Connect with us

Articles

തുമ്പില്ലാത്ത 100 കോടി; ഉത്തരവാദിയാര്?

Published

|

Last Updated

കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (കെ എസ് ആര്‍ ടി സി) എക്കാലത്തും വാര്‍ത്തകളില്‍ നിറയുന്നത്, സ്ഥാപനം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ്. ആ പ്രതിസന്ധിയിലേക്ക് നയിക്കുന്ന ആര്‍ക്കും നിയന്ത്രിക്കാനാകാത്ത ക്രമക്കേടുകളുടെ പേരിലും. 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കുമ്പോള്‍ ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞ കണക്ക് അത്ഭുതപ്പെടുത്തുന്നതാണ്. അഞ്ച് വര്‍ഷത്തിനിടെ അയ്യായിരം കോടി രൂപ ഈ പൊതുമേഖലാ സ്ഥാപനത്തിന് നല്‍കി. അടുത്ത സാമ്പത്തിക വര്‍ഷം 1,800 കോടി രൂപ കൂടി നല്‍കും. അഞ്ച് വര്‍ഷത്തിനിടെ അയ്യായിരം കോടി നല്‍കിയിട്ടും കെ എസ് ആര്‍ ടി സിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനോ നഷ്ടം കുറച്ചുകൊണ്ടുവരാനോ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുഗതാഗത സംവിധാനം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചു കൊണ്ടാണ് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 1,800 കോടി കൂടി അനുവദിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.

ബജറ്റില്‍ തന്നെ സംസ്ഥാനത്തെ ഇതര പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ച് ഐസക് പറയുന്നുണ്ട്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പാദനം 2015-16ല്‍ 2,799 കോടിയായിരുന്നത് 2019-20ല്‍ 3,148 കോടി രൂപയായി ഉയര്‍ന്നു. 2015-16ല്‍ സഞ്ചിത നഷ്ടം 213 കോടി രൂപയായിരുന്നു. 2019-20ല്‍ സഞ്ചിത ലാഭം 102 കോടി രൂപയായി. അതില്‍ തന്നെ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ കഥ പ്രത്യേകം പറയണം. 2015-16ല്‍ 4.98 കോടിയും 2016-17ല്‍ 4.27 കോടിയും നഷ്ടത്തിലായിരുന്ന സ്ഥാപനം 2018-19 മുതല്‍ ലാഭത്തിലെത്തി. കൊവിഡ് വ്യാപിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വിറ്റുവരവ് ചരിത്രത്തിലാദ്യമായി 100 കോടി കവിയുകയും ചെയ്തു. പൊതുവില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെയൊക്കെ ആരോഗ്യം 2016ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം മെച്ചപ്പെട്ടിട്ടുണ്ടെന്ന് പറയാം. എന്നിട്ടും കെ എസ് ആര്‍ ടി സിയെ തരിമ്പും മെച്ചപ്പെടുത്താന്‍ സാധിച്ചില്ലെന്നത് തികഞ്ഞ പോരായ്മ തന്നെയാണ്. ഇപ്പോള്‍ പുറത്തേക്ക് വരുന്നത് പോലുള്ള പണാപഹരണം, അഴിമതി, ക്രമക്കേട് എന്നിവ കണ്ടെത്തി നടപടിയെടുക്കാന്‍ സാധിച്ചില്ല എന്നത് ഗുരുതരവുമാണ്.

