Connect with us

Articles

മണ്‍ചിറ കെട്ടിയാല്‍ പ്രക്ഷോഭമടങ്ങുമോ?

Published

|

Last Updated

ഭരണഘടനയിലെ ഭാഗം മൂന്നിലെ മൗലികാവകാശങ്ങള്‍ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി പൊരുതിയ ജനകോടികളുടെ ആഗ്രഹ അഭിലാഷങ്ങളുടെ പൂര്‍ത്തീകരണമായിരുന്നു. മൗലിക അവകാശങ്ങള്‍ രാഷ്ട്രീയ വിവാദ ചുഴിയിലേക്ക് വലിച്ചിഴക്കേണ്ടതോ നിയമസഭാ ഭൂരിപക്ഷങ്ങളുടെ ഹിതാഹിതങ്ങള്‍ക്ക് വിട്ടുകൊടുക്കേണ്ടതോ ആയ കാര്യമല്ല. അവ വ്യക്തമായി തന്നെ ഭരണഘടനയില്‍ അംഗീകരിക്കപ്പെടണം. എക്‌സിക്യൂട്ടീവ് മുഖേനയോ നിയമസഭ മുഖേനയോ ഇതിന്റെ ലംഘനം നടന്നാല്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിന്യായ വിഭാഗം വഴി അവ സംരക്ഷിക്കപ്പെടുകയും വേണം.

ഭരണഘടനയിലെ പാര്‍ട്ട് മൂന്നില്‍ (മൗലികാവകാശങ്ങള്‍) പറയുന്ന അവകാശങ്ങള്‍ നിഷേധിക്കുന്ന ഒരു നിയമ നിര്‍മാണത്തിനും ഭരണഘടനാപരമായി അംഗീകാരം ഇല്ലാത്തതാണ്. പരമോന്നത കോടതിക്ക് അത് റദ്ദ് ചെയ്യാനും കഴിയും.

മൗലികാവകാശങ്ങളില്‍ വെച്ചേറ്റവും മൗലികമായിട്ടുള്ളത് വ്യക്തിസ്വാതന്ത്ര്യമാണ്. ഭരണഘടനയിലെ 19ാം വകുപ്പ് മുതല്‍ 22ാം വകുപ്പ് വരെ ഈ മൗലികാവകാശത്തിന്റെ വിവിധ വകുപ്പുകളെ പറ്റി പരാമര്‍ശിക്കുന്നു. മൊത്തത്തിലെടുത്താല്‍ ഈ നാല് വകുപ്പുകളും വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഒരധ്യായമായി തീരുന്നു. അതുതന്നെയാണ് മൗലിക അവകാശങ്ങളുടെ നട്ടെല്ല്. ഇതില്‍ പത്തൊമ്പതാം വകുപ്പാണ് ഏറ്റവും മൗലികമായിട്ടുള്ളത്. പ്രസംഗത്തിനും അഭിപ്രായത്തിനുമുള്ള സ്വാതന്ത്ര്യം, ആയുധങ്ങളില്ലാതെ സമാധാനപരമായി യോഗം ചേരുവാനുള്ള അവകാശം, അസോസിയേഷനുകളും സംഘടനകളും രൂപവത്കരിക്കാനുള്ള അവകാശം തുടങ്ങിയവ തന്നെയാണ് മൗലിക അവകാശങ്ങളുടെ കാതലും.

ഭരണഘടനയില്‍ ഏറ്റവും ശ്രദ്ധേയമായ 21ാം വകുപ്പ് സംബന്ധിച്ചാണ് ഏറ്റവും ദീര്‍ഘവും വിശദവുമായ ചര്‍ച്ചകള്‍ ഭരണഘടനാ നിര്‍മാണ സഭയില്‍ നടന്നത്. ഭരണഘടനയിലെ 21, 22 വകുപ്പുകള്‍ നിയമനിര്‍മാണ വിഷയങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് 246ാം വകുപ്പ് അനുസരിച്ച് സര്‍ക്കാറിനുള്ള അധികാരത്തിന് ഒരു പരിധി കല്‍പ്പിക്കുന്നു.

