കോര്‍പറേറ്റ് സൗഹൃദം സമ്പൂര്‍ണം

ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ടത് കൗണ്ടര്‍ സൈക്ലിക്കല്‍ ബജറ്റാണ് എന്ന് കേന്ദ്ര മന്ത്രി അവകാശപ്പെടുന്നുണ്ടെങ്കിലും, ഇന്ത്യ ഇന്ന് കടന്നുപോകുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ ഒന്നും തന്നെ ബജറ്റില്‍ ഇല്ല
Posted on: February 2, 2021 4:02 am | Last updated: February 2, 2021 at 12:37 am

ലോകം സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 2020 ധന വര്‍ഷം ഒന്നാം പാദത്തില്‍ 23 ശതമാനത്തിലധികം കുറവ് രേഖപ്പെടുത്തി. പിന്നീട് ഈ ഇടിവില്‍ കുറവ് വന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തിരികെ വരുന്നു എന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കേവലം നാല് മണിക്കൂര്‍ സമയം നല്‍കി നടപ്പാക്കപ്പെട്ട ലോകത്തിലെ ഏറ്റവും കര്‍ശനമായ ലോക്ക്ഡൗണ്‍ ഇന്ത്യയുടെ നഗര മേഖലയിലും ഗ്രാമീണ മേഖലയിലും തൊഴിലില്ലായ്മ വര്‍ധിപ്പിച്ചു. സി എം ഐ ഇയുടെ കണക്കുകള്‍ പ്രകാരം തൊഴില്‍ ഉണ്ടായിരുന്നവര്‍ക്ക് തൊഴില്‍ നഷ്ടം മാത്രമല്ല, തൊഴില്‍ തേടുന്നവരുടെ എണ്ണത്തിലും വലിയ കുറവ് ഈ കാലയളവില്‍ ഉണ്ടായിട്ടുണ്ട്. കാര്‍ഷിക മേഖലയിലും ഉത്പാദന മേഖലയിലും കൊവിഡ് ലോക്ക്ഡൗണ്‍ ജനങ്ങളുടെ സ്വാഭാവികവും പരമ്പരാഗതവുമായ ജീവിതോപാധികള്‍ ഇല്ലാതെയാക്കി. എന്നാല്‍ മറുഭാഗത്ത് രാജ്യത്തെ കോര്‍പറേറ്റ് മേഖലക്ക് സര്‍ക്കാര്‍ 1.45 കോടി രൂപയുടെ നികുതി ഇളവാണ് നല്‍കിയത്. കോര്‍പറേറ്റ് സംരംഭങ്ങളുടെ പ്രവര്‍ത്തനലാഭം ഇക്കാലയളവില്‍ വര്‍ധിച്ചിട്ടുണ്ട് എന്ന് റിസര്‍വ് ബേങ്കും കേന്ദ്ര സര്‍ക്കാറും സാക്ഷ്യപ്പെടുത്തുന്നു. ഉയര്‍ന്ന നികുതി ഇളവും പ്രവര്‍ത്തന ലാഭവും കോര്‍പറേറ്റ് കളുടെ നിക്ഷേപങ്ങള്‍ ഇന്ത്യയില്‍ തെല്ലും വര്‍ധിപ്പിച്ചില്ല. കോര്‍പറേറ്റ് മേഖല നികുതി ഇളവിലൂടെയും ഉയര്‍ന്ന പ്രവര്‍ത്തന ലാഭത്തിലൂടെയും അവര്‍ക്ക് ലഭിച്ച അധിക ലാഭം പുനര്‍ നിക്ഷേപത്തിന് വിനിയോഗിക്കാതെ സ്വന്തം ആസ്തി വികസനത്തിന് ഉപയോഗിച്ചു എന്നതാണ് സമകാലീന സാമ്പത്തിക അവസ്ഥ കാണിക്കുന്നത്. കുറഞ്ഞ ഡിമാന്‍ഡ് നിലനില്‍ക്കുന്ന സമ്പദ് വ്യവസ്ഥയില്‍ നിക്ഷേപിക്കുന്നതിന് കോര്‍പറേറ്റുകള്‍ക്ക് തീരെ താത്പര്യമില്ല. സ്വകാര്യ കോര്‍പറേറ്റ് നിക്ഷേപങ്ങള്‍ സമ്പദ് ഘടനയില്‍ കടന്നു വരാത്ത ഈ അവസ്ഥയില്‍ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും പ്രതീക്ഷിക്കുന്നത് ഒരു കൗണ്ടര്‍സൈക്ലിക്കല്‍ ബജറ്റ് ആണ് എന്ന കാര്യം സര്‍ക്കാറും അംഗീകരിക്കുന്നു (സാമ്പത്തിക സര്‍വേ 2020).

ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ടത് കൗണ്ടര്‍ സൈക്ലിക്കല്‍ ബജറ്റാണ് എന്ന് കേന്ദ്ര മന്ത്രി അവകാശപ്പെടുന്നുണ്ടെങ്കിലും, ഇന്ത്യ ഇന്ന് കടന്നുപോകുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ ഒന്നും തന്നെ ബജറ്റില്‍ ഇല്ല. ആളുകളുടെ ഉപഭോഗം ഉയര്‍ത്തുന്നതിന്, അവരുടെ വരുമാന ശോഷണം പരിഹരിക്കുന്നതിന്, അവരുടെ കൈയില്‍ പണം എത്തിക്കുന്നതിന് ഒന്നും തന്നെ നിര്‍ദേശങ്ങള്‍ ഇല്ല. റെയില്‍വേക്കും റോഡ് വികസനത്തിനും കാര്‍ഷിക മേഖലയിലെ പശ്ചാത്തല വികസനത്തിനും വലിയ തുകയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിനായി 1,75,000 കോടി രൂപ കണ്ടെത്തുന്നത്, ലാഭത്തിലോടുന്നതടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിലൂടെയാണ്. രണ്ട് പൊതുമേഖലാ ബേങ്കുകള്‍ അടക്കം വില്‍ക്കുന്നത് രാജ്യത്തെ പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതടക്കമുള്ള ചെലവുകള്‍ക്ക് പണം കണ്ടെത്താനാണ്. എന്നാല്‍ പശ്ചാത്തല സൗകര്യ വികസനത്തിന് ഈ പണം മതിയാകുകയില്ല. കാര്‍ഷിക മേഖലയില്‍ മാത്രം ഒരു ലക്ഷം കോടി രൂപ അനുവദിക്കും എന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്. ആത്മനിര്‍ഭര്‍ ഭാരത് മിഷനിലും കാര്‍ഷിക പശ്ചാത്തല സൗകര്യ വികസനത്തിന് ഒരു ലക്ഷം കോടി രൂപ അനുവദിക്കും എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ കേവലം 300 കോടി രൂപ മാത്രമാണ് ഇതുവരെ ചെലവഴിച്ചിട്ടുള്ളത്.