പൊതുഗതാഗത സംവിധാനം ലാഭത്തില്‍ പ്രവര്‍ത്തിക്കുക എന്നത് അത്ര എളുപ്പമല്ല തന്നെ. തിരുവിതാംകൂറില്‍ ചിത്തിരതിരുന്നാള്‍ ബാലരാമവര്‍മ രാജാവായിരിക്കെ 1938ല്‍ ആരംഭിച്ച തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റാണ് കെ എസ് ആര്‍ ടി സിയുടെ പ്രാഗ് രൂപം. രാജ്യം സ്വതന്ത്രമായി കേരള സംസ്ഥാനം രൂപവത്കരിച്ചതോടെ അതൊരു സര്‍ക്കാര്‍ വകുപ്പായി. പിന്നീടാണ് കോര്‍പറേഷനായി മാറ്റുന്നതിനുള്ള നിയമം കൊണ്ടുവരുന്നത്. സ്വയംഭരണാധികാരമുള്ള കോര്‍പറേഷനായി മാറുന്നത് 1965ലും. ദീര്‍ഘമായ ഈ ചരിത്രത്തിനിടെ എപ്പോഴെങ്കിലും ഈ പൊതു ഗതാഗത സംവിധാനം ലാഭമുണ്ടാക്കിയിട്ടുണ്ടോ എന്നതില്‍ സംശയമുണ്ട്. എന്തായാലും കോര്‍പറേഷനായി പ്രവര്‍ത്തനമാരംഭിച്ച ശേഷം ലാഭത്തിലോടിയിട്ടില്ലെന്നത് നിശ്ചയമാണ്. പൊതുഗതാഗത സേവനമെന്നത് മുന്‍നിര്‍ത്തിയാല്‍ ലാഭമുണ്ടാക്കുക കോര്‍പറേഷന്റെ ലക്ഷ്യമാകണമെന്നില്ല, പക്ഷേ സ്വന്തം കാലില്‍ നില്‍ക്കാന്‍ പാകത്തില്‍ നഷ്ടം കുറച്ചുകൊണ്ടുവരാനും വിഭവങ്ങളുടെ സമര്‍ഥമായ ഉപയോഗത്തിലൂടെ വരുമാനം സൃഷ്ടിക്കാനും സ്ഥാപനത്തിന് കഴിഞ്ഞിട്ടില്ല. വൈവിധ്യവത്കരണത്തിനുള്ള ശ്രമങ്ങളൊക്കെ സ്ഥാപനത്തിന് ബാധ്യതകള്‍ സൃഷ്ടിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതും. ഇതിന്റെയൊക്കെ പുറമെയാണ് ഇപ്പോള്‍ പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍.

കോര്‍പറേഷന്റെ മാനേജിംഗ് ഡയറക്ടറായ ബിജു പ്രഭാകര്‍ തന്നെയാണ്, സ്ഥാപനത്തിന്റെ 100 കോടി രൂപ എവിടെപ്പോയെന്ന് അറിയില്ലെന്ന് പറയുന്നത്. 2012 മുതല്‍ 2015 വരെയുള്ള കാലത്ത്, വായ്പാ തിരിച്ചടവിനായി നീക്കിവെച്ച പണമാണ് അപ്രത്യക്ഷമായിരിക്കുന്നത്. 2018ല്‍ ഓഡിറ്റ് നടത്തിയപ്പോഴാണ് ഈ അപഹരണം കണ്ടെത്തിയത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഓഡിറ്റിലെ വിവരങ്ങള്‍ പോലും പുറത്തുവരുന്നത്. ജീവനക്കാര്‍ ഡീസല്‍ മോഷ്ടിക്കുന്നു, ഡ്യൂട്ടി രജിസ്റ്ററില്‍ ഒപ്പിട്ട ശേഷം കൃഷി നടത്താനും ട്യൂഷനെടുക്കാനുമൊക്കെ പോകുന്നു, ടിക്കറ്റ് മെഷീനില്‍ കൃത്രിമം കാട്ടി പണം തട്ടുന്നു എന്നിങ്ങനെ പല ആരോപണങ്ങള്‍ വേറെയും എം ഡി ഉന്നയിക്കുന്നു. ഏതാണ്ട് 35,000 ജീവനക്കാരുണ്ട് കോര്‍പറേഷനില്‍. ആകെയുള്ള 5,200 സര്‍വീസുകള്‍ കണക്കിലെടുത്താല്‍ ഏതാണ്ട് 7,000 ജീവനക്കാര്‍ അധികമാണ് ഇവിടെയെന്നും എം ഡി പറയുന്നു. ജീവനക്കാരില്ലാത്തതുകൊണ്ട് സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നത് പതിവായ കോര്‍പറേഷനിലാണ് ഇത്രയും അധിക ജീവനക്കാര്‍! താത്കാലികക്കാരായ കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും ധാരാളമായി തുടരുമ്പോഴും!

