തറവാട്ടമ്മയല്ല മലയാളം

Posted on: February 2, 2021 12:03 pm | Last updated: February 2, 2021 at 12:04 pm
സോമൻ കടലൂർ

മലയാളിയുടെ ഗൃഹാതുരമായ ഭാവനാ ലോകങ്ങളിൽ അമ്മയാണ് മലയാളം. അമ്മമലയാളം എന്ന രൂപകം വളരെ പ്രചാരം നേടിയ ഒരു ഭാഷാബിംബമാണ്. കൊളോണിയൽ ആധിപത്യത്തിന്റെ കാലത്ത് മാതൃഭാഷയും തനതു സംസ്കാരവും നേരിട്ട ക്ഷതങ്ങളാണ് മാതൃഭാവത്തിന്റെ ഭാരതീയ സങ്കൽപ്പങ്ങൾ ചേർത്ത് സ്വന്തം ഭാഷയെ തിരിച്ചുപിടിക്കാനുള്ള വൈകാരിക ശ്രമങ്ങളിലേക്ക് നയിച്ചത്. ഗാന്ധിജിയാണ് ആദ്യമായി മാതൃഭാഷയെ അമ്മയായി സങ്കൽപ്പിച്ചു പോന്നത്. “മാതൃഭാഷയെ അവഗണിക്കുന്നത് അമ്മയെ അവഗണിക്കുന്നത് പോലെയാണെ’ ന്നു അദ്ദേഹം പറയുകയുണ്ടായി. പിന്നീട്‌ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി മലയാളത്തിൽ വള്ളത്തോൾ സജീവമായ ഒരു കാവ്യബിംബത്തെ നിർമിച്ചെടുക്കുകയായിരുന്നു. “മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ / മർത്യന്നു പെറ്റമ്മ തൻ ഭാഷതാൻ’, “മാതാവിൻ വാത്സല്യ ദുഗ്ധം നുകർന്നാലെ പൈതങ്ങൾ പൂർണ വളർച്ച നേടൂ /അമ്മതാൻ തന്നെ പകർന്നു തരുമ്പോഴെ / നമ്മൾക്കമൃതുമമൃത തായി തോന്നു ‘ ( എന്റെ ഭാഷ ) “അമ്മിഞ്ഞ പാലോലും ചോരിവ കൊണ്ടാദ്യം അമ്മയെതന്നെ വിളിച്ച കുഞ്ഞേ / മറ്റൊരു മാതാവു കൂടിയുണ്ടെൻ മകനുറ്റ വാത്സല്യത്തോടോമനിപ്പാൻ’. “ഈയമ്മനാൾ തോറും ലാളിച്ചു നിന്മണി / വായിലൊ ഴുക്കുന്നു പാലും തേനും / ആ നിജ ഭാഷയാമമ്മയൊ , മാധുര്യ / മാർന്ന സൂക്തങ്ങളെത്തുകീടുന്നു’, “എന്നുടെ ഭാഷ താനെൻ തറവാട്ടമ്മ/ യന്യയാം ഭാഷ വിരുന്നുകാരി’ ( തറവാട്ടമ്മ ) എന്നിങ്ങനെ മാതൃത്വത്തിന്റെ മഹനീയ മാതൃകകളിലേക്ക് ഭാഷയെ ആവാഹിച്ചുവെച്ചു. പാർവതി, ഗാന്ധാരി, സീത തുടങ്ങിയ അമ്മമാർ ഭാരതീയ മാതൃബിംബങ്ങളുടെ പ്രതീകങ്ങളായി ഉള്ളൂർ “ചിത്രശാല’യിൽ അവതരിപ്പിച്ചു. ഭാരതീയ സംസ്കാരത്തിൽ ഉണ്ടെന്നു അവകാശപ്പെടുന്ന ഈ മാതൃബിംബങ്ങളോടുള്ള അഭിനിവേശം ഒരു വൈകാരിക ഭാവമായി പൊലിപ്പിച്ചെടുത്ത് മാതൃഭാഷയെ അതിന്റെ ആംഗലേയാധിപത്യത്തിൽ നിന്നും വിമോചിപ്പിച്ച് എടുക്കുകയായിരുന്നു ദേശീയ പ്രസ്ഥാനത്തിന്റെ അടിയന്തരമായ കർത്തവ്യം.