22ാം വകുപ്പ് മൂന്ന് അവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നു. ഒന്നാമത്തേത്, അറസ്റ്റ് ചെയ്യപ്പെടുന്ന ആളെ അറസ്റ്റിനുള്ള കാരണം അറിയിക്കേണ്ടതാണെന്ന് ഉറപ്പ് നല്‍കുന്നു. രണ്ടാമത്തേത്, അയാള്‍ നിര്‍ദേശിക്കുന്ന അഭിഭാഷകനുമായി ആലോചിച്ച് അദ്ദേഹം മുഖേന കേസ് വാദിക്കുന്നതിനുള്ള അവകാശം. അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വെക്കപ്പെടുന്ന ആളെ 24 മണിക്കൂറിനകം ഏറ്റവും അടുത്ത മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കേണ്ടതും അദ്ദേഹത്തിന്റെ അനുമതിയോടെ അറസ്റ്റ് നടത്തേണ്ടതുമാണെന്ന് മൂന്നാമത്തെ അവകാശത്തില്‍ പറയുന്നു.

രാജ്യത്ത് ജാമ്യം നല്‍കാതെ രാഷ്ട്രീയ എതിരാളികളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ ആരംഭിച്ചിട്ട് ഏഴ് പതിറ്റാണ്ട് കഴിഞ്ഞിരിക്കുകയാണ്. ഒന്നാമത്തെ നിരോധന തടങ്കല്‍ നിയമം പാര്‍ലിമെന്റ് പാസ്സാക്കി താമസിയാതെ തന്നെ അതിന്റെ സാധുത എ കെ ഗോപാലനും മദ്രാസ് ഹൈക്കോടതിയും തമ്മിലുണ്ടായ കേസില്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. ഈ കേസ് വ്യക്തി സ്വാതന്ത്ര്യത്തിന്റെ പൊരുള്‍ വിശദമായി അപഗ്രഥനം ചെയ്തതിനു പുറമെ ജഡ്ജിമാര്‍ ഓരോരുത്തരും ഭരണഘടനയിലെ മൗലിക അവകാശങ്ങളുടെ പരിധി വിശദമായി പരിശോധിക്കുകയും ചെയ്തു.

നിരോധന തടങ്കല്‍ നിയമം നമ്മുടെ രാജ്യത്ത് ഒരു ഡസനോളം പ്രാവശ്യം ഭേദഗതി ചെയ്തിട്ടുണ്ട്. മിസാ നിയമം (മെയിന്റനന്‍സ് ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി ആക്ട്) 1978 വരെ നിലവിലുണ്ടായിരുന്നു. പിന്നീട് 1980ല്‍ ദേശീയ സുരക്ഷിതത്വ നിയമം (നാഷനല്‍ സെക്യൂരിറ്റി ആക്ട്) നിയമം നിലവില്‍ വന്നു. 2002ലാണ് പോട്ട പാസ്സാക്കിയത്. ഏറ്റവും ഒടുവില്‍ പാസ്സാക്കിയ നിയമമാണ് എന്‍ ഐ എ. ജാമ്യം നല്‍കാതെ ആരെയും അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ ഈ നിയമം മൂലം കഴിയുന്നു. ഇപ്പോള്‍ തലസ്ഥാനത്ത് പ്രക്ഷോഭം നടത്തുന്ന കര്‍ഷക സമര നേതാക്കളെയും എന്‍ ഐ എ നിയമം ഉപയോഗിച്ച് കസ്റ്റഡിയിലെടുക്കുന്നതിനാണ് മോദി സര്‍ക്കാര്‍ നീക്കം ആരംഭിച്ചിരിക്കുന്നത്.