വൈവിധ്യവത്കരണത്തിന്റെ സ്മാരകങ്ങള്‍ക്ക് പഞ്ഞമില്ല കോര്‍പറേഷനില്‍. കേരള ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍ നിന്ന് വായ്പയെടുത്താണ് വിവിധ സ്റ്റാന്‍ഡുകള്‍ ആധുനികവത്കരിക്കാനും ഷോപ്പിംഗ് സെന്ററുകള്‍ പണിയാനും പദ്ധതിയിട്ടത്. ബസ് സ്റ്റാന്‍ഡുകള്‍ ഏതാണ്ടെല്ലായിടത്തും നഗര മധ്യത്തിലാണ്. എന്നിട്ടും സ്റ്റാന്‍ഡിന്റെ ഭാഗമായി നിര്‍മിച്ച ഷോപ്പിംഗ് സെന്ററുകള്‍ നോക്കുകുത്തികളായി. കോഴിക്കോട് നിര്‍മിച്ച കെട്ടിടം ഒന്നും ചെയ്യാനാകാതെ കിടന്ന് നശിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മറ്റിടങ്ങളിലെ കെട്ടിടങ്ങളിലെ മുറികളും പൂര്‍ണമായി വാടകക്ക് നല്‍കി വരുമാനമുണ്ടാക്കാന്‍ കോര്‍പറേഷന് സാധിച്ചില്ല. പുതിയ കാലത്ത് വേണ്ട സൗകര്യങ്ങള്‍ ഉറപ്പാക്കും വിധത്തിലുള്ള നിര്‍മിതികളായിരുന്നില്ല പലതുമെന്നതുകൊണ്ടാണ് ഇവ കൈമാറാന്‍ സാധിക്കാത്തത്. സ്വകാര്യ കെട്ടിടങ്ങള്‍ വാടകക്കെടുത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ ഈ കെട്ടിടങ്ങളിലേക്ക് മാറ്റി, വാടക കോര്‍പറേഷന്റെ ഖജനാവിലെത്തിക്കുക എന്ന ചിന്ത സര്‍ക്കാറിനുമുണ്ടായില്ല. ചുരുക്കത്തില്‍ വായ്പയായെടുത്ത കോടികള്‍ ഏതാണ്ട് പാഴായ അവസ്ഥ.

എവിടെപ്പോയെന്ന് അറിയാത്തത് 100 കോടിയാണ് എം ഡിയുടെ കണക്കെങ്കില്‍, തൊഴിലാളി സംഘടനകളില്‍ ചിലതിന്റെ കണക്കിലത് 400 കോടിയാണ്. അതായത് വായ്പാ തിരിച്ചടവിനും മറ്റുമായി കോര്‍പറേഷന്‍ നീക്കിവെക്കുന്ന പണം അപഹരിക്കപ്പെടുന്നുണ്ട് എന്നത് അവിടെ എല്ലാവര്‍ക്കുമറിയാമെന്ന് ചുരുക്കം. എന്നിട്ടിത്രകാലം ഇവരെന്ത് ചെയ്തു? കോര്‍പറേഷന്റെ മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ടാകില്ലേ? സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടാകില്ലേ? അറിയിച്ചിട്ടും ഇത്രകാലം ഇതേക്കുറിച്ച് അന്വേഷണങ്ങളുണ്ടായില്ലെങ്കില്‍, അത് വലിയ വീഴ്ചയാണ്. അത്തരം അന്വേഷണങ്ങളിലേക്കൊന്നും കടക്കാതെ കോര്‍പറേഷന് വേണ്ടി കോടികള്‍ പൊലിച്ചതിനും സര്‍ക്കാര്‍ മറുപടി പറയേണ്ടതുണ്ട്. കൊടുത്ത അയ്യായിരം കോടിയുടെയും കൊടുക്കാന്‍ പോകുന്ന 1,800 കോടിയുടെയും കണക്ക് പറയുന്നവര്‍ക്ക്, ആ പണം പാഴായിപ്പോകുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം കൂടിയുണ്ട്.

