിരെ കോടതിയിലും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലും രാജുനാരായണ സ്വാമി പരാതികള്‍ നല്‍കി.
ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒരുവര്‍ഷമായി ഇദ്ദേഹം സംസ്ഥാന സര്‍വീസില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നില്ല. ഇപ്പോള്‍ കോടതി ഉത്തരവ് വരികയും കേസുകള്‍ അവസാനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിയമനം.