Gulf
സ്വകാര്യ സ്‌കൂള്‍ ജീവനക്കാര്‍ 14 ദിവസത്തിലൊരിക്കല്‍ പി സി ആര്‍ പരിശോധന നടത്തണം

ഷാര്‍ജ | കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സുപ്രധാനമായൊരു സര്‍ക്കുലര്‍ ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോറിറ്റി കഴിഞ്ഞദിവസം പുറത്തിറക്കി. 2021/01 ാം നമ്പറായാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഷാര്‍ജ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ ജോലിക്കാരും 14 ദിവസത്തിലൊരിക്കല്‍ കൊവിഡ് പരിശോധന നടത്തണമെന്നാണ് സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനാവശ്യമായ ചെലവ് അവരവര്‍ തന്നെ വഹിക്കണമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍, കൊവിഡ് പ്രതിരോധ വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് സര്‍ക്കുലറിലെ നിര്‍ദേശം ബാധകമല്ലെന്ന് അതോറിറ്റി വ്യക്തമാക്കി. കൊവിഡ് 19 വാക്സിന്‍ സ്വീകരിക്കാവുന്ന ആരോഗ്യസ്ഥിതിയുള്ളയാളല്ല എന്ന് വ്യക്തമാക്കുന്ന, രാജ്യത്തെ അംഗീകൃതമായ ഏതെങ്കിലും ഹെല്‍ത്ത് അതോറിറ്റി നല്‍കിയ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള ജീവനക്കാര്‍ക്കും രണ്ടാഴ്ചയിലൊരിക്കലുള്ള പരിശോധന ആവശ്യമില്ല.
രണ്ടാഴ്ചയിലൊരിക്കല്‍ നടത്തേണ്ട പി സി ആര്‍ പരിശോധനക്കുള്ള സൗകര്യങ്ങള്‍ ഒരുക്കേണ്ടത് അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതലയായിരിക്കുമെന്നും സര്‍ക്കുലര്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രൈവറ്റ് എജ്യുക്കേഷന്‍ അതോറിറ്റി ആസ്ഥാനത്ത് വരേണ്ട സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ അതോറിറ്റി ആസ്ഥാനത്ത് പ്രവേശിക്കുന്നതിന് മൂന്ന് ദിവസത്തില്‍ കൂടാത്ത കാലയളവുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും സര്‍ക്കുലര്‍ ആവശ്യപ്പെട്ടു. ഇവിടെയും കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഇളവുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാക്സിന്‍ സ്വീകരിച്ചവരുടെ വിവരങ്ങളും പി സി ആര്‍ പരിശോധന നടത്തിയവരുടെ വിവരങ്ങളും അവരുടെ പരിശോധനാ ഫലവും അതോറിറ്റിയുടെ പോര്‍ട്ടലില്‍ അപ്പപ്പോള്‍ നല്‍കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.