Connect with us

Articles

ക്ഷേമമേയില്ല ഈ ബജറ്റില്‍

Published

|

Last Updated

രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണെന്ന വസ്തുത കൊവിഡ് പ്രതിസന്ധി രൂക്ഷമാകും വരെ സമ്മതിക്കാതെ നില്‍ക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. നിര്‍മ്മാണ മേഖലയിലും ചെറുകിട സംരംഭങ്ങളിലും ഗ്രാമീണ രംഗങ്ങളിലും വ്യാപകമായിരുന്ന സാമ്പത്തിക മ്ലാനത സംബന്ധിച്ച വിമര്‍ശനങ്ങള്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കന്മാര്‍ നിരന്തരം ഉയര്‍ത്തിയിട്ടും സര്‍ക്കാര്‍ അങ്ങനെയൊന്ന് അംഗീകരിച്ചിരുന്നില്ല. എന്നാല്‍ കൊവിഡ് കാലത്ത് ലോകം മുഴുവന്‍ പ്രതിസന്ധിയിലായ തക്കം നോക്കി രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന കാര്യം സര്‍ക്കാരും തുറന്നു സമ്മതിച്ചു.

കൊവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ആദ്യ ബജറ്റായതിനാല്‍ തന്നെ ഒരു ക്ഷേമ ബജറ്റ് ജനങ്ങള്‍ പ്രതീക്ഷിക്കുക സ്വാഭാവികമാണ്. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള സാമര്‍ഥ്യമൊന്നും നിര്‍മ്മല സീതാരാമനോ നരേന്ദ്ര മോഡി സര്‍ക്കാരിനോ ഇല്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായ സ്ഥിതിക്ക് താഴെത്തട്ടില്‍ പണമെത്തിക്കുന്ന ഒരു ശരാശരി ബജറ്റെങ്കിലും വേണമായിരുന്നു. എന്നാല്‍ പരിപൂര്‍ണ്ണ നിരാശയാണ് ഇക്കുറിയും നിര്‍മ്മല സീതാരാമന്റെ ബജറ്റ് സമ്മാനിച്ചത്. ആകെയുള്ള സമാധാനം 110 മിനുട്ടില്‍ ബജറ്റ് പ്രസംഗം അവസാനിച്ചു എന്നതാണ്.

പ്രത്യക്ഷത്തില്‍ കാര്‍ഷിക മേഖലയെ വല്ലാതെ പരിഗണിച്ചെന്നു തോന്നുന്ന ബജറ്റാണ് ഇത്. അങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചിരുന്നതാണ് താനും. കര്‍ഷക സമരങ്ങള്‍ സര്‍ക്കാരിനെ എത്രത്തോളം പിടിച്ചുലച്ചു എന്ന് കൃത്യമായി മനസ്സിലാക്കുന്നതാണ് ധനമന്ത്രിയുടെ കാര്‍ഷിക മേഖലക്കുള്ള പ്രഖ്യാപനങ്ങള്‍. താങ്ങുവില ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തിന് പുറമെ പ്രധാന വിളകളുടെ കര്‍ഷകര്‍ക് മുമ്പത്തേതിനേക്കാള്‍ നല്ലൊരു മടങ്ങ് തുക നീക്കി വെക്കുകയും ചെയ്തിട്ടുണ്ട്. APMCകള്‍ നവീകരിക്കുമെന്ന് കേന്ദ്ര ബജറ്റ് വാഗ്ദാനം നല്‍കുമ്പോള്‍ ഇപ്പോള്‍ കൊണ്ടുവന്ന കാര്‍ഷിക ബില് വൈരുധ്യമായി മാറുകയാണ് എന്നതാണ് രസകരമായ കാര്യം. വിപണനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വലിയ ആശയക്കുഴപ്പത്തിലായിരിക്കുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്.

മോദി സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട കര്‍ഷക ക്ഷേമ പാക്കേജായി കണക്കാക്കിയിരുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ യോജനക്ക് കഴിഞ്ഞ ബജറ്റില്‍ നീക്കി വെച്ചതിനേക്കാള്‍ പതിനായിരം കോടി കുറച്ച് അറുപത്തിഅയ്യായിരം കോടി രൂപയേ ഇത്തവണയുള്ളൂ. കഴിഞ്ഞ തവണ തന്നെ നീക്കിവെച്ച തുക ചെലവാകുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടിരുന്നു.