ഇപ്പോള്‍ പശ്ചാത്തല സൗകര്യ വികസനം നടക്കുന്നത് സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ അല്ല. പൊതുമേഖലാ ബേങ്കുകളില്‍ നിന്ന് കോര്‍പറേറ്റ് മേഖലക്ക് വലിയ വായ്പ നല്‍കി കോര്‍പറേറ്റുകളാണ് രാജ്യത്തെ പോര്‍ട്ടുകളും മറ്റും നിര്‍മിക്കുന്നത്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും തിരുവനന്തപുരം വിമാനത്താവളവും അദാനി അടക്കമുള്ള കോര്‍പറേറ്റുകള്‍ക്ക് അടിയറ വെക്കാനുള്ള വ്യഗ്രത ബജറ്റില്‍ വ്യക്തമാണ്. അസ്സറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനി രൂപവത്കരിച്ച് രാജ്യത്തെ പൊതുസ്ഥലങ്ങള്‍ ചെറിയ വിലക്ക് കോര്‍പറേറ്റുകള്‍ക്ക് വിറ്റഴിക്കാനുള്ള നീക്കവും സര്‍ക്കാര്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. കോര്‍പറേറ്റുകളുടെ മേല്‍നോട്ടത്തില്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ രീതിയിലുള്ള പശ്ചാത്തല സൗകര്യ വികസനം തന്നെ തുടര്‍ന്നും പിന്തുടരാനാണ് സാധ്യത എന്നതാണ് ഇത് കാണിക്കുന്നത്. ഇത് രാജ്യത്തെ ബേങ്കുകളുടെ പ്രതിസന്ധി വര്‍ധിക്കുന്നതിനും കാരണമാകും.
സമ്പദ് വ്യവസ്ഥ വി രൂപത്തില്‍ തിരികെ വരും എന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. എന്നാല്‍ ഒരു സര്‍ക്കാറിനും സമ്പദ് വ്യവസ്ഥയെ ഒരു നേര്‍രേഖയില്‍ ചലിപ്പിക്കാന്‍ ആകുകയില്ല. ഇതിനായി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 13 ശതമാനം തുക മിനി ബജറ്റുകള്‍ എന്ന രൂപത്തില്‍ ഉപയോഗിച്ചുവെന്നാണ് കേന്ദ്ര മന്ത്രി അവകാശപ്പെടുന്നത്. എന്നാല്‍ യഥാര്‍ഥ കണക്കുകള്‍ പ്രകാരം മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ കേവലം മൂന്ന് ശതമാനം മാത്രമാണ് ചെലവഴിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തിരികെ വരണമെങ്കില്‍ രാജ്യത്തെ ഉപഭോഗം വര്‍ധിക്കണം. കാര്‍ഷിക മേഖലയിലെ വരുമാനം ഉയരണം. അതിനായി കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുമെന്ന കേവല പ്രഖ്യാപനങ്ങള്‍ മാത്രം പോര. രണ്ടായിരത്തിന് ശേഷം പ്രതിസന്ധിയില്‍ തുടരുന്ന വ്യാവസായിക മേഖലയെ പുനരുദ്ധരിക്കാന്‍ ഉതകുന്ന വിധത്തിലുള്ള ക്രിയാത്മക നിര്‍ദേശങ്ങള്‍ വേണം. അതൊന്നും ഈ ബജറ്റില്‍ ഇല്ല.
അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 10 ശതമാനം മുതല്‍ 20 ശതമാനം വരെ മാന്ദ്യ നിവാരണത്തിനായി ചെലവഴിക്കുന്നുണ്ട്. ഇത് ആ രാജ്യങ്ങളില്‍ ധനക്കമ്മി വര്‍ധിക്കുന്നതിന് കാരണമായി. ഈ കമ്മി പരിഹരിക്കാന്‍ ഈ രാജ്യങ്ങള്‍ ഉയര്‍ന്ന രീതിയില്‍ പണം അച്ചടിച്ച് ഇറക്കി. സ്വതവേ കുറഞ്ഞ പലിശ നിരക്കുള്ള ഈ രാജ്യങ്ങളില്‍ നിന്ന് ഉയര്‍ന്ന പലിശ നിരക്ക് നിലനില്‍ക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്ക് വിദേശ നിക്ഷേപം കടന്നുവരാനാണ് ഇത് കാരണമായത്. 518 ബില്യന്‍ ഡോളര്‍ വിദേശ നിക്ഷേപമാണ് 2020 ഡിസംബര്‍ മാസത്തോടെ ഇന്ത്യയിലെത്തിയത്. ഈ പണം കേവലം റിസര്‍വ് രൂപത്തില്‍ ഇന്ത്യയില്‍ സൂക്ഷിക്കുന്നത് രാജ്യത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഈ പണം മാന്ദ്യ നിവാരണ പാക്കേജ് നടപ്പാക്കാന്‍ സര്‍ക്കാറിന് ഉപയോഗിക്കാമായിരുന്നു. രാജ്യത്തെ സാധാരണ ജനങ്ങളെ കടുത്ത വരുമാന ശോഷണത്തില്‍ നിന്ന് സംരക്ഷിക്കാനും സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തില്‍ നിന്ന് കരകയറ്റാനുമുള്ള ഏറ്റവും നല്ല അവസരമാണ് ഈ സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയത്.

ഡോ. അനില്‍ വര്‍മ ആര്‍