പലകാലങ്ങളില്‍, കോര്‍പറേഷനില്‍ നിര്‍ദേശിക്കപ്പെട്ട പരിഷ്‌കാരങ്ങളെ ഏതാണ്ടെല്ലാത്തിനെയും എതിര്‍ത്തവരാണ് ഇവിടുത്തെ യൂനിയനുകളൊക്കെ. യൂനിയനുകള്‍ക്ക് അനിഷ്ടം തോന്നുന്ന മാനേജിംഗ് ഡയറക്ടര്‍മാരെ മാറ്റാന്‍ സര്‍ക്കാറും മടിച്ചിട്ടില്ല. പിണറായി വിജയന്‍ സര്‍ക്കാറിന്റെ കാലത്ത് എം ഡി സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട ടോമിന്‍ ജെ തച്ചങ്കരിയെ നീക്കിയതിന് പിറകിലും യൂനിയനുകളുടെ സമ്മര്‍ദമുണ്ടായിരുന്നു. പരിഷ്‌കാരങ്ങളെ എതിര്‍ക്കുമ്പോള്‍, തൊഴിലാളികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടിനൊപ്പം സ്ഥാപനം തകര്‍ന്നു പോകുമെന്നും യൂനിയനുകള്‍ പറയാറുണ്ട്. അങ്ങനെ പറയുന്ന സംഘടനകള്‍ക്ക് മുന്നിലാണ് ഇപ്പോള്‍ പരസ്യമാക്കപ്പെട്ട പണാപഹരണവും അഴിമതിയുമൊക്കെ അരങ്ങേറിയത്. കോര്‍പറേഷനിലേക്ക് നടക്കുന്ന കോടികളുടെ വാങ്ങലുകള്‍ക്ക് പിറകില്‍ മറിയുന്ന വലിയ കമ്മീഷനുകളുള്‍പ്പെടെ രഹസ്യമായി തുടരുന്ന ക്രമക്കേടുകള്‍ എത്രയുണ്ടാകും?

ലൈഫ് മിഷന്റെ ഭാഗമായി വടക്കാഞ്ചേരിയില്‍ നിര്‍മാണം തുടങ്ങിയത് 140 അപ്പാര്‍ട്ട്‌മെന്റുകളാണ്, റെഡ് ക്രസന്റില്‍ നിന്ന് സഹായമായി ലഭിച്ച 20 കോടി രൂപ ഉപയോഗിച്ച്. അതില്‍ നാല് കോടി രൂപ കൈക്കൂലിയായി കൈമാറിയെന്ന ആരോപണം സി ബി ഐയും സംസ്ഥാന വിജിലന്‍സുമൊക്കെ അന്വേഷിക്കുന്നുണ്ട്. 100 കോടി അപഹരിക്കപ്പെട്ടതില്‍, കോര്‍പറേഷന്റെ നഷ്ടം അധികരിപ്പിക്കും വിധത്തില്‍ ജീവനക്കാരിലെ ചെറുവിഭാഗം നടത്തുന്ന വലിയ ക്രമക്കേടുകളില്‍ ഒരന്വേഷണവും ഇതുവരെ നടന്നിട്ടില്ല. നടന്നാല്‍ തന്നെ എവിടെയെങ്കിലുമെത്തുമെന്ന പ്രതീക്ഷയുമില്ല. 20 കോടിക്ക് 140 കുടുംബങ്ങള്‍ക്ക് അപ്പാര്‍ട്ട്‌മെന്റാകുമെങ്കില്‍, 100 കോടിക്ക് 700 കുടുംബങ്ങള്‍ക്ക് കൂരയാകും. യൂനിയനുകള്‍ പറയുന്നത് പോലെ അപഹരിക്കപ്പെട്ടത് 400 കോടിയാണെങ്കില്‍ 2,800 കുടുംബങ്ങളുടെ കൂരയുടെ വിലയാണത്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്