അതേസമയം അടിസ്ഥാന വികസന മേഖലയില്‍ ധനമന്ത്രി എടുത്തുപറഞ്ഞ പ്രവിശ്യകളില്‍ എല്ലാം അടുത്തുതന്നെ തെരെഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങളാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേന്ദ്ര സര്‍ക്കാരിന്റെ കണ്ണ് തെരെഞ്ഞടുപ്പിലാണെന്ന് വ്യക്തമാണ്. ഇക്കൂട്ടത്തില്‍ കേരളത്തിന് ആറുപത്തയ്യായിരം കോടി രൂപയാണ് നീക്കിവെക്കുന്നത്. ദേശീയ പാത 544 മണ്ണുത്തി- വടക്കാഞ്ചേരി റോഡുകളുടെയും കുതിരാനിലെ ഇരട്ട തുരങ്കങ്ങളുടെയും നിര്‍മ്മാണം തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഈ സര്‍ക്കാരും എന്‍ എച് ഐ എയും ഇപ്പോള്‍ റോഡ് വികസനത്തിന്റെ പേരില്‍ പറയുന്ന ഈ പ്രഖ്യാപനങ്ങള്‍ വിശ്വസിക്കാന്‍ കൊള്ളില്ല. തമിഴ്നാട്ടിലും, കേരളത്തിലും, പശ്ചിമ ബംഗാളിലും അസമിലും അടിസ്ഥാന സൗകര്യ വികസനത്തിന്, പ്രത്യേകിച്ച് റോഡ് വികസനത്തിന് ഭീമമായ തുക പ്രഖ്യാപിക്കുമ്പോള്‍ നിര്‍മ്മല സീതാരാമന്റെ മുഖത്തുണ്ടായിരുന്നത് ഒരു കള്ളച്ചിരി ആയിരുന്നില്ലേ?

വിദ്യഭ്യാസ മേഖലയിലാകട്ടെ ധൈഷണികമായ ഒരു വീക്ഷണം തന്നെ ഉണ്ടായിട്ടില്ല. ഉന്നത വിദ്യഭ്യാസ കമ്മീഷന്‍ ഉണ്ടാകുമെന്നത് വിദ്യഭ്യാസ മേഖലയില്‍ അപടകരമായ ഏകശിലാത്മക വത്കരണത്തിനാണ്. അതുപോലെ ദേശീയ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംബന്ധിച്ച് ഇത്തവണയും പ്രഖ്യാപനം കണ്ടു. എന്നാല്‍, ഇതും സങ്കുചിത ദേശീയതയുടെ പ്രചരണത്തിന് വേണ്ടി ഉണ്ടാക്കുന്നതാണെന്ന വിമര്‍ശനങ്ങള്‍ കനക്കുകയാണ്.

