Kerala
മല്ലപ്പള്ളിയില്‍ യാത്രക്കാരില്‍ നിന്ന് മൊബൈല്‍ തട്ടിയെടുക്കുന്ന സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍

പത്തനംതിട്ട | പത്തനംതിട്ടയിലെ മല്ലപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും ഇരുചക്ര വാഹനങ്ങളില്‍ കറങ്ങി നടന്ന് മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരില്‍ നിന്നും കാല്‍നടയാത്രക്കാരില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ തട്ടിയെടുക്കുന്ന സംഘത്തിലെ മൂന്നു പേര്‍ അറസ്റ്റില്‍. ഇരവിപേരൂര്‍ കോഴിമലപ്പാവില പൊയ്കയില്‍ വീട്ടില്‍ അജിത് പിന്റോ (22), പുറമറ്റം വെണ്ണിക്കുളം ചുഴുകുന്ന് പടി പഴൂര്‍ മൂലയില്‍ വീട്ടില്‍ ജോബിന്‍ പി തോമസ് (24), ഇലന്തൂര്‍ ചായപ്പുന്നക്കല്‍ വീട്ടില്‍ രാഹുല്‍ (23) എന്നിവരെയാണ് ജില്ലാ സൈബര്‍ പോലീസിന്റെ സഹായത്തോടെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ 14ന് എഴുമറ്റൂര്‍ സ്വദേശിയായ യുവാവിന്റെ മോട്ടോര്‍ സൈക്കിള്‍ ഇരുമ്പുകുഴിയില്‍ നിന്നും മോഷണം പോയതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിനിടയിലാണ് ഇവര്‍ പിടിയിലായത്. ജില്ലാ പോലീസ് മേധാവി പി ബി രാജീവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവല്ല ഡി വൈ എസ് പി. ടി രാജപ്പന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പെരുമ്പെട്ടി എസ് എച്ച് ഒ. വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കഞ്ചാവ്, മയക്കുമരുന്നു വില്‍പ്പന നടത്തി വരുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് പ്രതികളെന്നും പോലീസ് പറഞ്ഞു. ഇതുകൂടാതെ കീഴ്‌വായ്പൂര് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കുന്നന്താനം പാമലയില്‍ ബൈക്കില്‍ എത്തി വഴിയാത്രക്കാരെ ദേഹോപ്രദ്രവം ഏല്‍പ്പിച്ച് മൊബൈല്‍ ഫോണ്‍ തട്ടിയ കേസിലെയും പ്രതികളാണിവര്‍. പത്തനംതിട്ട. കോട്ടയം ജില്ലകളിലെ സമാന കേസുകളില്‍ പ്രതികള്‍ക്ക് പങ്കുണ്ടോയെന്നതും പോലീസ് പരിശോധിച്ച് വരികയാണ്. എസ് ഐമാരായ ജെ ശ്രീജിത്ത്, ജോണ്‍സണ്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പി എച്ച് അന്‍സിം, ജോണി സാമുവേല്‍, ബിനു, ഒളിവര്‍ വര്‍ഗീസ്, ജെയ്സണ്‍ സാമുവേല്‍, സുനില്‍കുമാര്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.