Connect with us

Malappuram

സ്വന്തം വള്ളമായി; താനൂരിൽ ഏഴ് കുടുംബങ്ങളുടെ ജീവിതാഭിലാഷം സാക്ഷാത്കരിച്ച് മർകസ്

Published

|

Last Updated

താനൂർ ചാപ്പപ്പടി കടപ്പുറത്ത് മർകസ് വിതരണം ചെയ്യുന്ന മൽസ്യബന്ധന വള്ളങ്ങൾ  ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി കൈമാറുന്നു

താനൂർ | വറുതിയുടെ നാളുകളിൽ താനൂരിലെ കടൽത്തൊഴിലാളികളായ ഹംസക്കോയയുടെയും അശ്രഫിന്റെയും മോഹമായിരുന്നു സ്വന്തമായൊരു മൽസ്യബന്ധന വള്ളമെന്നത്. വർഷങ്ങൾ നീണ്ടെങ്കിലും ആ  മോഹം സ്വപ്നമായി കിടക്കുകയായിരുന്നു. വലിയ വള്ളങ്ങളിൽ തൊഴിലാളികളായി പോവുകയായിരുന്നു ഇരുവരും. അതിനിടയിലാണ് പാവപ്പെട്ട മൽസ്യത്തൊഴിലാളികൾക്ക് മർകസ് വള്ളങ്ങൾ നൽകുന്നുവെന്ന വിവരം ഇവരറിഞ്ഞത്. എസ് വൈ എസ് സാന്ത്വനം മുഖേന അപേക്ഷയും കൈമാറി.

മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി വള്ളങ്ങൾ കൈമാറിയതോടെ നിറഞ്ഞ സന്തോഷമായിരുന്നു ഇരുവരുടെയും മുഖത്ത്. ചാപ്പപ്പടി കടപ്പുറത്ത് നടന്ന ചടങ്ങിൽ പരപ്പനങ്ങാടി ഭാഗത്തുള്ള 5 കുടുംബങ്ങൾക്ക് കൂടി വള്ളങ്ങൾ കൈമാറി.

സ്വയംപര്യാപത സമൂഹം എന്ന മർകസിന്റെ പദ്ധതിയുടെ ഭാഗമായാണ് അഞ്ചു ലക്ഷം രൂപ വരുന്ന വള്ളങ്ങൾ കൈമാറിയത്. തീരപ്രദേശങ്ങളിൽ ജീവിക്കുന്ന കടൽത്തൊഴിലാളികളിൽ അധികവും സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരാണെന്നും അത്തരം അടിസ്ഥാന ജനവിഭാഗങ്ങളെ സ്വയം പര്യാപ്തരാക്കി മാറ്റുകയെന്നത് മർകസ് ലക്ഷ്യമാണെന്നും ഡോ. അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു.

എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് ജലാലുദ്ധീൻ ജീലാനി അധ്യക്ഷത വഹിച്ചു. താനൂർ സി ഐ. പി പ്രമോദ് , റിലീഫ് ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ മാനേജർ റഷീദ് പുന്നശ്ശേരി, ശമീം കൽപേനി, എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് എൻ വി അബ്ദുറസാഖ് സഖാഫി, എസ് വൈ എസ് താനൂർ സോൺ പ്രസിഡന്റ് കുഞ്ഞു മോൻ അഹ്‌സനി, എസ് വൈ എസ് താനൂർ വർക്കിങ് സെക്രട്ടറി അബ്ദുറഹ്മാൻ സഖാഫി മീനടത്തൂർ, മർസൂഖ് നൂറാനി, നൗഫൽ പെരുമണ്ണ പ്രസംഗിച്ചു.