സ്‌കൂള്‍ മേഖലയില്‍ 15000 പുതിയ സ്‌കൂളുകള്‍ വരുമെന്ന് പറഞ്ഞു. എന്നാല്‍, ഈ സ്‌കൂളുകള്‍ എന്‍ ജി ഒകളുടെ സഹായത്തോടെ വരുമെന്നാണ് പറയുന്നത്. കേള്‍ക്കാന്‍ രസമുണ്ടെങ്കിലും ഇതിന് പിന്നിലെ ഒളിയജണ്ട ഭീകരമാണ്. ആര്‍ എസ് എസിന്റെ എന്‍ ജി ഒകളാണ് ഈ പറയുന്ന സംഘടനകള്‍. പാഠപുസ്തക പരിഷ്‌ക്കരണം അടക്കമുള്ള ഗൗരവമായ വിഷയത്തില്‍ പോലും സംഘപരിവാര്‍ സംഘടനയായ ഭാരതീയ ശിക്ഷണ്‍ മണ്ഡലിനെ സര്‍ക്കാര്‍ കൂടെക്കൂട്ടിയിട്ടുണ്ട്. ഭാഷാ അധ്യാപകരെ നിയമിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണ്ണമായും പിന്‍വാങ്ങിയിരിക്കുന്നു. ഇത് പ്രാദേശിക ഭാഷകളുടെയും ഭാഷാ ന്യൂനപക്ഷങ്ങളുടെയും പ്രചാരത്തിനും നിലനില്‍പ്പിനും വലിയ രീതിയില്‍ വിഘാതമാകും.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇക്കുറി വിദ്യഭ്യാസ പദ്ധതികള്‍ക്ക് പ്രത്യേക പദ്ധതികള്‍ ഇല്ല. കഴിഞ്ഞ തവണ 310 കോടി ഉണ്ടായിരുന്ന മേഖലയിലാണ് ഇത്തവണ ഒന്നുമില്ലാത്തത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ നൂറ് കോടിയോളം രൂപ കുറവാണ് ന്യൂനപക്ഷങ്ങളുടെ വിദ്യഭ്യാസ ശാക്തീകരണത്തിനുള്ളത്. മൗലാനാ ആസാദ് നാഷണല്‍ ഫെലോഷിപ്പ് അടക്കമുള്ള ന്യൂനപക്ഷ ഫെല്ലോഷിപ്പുകളും പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പുകളുമെല്ലാം വെട്ടിക്കുറച്ചു. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കുള്ള നാഷണല്‍ ഫെല്ലോഷിപ് ഫോര്‍ എസ ടി, നാഷണല്‍ ഫെല്ലോഷിപ്പ് ഫോര്‍ ഓ ബി സി തുടങ്ങിയ ഫെല്ലോഷിപ്പുകള്‍ക്ക് ഇത്തവണ ഒന്നും തന്നെ നീക്കിവെച്ചിട്ടില്ല. ന്യൂന പക്ഷ വിഭാഗങ്ങളുടെയും ദളിത് ആദിവാസി വിഭാഗങ്ങളുടെയും ഉന്നത വിദ്യാഭ്യാസ അവസരങ്ങളെ തകര്‍ക്കാനുള്ള സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുന്നതാണോ ഈ ബജറ്റ്?

സ്ത്രീശാക്തീകരണത്തില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുയാണെന്ന് വ്യക്തമാകുന്നതാണ് ബജറ്റിലെ വിവരങ്ങള്‍. കഴിഞ്ഞ തവണ മുപ്പതിനായിരം കോടി രൂപയാണ് ഈ മേഖലയില്‍ നീക്കി വെച്ചതെങ്കില്‍ പതിനായിരം കോടിയോളം രൂപ സര്‍ക്കാര്‍ ചെലവാക്കിയില്ല. നിര്‍ഭയ പദ്ധതിയും ബേട്ടി പഠാവോ ബേട്ടി ബചാവോ പദ്ധതിയുമെല്ലാം പേരിലും പരസ്യത്തിലും ഒതുങ്ങിയെന്ന വിമര്ശങ്ങളുണ്ടായിരുന്നല്ലോ. ഇത്തവണ നീക്കിയിരിപ്പ് തന്നെ ഇരുപതിനാലായിരം കോടിയാണ്. അതില്‍ത്തന്നെ പ്രത്യേക ശ്രദ്ധയൂന്നേണ്ട അംഗനവാടി, കൗമാരക്കാരായ പെണ്‍കുട്ടികളുടെ പോഷണം, ഗര്‍ഭിണികളുടെ ക്ഷേമം, നവജാത ശിശുക്കളുടെ സൗഖ്യം, വിധവാ ക്ഷേമം എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ഒരുമിച്ചുകൂട്ടി മൂന്നോ നാലോ പദ്ധതികളുടെ കുടക്കീഴില്‍ കൊണ്ടുവന്നിരിക്കുകയാണ് കേന്ദ്രം. ഈ മന്ത്രാലയം കൊണ്ടുനടക്കുന്നതില്‍ സ്മൃതി ഇറാനി പരാജയമാണെന്ന് നേരത്തേ ആരോപണമുണ്ട്. അങ്ങനെയൊരു മുറുമുറുപ്പ് ബി ജെ പിക്കകത്തുമുണ്ട്. എന്നാല്‍, ധന മന്ത്രി ഒരു സ്ത്രീയായിരുന്നിട്ട് പോലും ബജറ്റില്‍ സ്ത്രീ ശാക്തീകരണം ഒരു വലിയ വിഷയമാകാതെ പോകുന്നത് കഷ്ടമാണ്.
തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ക്രിയാത്മക പദ്ധതികള്‍ ആവശ്യമായിരുന്നിടത്ത് ഒന്നുമുണ്ടായില്ല. നിലവിലെ പദ്ധതികള്‍ വിപുലപ്പെടുത്തുന്ന വേളയില്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കാം എന്ന ന്യായം തൊഴില്‍ മേഖലയില്‍ യാതൊരു വീക്ഷണവുമില്ലാത്ത സര്‍ക്കാരാണിതെന്ന് വ്യക്തമാക്കുന്നു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞ തവണ ഒരു ലക്ഷത്തി പതിനയ്യായിരം കോടി രൂപ നീക്കി വെച്ചിരുന്നു. അത് തന്നെ അതുവരെയുള്ള വേതന കുടിശ്ശിക തീര്‍ക്കാനും വേതനം കൊടുക്കാനും തികയില്ലായിരുന്നു. എന്നിട്ടും ഇത്തവണ നീക്കിവെച്ചിരിക്കുന്നത് വെറും എഴുപത്തിമുവ്വായിരം കോടി. അതും കൊവിഡ് പ്രതിസന്ധിയോടെ നിലവില്‍ തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടി 93%ന്റെ വര്‍ദ്ധനവുണ്ടായ സാഹചര്യത്തിലുമാണിത്. അതായത്, ക്ഷേമം എന്ന സംഗതിയേ ഈ ബജറ്റില്‍ ഇല്ല.