ഡല്‍ഹിയിലെ കര്‍ഷക സമരം ഓരോ ദിവസം കഴിയുന്തോറും ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ ഇതിനെ തകര്‍ക്കുന്നതിന് വേണ്ടി പരസ്യമായി തന്നെ രംഗത്തിറങ്ങുകയും ചെയ്തിരിക്കുന്നു. അതിന്റെ ഭാഗമായാണ് പ്രക്ഷോഭത്തെ സഹായിക്കുന്ന വ്യക്തികളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ)യെ ഉപയോഗിച്ച് വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നത്. കര്‍ഷകരെ ഡല്‍ഹി അതിര്‍ത്തിയില്‍ എത്തിച്ച വാഹന ഉടമകള്‍, കേബിള്‍ ടി വി ഓപറേറ്റര്‍മാര്‍, വ്യാപാരികള്‍, മാധ്യമ പ്രവര്‍ത്തകര്‍, സര്‍ക്കാറിതര സംഘടനാ പ്രതിനിധികള്‍ എന്നിങ്ങനെ പന്ത്രണ്ട് പേര്‍ക്കെതിരെ ചോദ്യം ചെയ്യലിന് എന്‍ ഐ എ നോട്ടീസ് നല്‍കിയിരിക്കുകയാണ്. കാര്‍ഷിക നിയമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത ജോണ്‍ബലായി ഇന്‍സാഫ് വെല്‍ഫെയര്‍ സൊസൈറ്റി എന്ന കര്‍ഷക സംഘനയുടെ പ്രസിഡന്റ് ബല്‍ദേവ് സിംഗ്, സുരീന്ദര്‍ സിംഗ് തിക്രിവാള്‍, പല്‍വിന്ദര്‍ സിംഗ്, പ്രദീപ് സിംഗ്, നോബല്‍ജിത് സിംഗ്, കര്‍ണൗല്‍സിംഗ് തുടങ്ങിയ നേതാക്കളോടാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ ഐ എ ആവശ്യപ്പെട്ടിരിക്കുന്നത്. അതിര്‍ത്തിയിലെ പ്രക്ഷോഭത്തിനിടെ രക്തസാക്ഷികളായ കര്‍ഷകരുടെ കുടുംബങ്ങളെ സഹായിച്ചവര്‍ക്കും പ്രക്ഷോഭകര്‍ക്ക് സംഭാവന നല്‍കുന്നവര്‍ക്കും എന്‍ ഐ എ നോട്ടീസ് നല്‍കി കഴിഞ്ഞിട്ടുണ്ട്.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം ആരംഭിച്ചപ്പോള്‍ തന്നെ പാക്കിസ്ഥാന്‍ തീവ്രവാദികളുമായി ബന്ധമുള്ളവരാണ് ഈ സമരത്തിന്റെ പിന്നിലെന്ന് കേന്ദ്ര സര്‍ക്കാറും സംഘ്പരിവാറും പ്രചാരണം നടത്തിയിരുന്നു. കഴിഞ്ഞ ആഴ്ച സുപ്രീം കോടതിയില്‍ ഈ വാദം കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയതാണ്.

എന്‍ ഐ എ നോട്ടീസ് ലഭിച്ച കര്‍ഷക നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ ചോദ്യം ചെയ്യലിനായി ഹാജരായില്ല. സിര്‍സക്കും മറ്റും നോട്ടീസ് അയച്ച നടപടിയെ ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ അപലപിച്ചു. സമരത്തിന് അകാലിദള്‍ എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനുള്ള ശ്രമം വിജയിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.

കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നവരെയും പിന്തുണക്കുന്നവരെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ച ഇ ഡിയുടെയും എന്‍ ഐ എയുടെയും നടപടിയെ ശക്തമായ ഭാഷയില്‍ അകാലിദള്‍ അപലപിച്ചു. കര്‍ഷകര്‍ രാജ്യദ്രോഹികള്‍ അല്ല. പത്താംവട്ട ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തില്‍ കര്‍ഷകരെ ഭീഷണിപ്പെടുത്താനാണ് കേന്ദ്ര നീക്കം. കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരമാണ് നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു മുമ്പും. എന്‍ ഐ എ സര്‍ക്കാറിന്റെ കളിപ്പാവയായി മാറിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. സി പി എം അടക്കമുള്ള എല്ലാ ഇടതുപാര്‍ട്ടികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക പരേഡ് നടത്താനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് സംയുക്ത കര്‍ഷക സമരസമിതി അറിയിച്ചു. പരേഡ് സമാധാനപരമായി നടത്തും. ഡല്‍ഹി, ഹരിയാന പോലീസുകള്‍ ഇതിനോട് സഹകരിക്കുമെന്ന് കരുതുന്നതായും സമരസമിതി നേതാക്കള്‍ പ്രസ്താവിക്കുന്നു.

