National
പി എം കെയേഴ്‌സ് ഫണ്ടിന്റെ സുതാര്യത ചോദ്യം ചെയ്ത് നൂറിലേറെ മുന്‍ ഐ എ എസ് ഉദ്യോഗസ്ഥര്‍

ന്യൂഡല്‍ഹി | പി എം കെയേഴ്‌സ് ഫണ്ടിന്റെ സുതാര്യത ചോദ്യം ചെയ്ത് നൂറിലേറെ വിരമിച്ച ഉദ്യോഗസ്ഥര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഫണ്ടിലേക്ക് വന്ന പണം, ചെലവ് എന്നിവയെ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ക്രമക്കേട് നടക്കുന്നുണ്ടെന്ന സംശയം ഒഴിവാക്കാന്‍ സാമ്പത്തിക വിശദാംശങ്ങള്‍ പുറത്തുവിടേണ്ടതുണ്ട്. സത്യസന്ധത, പൊതു ഉത്തരവാദിത്വം പാലിക്കല്‍ തുടങ്ങിയവക്ക് ഇത് പ്രധാനമാണ്. പി എം കെയേഴ്‌സ് സംബന്ധിച്ച നിലവിലെ ചര്‍ച്ചകള്‍ ശ്രദ്ധിക്കുന്നുണ്ടെന്നും അതിനാലാണ് കത്തെഴുതിയതെന്നും ഇവര്‍ പറഞ്ഞു.
കൊവിഡ് മഹാമാരി കാരണം ബാധിച്ച ജനങ്ങളെ സഹായിക്കാനാണ് പി എം കെയേഴ്‌സ് സ്ഥാപിച്ചത്. എന്നാല്‍, ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങള്‍ ഇതിനോടനുബന്ധിച്ച് ഉയര്‍ന്നുവന്നു. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട പദ്ധതിയായതിനാല്‍ എല്ലാ ഇടപാടുകള്‍ സുതാര്യമായിരിക്കണമെന്നും കത്തില്‍ പറയുന്നു.
മുന്‍ ഐ എ എസ് ഉദ്യോഗസ്ഥരായ അനിത അഗ്നിഹോത്രി, ശരദ് ബെഹര്‍, സജ്ജാദ് ഹസന്‍, ഹര്‍ഷ് മന്ദര്‍, പി ജോയ് ഉമ്മന്‍, അരുണാ റോയ്, മുന്‍ നയതന്ത്ര പ്രതിനിധികളായ മധു ഭഡുരി, കെ പി ഫാബിയാന്‍, ദേബ് മുഖര്‍ജി, സുജാത സിംഗ്, മുന്‍ ഐ പി എസ് ഉദ്യോഗസ്ഥരായ എ എസ് ദുലത്, പി ജി ജെ നമ്പൂതിരി, ജൂലിയോ റിബിറോ അടക്കമുള്ളവരാണ് കത്തില്‍ ഒപ്പുവെച്ചത്.