മാന്ദ്യകാലത്ത് ജനങ്ങളുടെ ക്രയ-വിക്രയ ശേഷി വര്‍ധിപ്പിക്കാനുളള ശ്രമമാണ് സര്‍ക്കാര്‍ നടത്തേണ്ടിയിരുന്നത്. അതിന് ജനങ്ങളുടെ കൈയില്‍ പണമെത്തണം. അതിനവര്‍ക്ക് തൊഴിലുണ്ടാകണം. നികുതിയിളവുകളും വേണം. ഇന്ധന വിലയിലെ നികുതി അടക്കം എടുത്തുമാറ്റി ജനങ്ങളുടെ കൈയ്യില്‍ പണം ഉണ്ടാക്കാനും ശ്രമിക്കണമായിരുന്നു. എന്നാല്‍ തൊഴിലുറപ്പ് പദ്ധതി അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ തീരെ ശ്രദ്ധിച്ചിട്ടില്ല. ഇതിന് പുറമെ, ജനക്ഷേമ പദ്ധതികളായ പെന്‍ഷന്‍ പദ്ധതികളും കേന്ദ്രം അട്ടിമറിച്ചിരിക്കുകയാണ്.
ഇന്ദിര ഗാന്ധി വാര്‍ധക്യ പെന്‍ഷന്‍ കഴിഞ്ഞ തവണ ഉണ്ടായിരുന്നതിനേക്കാള്‍ രണ്ടായിരം കോടി കുറച്ചു. ഇന്ത്യയില്‍ ആയുര്‍ദൈര്‍ഗ്യം കൂടുന്നു എന്ന അവകാശ വാദം ഉയര്‍ത്തുമ്പോള്‍ തന്നെ വാര്‍ധക്യ പെന്‍ഷന്‍ കുറക്കുന്നത് എത്രമാത്രം ബാലിശമായ ഏര്‍പ്പാടാണ്. ഇന്ദിര ഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍ ഏകദേശം അറുനൂറ് കോടി കുറച്ചു. വികലാംഗ പെന്‍ഷനും കുറച്ചു. അന്‍പത് കോടിയോളം രൂപയുടെ കുറവാണുണ്ടായത്.

