ഇന്ത്യന്‍ കളിക്കാര്‍ക്ക് വംശീയ അധിക്ഷേപം: ആസ്‌ത്രേലിയ മാപ്പ് പറഞ്ഞു

Posted on: January 10, 2021 6:25 pm | Last updated: January 10, 2021 at 10:13 pm

സിഡ്‌നി | മൂന്നാം ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യന്‍ കളിക്കാരെ കാണികള്‍ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ ക്രിക്കറ്റ് ആസ്‌ത്രേലിയ മാപ്പ് പറഞ്ഞു. അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ചാണ് ജസ്പ്രിത് ബുംറക്കും മുഹമ്മദ് സിറാജിനും നേരെ കാണികള്‍ വംശീയ അധിക്ഷേപം ചൊരിഞ്ഞത്.

ഇന്ത്യയുടെ പരാതിയെ തുടർന്ന് ആറ് ഓസ്ട്രേലിയന്‍ ആരാധകരെ സിഡ്നി ക്രിക്കറ്റ് മൈതാനത്ത് നിന്ന് പുറത്താക്കിയിരുന്നു. മൂന്നാം ടെസ്റ്റിന്റെ നാലാം ദിനത്തിലാണ് സിറാജിന് വീണ്ടും മോശം അനുഭവം ഉണ്ടായത്. മൂന്നാം ദിനത്തില്‍ സിറാജിനും ജസ്പ്രീത് ബുംറയ്ക്കുമെതിരേ കാണികളില്‍ നിന്ന് വംശീയാധിക്ഷേപം ഉണ്ടായിരുന്നു. ഇതില്‍ ഇന്ത്യ പരാതി നല്‍കിയതിന് തൊട്ടടുത്ത ദിവസമാണ് വീണ്ടും അധിക്ഷേപം.

നാലാം ദിനം കാമറൂണ്‍ ഗ്രീനിനെതിരേ പന്തെറിഞ്ഞ് ബൗണ്ടറി ലൈനിനടുത്ത് ഫീല്‍ഡ് ചെയ്യാന്‍ എത്തിയപ്പോഴാണ് സിറാജിന് നേരെ കാണികളില്‍ ചിലര്‍ മോശമായി പെരുമാറിയത്.

സിറാജ് അറിയിച്ചതിനെ തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ഇക്കാര്യം ഓള്‍ഫീല്‍ഡ് അമ്പയര്‍മാരെ അറിയിക്കുകയും ചെയ്തു.വിഷയത്തില്‍ ഇടപെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ ആറ് കാണികളെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു.