Connect with us

Kasargod

നവജാത ശിശുവിനെ കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍

Published

|

Last Updated

കാസര്‍കോട് | കാസര്‍കോട് ബദിയടുക്കയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ മാതാവ് ഷാഹിനയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇവരെ മെഡിക്കല്‍ പരിശോധനക്ക് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും. ആദ്യ പ്രസവത്തിന് ശേഷം താമസിയാതെ വീണ്ടും ഗര്‍ഭിണിയായതിലുള്ള ജാള്യത മറയ്ക്കാനാണ് ശിശുവിനെ കൊലപ്പെടുത്തിയതെന്ന് ഷാഹിന പോലീസിന് മൊഴി നല്‍കി.

ഡിസംബര്‍ പതിനാറിനാണ് ഷാഹിന കുഞ്ഞിനെ കൊന്നത്. രക്തസ്രാവത്തെ തുടര്‍ന്ന് യുവതി ചെങ്കളയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ഗര്‍ഭിണിയായിരുന്നുവെന്ന കാര്യം യുവതി മറച്ചുവച്ചിരുന്നു. എന്നാല്‍, പ്രസവം നടന്നതായി സ്ഥിരീകരിച്ച ഡോക്ടര്‍ വീട്ടില്‍ തിരച്ചില്‍ നടത്താന്‍ ആവശ്യപ്പെട്ടു. തിരച്ചിലില്‍ കട്ടിലിനടിയില്‍ തുണിയില്‍ ചുറ്റി ഒളിപ്പിച്ച നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. കഴുത്തില്‍ വയര്‍ ഉപയോഗിച്ച് മുറുക്കിയാണ് കൊലപാതകം നിര്‍വഹിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു.

ഷാഹിന രണ്ടാമത് ഗര്‍ഭിണിയായിരുന്നത് അറിഞ്ഞിരുന്നില്ലെന്നാണ് ഭര്‍ത്താവും ബന്ധുക്കളും പറയുന്നത്.