കാലമേറെ കഴിഞ്ഞപ്പോൾ എല്ലാതരം ഉദാത്തതാ സങ്കൽപ്പങ്ങളും തിരസ്കരിക്കപ്പെട്ടു. മൂല്യനിരാസം പുതിയ തരം മൂല്യമായി മാറി. വിലപ്പെട്ടത്‌ എന്ന് തോന്നിയ പലതും ഉപേക്ഷിക്കപ്പെട്ടു. മനുഷ്യ ബന്ധങ്ങളുടെയും കുടുംബബന്ധങ്ങളുടെയും വൈകാരികത ചോർന്നു. അമ്മയെന്ന ഉദാത്ത ബിംബ കൽപ്പന ശിഥിലമായി. ഉപഭോഗ സംസ്കാരത്തിന്റെ പ്രവാഹത്തിൽ ഉപയോഗശൂന്യമായതിനെ ഉപേക്ഷിക്കുക എന്ന നിലയായി. പ്രയോജനം എന്നത് ധനസമ്പാദനം മാത്രമായി. ഉപയോഗമില്ലാത്ത സാഹിത്യം, മാനവികത, സഹാനുഭൂതി, വ്യക്തിബന്ധങ്ങൾ, കുടുംബബന്ധങ്ങൾ, എല്ലാം മുടക്കച്ചരക്കായി എണ്ണപ്പെട്ടുപോന്നു. ഉപയോഗം മാത്രമുള്ള വിദ്യാഭ്യാസം, ഉപയോഗം മാത്രമുള്ള ധനബന്ധങ്ങൾ, ഉപയോഗം മാത്രമുള്ള ആദ്ധ്യാത്മികത എന്നിവ മാത്രം ആഘോഷിക്കപ്പെടുന്നവരായി മലയാളികൾ മാറി. അങ്ങനെ വൈലോപ്പിള്ളി പറഞ്ഞതു പോലെ മലയാളികൾ കായിൻ പേരിൽ പൂമതിക്കുവോരായിത്തീർന്നു. ഇവിടെ വൃദ്ധത്വം നിരാലംബമായ ജീവിതാവസ്ഥയായി. പ്രായം വന്നവർ അധികപ്പറ്റായി. അമ്മയും അച്ഛനും തെരുവിലും ചായിപ്പിലും അനാഥാലയങ്ങളിലും അമ്പല നടകളിലും ഉപേക്ഷിക്കപ്പെട്ടു.
സോമൻ കടലൂരിന്റെ അമ്മ എന്ന കവിത മലയാളി എത്തിപ്പെട്ട ധാർമിക നിരാസത്തിന്റെ ഇത്തരമൊരു സന്ദർഭത്തിൽ സജീവമായി ഇടപെടുന്ന കവിതയാണ്. നാം കാണുന്നത് മക്കൾ വലിച്ചെറിഞ്ഞ വൃദ്ധ മാതാവിനെയാണ്. അമ്മയോടൊപ്പം ഉപേക്ഷിച്ച മാതൃഭാഷയെയാണ്. അപ്പോഴും അമ്മയെയും ഭാഷയെയും ഒന്നായി തന്നെയാണ് സങ്കൽപ്പിച്ചു പോരുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ കാലത്ത് വികസിപ്പിച്ചെടുത്ത ശ്രേഷ്ഠ മാതാവിനെയും ശ്രേഷ്ഠ മാതൃഭാഷയെയും ഇവിടെ കാണുന്നില്ല. മറിച്ച് ഉദാത്ത ഭാവങ്ങളെല്ലാം ഉപേക്ഷിച്ച് ഭാഷയോടൊപ്പം മാതാവിനെക്കൂടി തിരസ്കരിക്കുന്ന നിരാലംബമാക്കപ്പെട്ട ഭാഷാ മാതൃ സങ്കൽപ്പങ്ങളെയാണ് നാം ഇവിടെ കാണുന്നതെന്നു മാത്രം. കവിത മുഴുവനായും ഇവിടെ കൊടുക്കുന്നു

ALSO READ  വീണ പൂവല്ല വീഴാത്ത പൂവ്

വിറച്ച്
വിതുമ്പി
വീട്ടാലയിൽ
‘ചത്താമതി’യെന്നു പ്രാകി
ചായിപ്പിൽ
വേദന കടിച്ചമർത്തി .
പൊന്തക്കാട്ടിൽ
ഇനി പോകാനിടമില്ലെന്നു കരഞ്ഞു
ചില അമ്മമാർ
ബസ്റ്റോപ്പിൽ

ഇന്നുമൊരു വൃദ്ധയെ
വഴിവക്കിൽ തള്ളി
മക്കൾ കടന്നുകളഞ്ഞു
ഓർമ നഷ്‌ടമായ
ആയമ്മ
ഓടിക്കൂടിയവരോടു
സ്വന്തം പേര് മാത്രം ആവർത്തിച്ചു ;
മലയാളം
മലയാളം.

തിരസ്കരിക്കപ്പെട്ട മാതൃഭാഷയെ തിരസ്കരിക്കപ്പെട്ട മാതാവായി സങ്കൽപ്പിക്കുന്ന കവിതകൾ വേറെയും ഉണ്ട്. വി മധുസൂദനൻ നായരുടെ അമ്മയുടെ എഴുത്തുകൾ, കുരീപ്പുഴയുടെ അമ്മ മലയാളം എന്നീ കവിതകൾ കൈകാര്യം ചെയ്യുന്ന പ്രമേയം ഇതേ മട്ടിലുള്ളതുതന്നെ.
” കാൽ പെട്ടിയിൽ വെച്ച് താഴിട്ട് / പിന്നിലെ ച്ചായ്പ്പിലൊളിച്ചാൽ / അറിയില്ല കുട്ടികൾ ‘ (വി മധുസൂദനൻ നായർ ) “അമ്മ മലയാളം / ജന്മ മലയാളം / അന്യമായ് പോകുന്ന / ജീവ മലയാളം ‘ ( കുരീപ്പുഴ)
പക്ഷേ, സോമൻ കലൂരിന്റെ കവിതകൾ ഇതിൽ നിന്നും വേറിട്ടു നിൽക്കുന്നു.

വിറച്ച് വിതുമ്പി വിട്ടാലയിൽ / ചത്താ മതിയെന്നു പ്രാകി പൊന്തക്കാട്ടിൽ. ഭാഷയുടെയും മാതാവിന്റെയും ദുർഗതി കവി ചിത്രീകരിക്കുന്നു . ഭാഷയുടെയും മാതാവിന്റെയും ഉദാത്ത ഭാവത്തെ വിപരീതാർഥത്തിലാണ് സോമൻ ഉപയോഗിച്ചിരിക്കുന്നത്. അമ്മയെ അമ്പല നടയിൽ ഉപേക്ഷിക്കുന്ന നിത്യമായ അനുഭവത്തെ സോമൻ മറ്റൊരു കവിതയിലും ആഖ്യാനം ചെയ്യുന്നുണ്ട്. നോക്കൂ

ഗുരുവായൂരമ്പലനടയിൽ
ഒരു ദിവസം ഞാൻ പോകും
ഗോപുരനടയിലിറങ്ങും
ഗോമതിയമ്മയെ തള്ളും
ഭാര്യാ സമേതനായി മടങ്ങും ( തീർത്ഥാടനം)

ഇവിടെ അമ്മയാണ് ഉപേക്ഷിക്കപ്പെടുന്നതെങ്കിൽ അമ്മ എന്ന കവിതയിൽ അത് ഭാഷ തന്നെയാണ്. ഭാഷയുടെ നഷ്ടമാണ് യഥാർഥത്തിൽ അമ്മയുടെ നഷ്ടം. എല്ലാ ബന്ധങ്ങളെയും നിർമിക്കുന്നത് ഭാഷയാണല്ലോ? ഭാഷ എന്നത് പ്രതിനിധാനമല്ല പ്രവർത്തനം തന്നെയാണ്. ഉൺമയുടെ പാർപ്പിടമാണ് ഭാഷ എന്ന് ഹൈഡഗർ പറയുന്നത് അതുകൊണ്ടാണ്. (Language is the House of being)

മക്കളാൽ ഉപേക്ഷിക്കപ്പെട്ട ഭാഷ മലയാളം മലയാളം എന്ന് തന്റെ പേരുച്ചരിക്കുന്ന സന്ദർഭത്തിൽ തിരസ്കരിക്കപ്പെട്ട ഭാഷയുടെ വേദന കവിതയിൽ നന്നായി സാന്ദ്രീഭവിച്ചു നിൽക്കുന്നു. വ്യാഖ്യാനങ്ങളെ ചെറുത്തു നിൽക്കുന്നതാണ് സോമൻ കടലൂരിന്റെ കവിതകൾ. എതോ നിലയിൽ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കവിതകളാണവ. അതുകൊണ്ടു തന്നെ ഇവിടെ വ്യാഖ്യാനം ഒരു വിഫല വൃത്തിയായിത്തീരുന്നു. കവിതയുടെ ശക്തിയും സൗന്ദര്യവും ഇടപെടൽ ശേഷിയും വ്യാഖ്യാനത്താൽ പരിമിതപ്പെടുന്നതുപോലെ.