സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് 3.45 ശതമാനമായി ഇടിഞ്ഞുവെന്ന് സാമ്പത്തിക സര്‍വേ

Posted on: January 14, 2021 5:51 pm | Last updated: January 15, 2021 at 7:49 am

തിരുവനന്തപുരം | സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് ഇടിഞ്ഞതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. 6.49ല്‍ നിന്ന് 3.45 ശതമാനമായാണ് വളര്‍ച്ചാനിരക്ക് കുറഞ്ഞതെന്ന് ധനമന്ത്രി തോമസ് ഐസക് നിയസഭയില്‍ വെച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പ്രളയവും കൊവിഡും വളര്‍ച്ചാ നിരക്കിനെ ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2018- 19 കാലത്ത് കേരളത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് 6.49 % ആയിരുന്നു. ഇത് 2019-20 വര്‍ഷത്തില്‍ 3.45 ശതമാനമായി ഇടിഞ്ഞു. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സമ്പദ് വ്യവസ്ഥ 26 ശതമാനം ചുരുങ്ങുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സംസ്ഥാനത്തിന്റെ കടബാധ്യത 2,60,311.37 കോടി രൂപയാണ്. ആഭ്യന്തര കടം 1,65,960.04 കോടിയായി വര്‍ധിച്ചു. റവന്യൂ വരുമാനത്തില്‍ 2,629 കോടിയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. തനത് നികുതി വരുമാനത്തിലും കുറവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.