കര്‍ഷക നിയമം: പൊതുതാത്പര്യ ഹരജികള്‍ ഇന്ന് സുപ്രീം കോടതിയില്‍

Posted on: January 11, 2021 7:51 am | Last updated: January 11, 2021 at 12:51 pm

ന്യൂഡല്‍ഹി | കേന്ദ്രസര്‍ക്കാറിന്റെ പുതിയ ജനദ്രോഹ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനും കര്‍ഷകര്‍ നടത്തുന്ന സമരങ്ങള്‍ അവസാനിപ്പിക്കാനും ഇടപടെല്‍ വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹരജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. നിരവധി ഹരജികളാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്.
രാഷ്ട്രീയ പരിഹാരം കാണേണ്ട വിഷയത്തില്‍ കോടതി ഇടപെടരുതെന്ന് സമരമുഖത്തുള്ള കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടും. പ്രക്ഷോഭത്തിലുള്ള പല കര്‍ഷക സംഘടനകള്‍ക്കും നോട്ടിസ് ലഭിക്കാത്തതും ഇവര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടും.

മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും ദുഷ്യന്ത് ദവെയുമാണ് പ്രക്ഷോഭകര്‍ക്ക് വേണ്ടി ഹാജരാകുന്നത്. ജനുവരി 26ന് രാജ്പഥില്‍ റാലി നടത്താന്‍ ആവശ്യമെങ്കില്‍ മുന്‍കൂറായി തന്നെ ഡല്‍ഹിയിലേക്ക് ട്രാക്ടറുകളുമായി കടക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.

ജനുവരി 20ന് ഗുരു ഗോബിന്ദ് സിംഗ് ജയന്തി ദിനത്തില്‍ കര്‍ഷകര്‍ പ്രതിജ്ഞയെടുക്കും. അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം 47-ാം ദിവസത്തിലേക്ക് എത്തിയതോടെ കൂടുതല്‍ തീവ്രമാക്കാനാണ് കര്‍ഷകരുടെ നീക്കം.