ജൽശക്തി, റോഡ് ട്രാന്‍സ്പോര്‍ട്, റെയില്‍വെ തുടങ്ങിയ മന്ത്രാലയങ്ങള്‍ക്കും കാര്‍ഷിക മേഖലക്കും പ്രഖ്യാപിച്ച വലിയ പാക്കേജുകളും മറ്റു നീക്കിയിരിപ്പുകള്‍ക്കും ഒക്കെയായി വരുമാന മാര്‍ഗ്ഗമെന്താണെന്ന ചോദ്യത്തിന് ബജറ്റിലോ വകുപ്പ് മന്ത്രിക്കോ സര്‍ക്കാരിനോ ഉത്തരമില്ല. എണ്‍പതിനായിരം കോടി വായ്പയെടുക്കുമെന്ന് പറയുന്നതല്ലാതെ മൂലധന ചെലവിലേക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന് വ്യക്തതയില്ല.

നിലവിലുള്ള ഭീമമായ ധനക്കമ്മി പിടിച്ചുനിര്‍ത്താന്‍ കടമെടുക്കേണ്ടിവരും. തുടര്‍ന്ന്, ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന അപകടകരമായ സ്ഥിതിയിലേക്ക് വരും. അതേസമയം, ഒന്നേമുക്കാല്‍ ലക്ഷം കോടി ഓഹരി വിറ്റുണ്ടാക്കുമെന്നത് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ തൂക്കി വില്‍ക്കാന്‍ പോകുമെന്നുള്ള വിളംബരമാണ്. അതേസമയം, കഴിഞ്ഞ തവണ ഇത്തരത്തില്‍ സംഭരിക്കുമെന്ന് പറഞ്ഞ 2.1 ലക്ഷം കോടിയുടെ നാലിലൊന്ന് പോലും ഇതുവരെയുണ്ടാക്കിയിട്ടില്ല. ഇത്തവണത്തെ ലക്ഷ്യവും സമാനമായിരിക്കും. കാരണം, നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ എല്ലാം തന്നെ കോര്‍പറേറ്റുകള്‍ക്ക് തൂക്കി വില്‍ക്കുക മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

തുറമുഖങ്ങള്‍ സ്വകാര്യ മേഖലക്ക് ഇനിയും തുറന്നുകൊടുക്കാനുള്ള നീക്കം തുടരുകയാണ് സര്‍ക്കാര്‍. സ്വകാര്യ പങ്കാളിത്വത്തോടെ വികസിപ്പിക്കുമെന്നതും പോരാത്തതിന് നടത്തിപ്പിന്റെ കാര്യത്തിലും സ്വകാര്യ കമ്പനികളെ കൂടെക്കൂട്ടുമെന്നും അവരെ ഏല്‍പ്പിക്കുമെന്നുമുള്ള പ്രഖ്യാപനങ്ങള്‍ അതീവ ഗൗരവുമുള്ളതാണ്. ബേങ്കിങ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രം എന്ത് പരിഹാരം കണ്ടെത്തിയെന്ന ചോദ്യം ബാക്കിയാവുന്നു. ഒപ്പം, മാന്ദ്യ കാലത്ത് ജനങ്ങള്‍ക്ക് ഉപകരിക്കും വിധമുള്ള വായ്പകളെ സംബന്ധിച്ചോ മൊറൊട്ടോറിയത്തെ കുറിച്ചോ ധനമന്ത്രി ഒന്നും പറഞ്ഞില്ല.

ഭാരതം കരുത്താര്‍ജ്ജിക്കുന്നതിന്റെ പ്രതീകമാണ് ഈ ബജറ്റ് എന്നൊക്കെ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സ്വത സിദ്ധമായ ശൈലിയില്‍ വീരവാദം പറയുന്നുണ്ടെങ്കിലും ബി ജെ പി വാഗ്ദാനമായ 5 ട്രില്യണ്‍ ഡോളര്‍ എക്കോണമി അടുത്തൊന്നും ഇനി സ്വപ്നം കാണാന്‍ പോലും ഒക്കില്ലെന്ന് സമ്മതിക്കുന്നതുകൂടിയായി ഈ ബജറ്റ്. നൂറ്റാണ്ടിലെ ബജറ്റ് എന്നൊക്കെ പറയുന്ന ബജറ്റിന്റെ സ്ഥിതിയിതാണെങ്കില്‍ മറ്റുള്ളവയുടെ സ്ഥിതിയെന്താണെന്ന് ആലോചിക്കാന്‍ തന്നെ പറ്റില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ പരിഹസിക്കുന്നു.

എന്‍ എസ് അബ്ദുല്‍ ഹമീദ്

---- facebook comment plugin here -----