സമരം ശക്തിപ്പെടുത്തി കര്‍ഷകര്‍ മുന്നോട്ട് പോകുന്ന ഈ സാഹചര്യത്തില്‍ സുപ്രീം കോടതിയുടെ ശക്തമായ ഇടപെടല്‍ ഉണ്ടായത് സ്വാഗതാര്‍ഹമാണ്. കേന്ദ്ര സര്‍ക്കാറിന്റെ മൂന്ന് നിയമങ്ങളും പരമോന്നത കോടതി താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. സമരത്തിനാധാരമായ കാരണങ്ങളെ സംബന്ധിച്ച് പഠിക്കുന്നതിനും സമര സമിതിയുമായി സംസാരിക്കുന്നതിനും മറ്റുമായി പരമോന്നത കോടതി ഒരു സമിതിക്ക് രൂപം കൊടുക്കുകയുണ്ടായി. നിര്‍ഭാഗ്യവശാല്‍ ഇതിലെ അംഗങ്ങളെല്ലാം തന്നെ സമരവിരുദ്ധ നിലപാടുള്ളവരും സര്‍ക്കാര്‍ പക്ഷപാതികളും ആണ്. അതുകൊണ്ട് തന്നെ ഈ സമിതിയെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഈ സമിതിയില്‍ ആവശ്യമായ മാറ്റം വരുത്തണമെന്നും കര്‍ഷക സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടയില്‍ കര്‍ഷക പ്രക്ഷോഭം തകര്‍ക്കാന്‍ രംഗത്തിറങ്ങിയ എന്‍ ഐ എ കൂടുതല്‍ പേര്‍ക്കെതിരെ നീക്കം തുടങ്ങി. നിരവധി പേരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ ഐ എ നോട്ടീസ് അയച്ച് കഴിഞ്ഞു. പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍, കടയുടമകള്‍, മാധ്യമ പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കൊക്കെയാണ് സമന്‍സ് അയച്ചിരിക്കുന്നത്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന പിടിവാശി കേന്ദ്രം തുടരുന്ന സാഹചര്യത്തില്‍ കര്‍ഷക പ്രക്ഷോഭം രാഷ്ട്രീയ പോരാട്ടമായി മാറാനാണ് സാധ്യത. രാജ്യത്തെ കാര്‍ഷിക മേഖലയിലെ സാമൂഹിക-സാമ്പത്തിക വശങ്ങളുമായി ബന്ധപ്പെട്ടാണ് കര്‍ഷകരുടെ ആശങ്കകള്‍. കേന്ദ്രത്തിന്റെ നിയമങ്ങള്‍ സൃഷ്ടിക്കുന്ന ആഘാതം സ്വയം തിരിച്ചറിഞ്ഞാണ് കര്‍ഷകര്‍ പോരാട്ടം തുടരുന്നത്. സമര വേദികളില്‍ നിന്ന് രാഷ്ട്രീയ നേതാക്കള്‍ വിട്ടുനിന്നത് ഈ പശ്ചാത്തലത്തിലാണ്. എന്നാല്‍ പ്രക്ഷോഭകരോട് കേന്ദ്രം സ്വീകരിച്ച നിലപാട് സമരത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ ഇടയാക്കി. കേന്ദ്ര ട്രേഡ് യൂനിയനുകളുടെയും ജീവനക്കാരുടെയും ഫെഡറേഷനുകളുടെയും പൊതുവേദി കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ്.

രാജ്യത്തെ ഭരണഘടന ഇവിടെ പിച്ചിച്ചീന്തുകയാണ്. മൗലിക അവകാശങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുന്ന ഒടുവിലത്തെ കരിനിയമങ്ങളായ യു എ പി എ ഭേദഗതിയായാലും എന്‍ ഐ എ ഭേദഗതി നിയമമായാലും പൗരത്വ നിയമമായാലും ഇതെല്ലാം തന്നെ ജനങ്ങളെ ഭരണകൂടത്തിന് നഗ്നമായി വേട്ടയാടാനുള്ള മര്‍ദനോപകരണങ്ങള്‍ മാത്രമാണ്. എന്‍ ഐ എയെ ഉപയോഗപ്പെടുത്തി ഐതിഹാസികമായ കര്‍ഷക പ്രക്ഷോഭത്തിന്റെ നേതാക്കളെ ചോദ്യം ചെയ്യുന്നതും അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നതിനുള്ള ഹീന ശ്രമങ്ങള്‍ നടത്തുന്നതും ഭരണഘടനാപരമായി യാതൊരു നീതീകരണവുമില്ലാത്തതാണ്. രാജ്യത്തെ നിലവിലുള്ള ഭരണഘടനയെയും നിയമവാഴ്ചയെയും നിര്‍ദയം തകര്‍ക്കുന്നതിന് മാത്രമേ ഇത് സഹായകരമാകുകയുള്ളൂ. നമ്മുടെ രാജ്യത്തിന്റെ ചരിത്രം പിന്നോട്ടല്ല, മുന്നോട്ടാണ് നീങ്ങുന്നത്.

രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ വെറും മണ്‍ചിറ കെട്ടി ചെറുക്കാന്‍ ശ്രമിക്കുന്ന ഭരണവര്‍ഗത്തിന് ഒരിക്കലും അതിന് കഴിയുകയില്ലെന്ന് ചരിത്രം തെളിയിക്കുകതന്നെ ചെയ്യും.

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest