വൈറ്റില പാലം കേസ്: മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

Posted on: January 7, 2021 8:18 am | Last updated: January 7, 2021 at 8:18 am

കൊച്ചി |  ഉദ്ഘാടനം കാത്തിരിക്കുന്ന കൊച്ചി വൈറ്റില മേല്‍പ്പാലത്തിലൂടെ വാഹനം കടത്തി വിട്ട കേസില്‍ കൂടുതല്‍ പേര്‍ അറസ്റ്റില്‍ എറണാകുളം തമ്മനം സ്വദേശി ആന്റണി ആല്‍വിന്‍, കളമശ്ശേരി സ്വദേശി സാജന്‍, മട്ടാഞ്ചേരി സ്വദേശി ഷക്കീല്‍ അലി എന്നിവരെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ നാല് വി ഫോര്‍ കേരള പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. പ്രവര്‍ത്തകരുടെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്നാണ് വി ഫോര്‍ കേരളയുടെ ആരോപണം.

വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന്‍, സൂരജ്, ആഞ്ചലോസ്, റാഫേല്‍ എന്നിവരെയാണ് വൈറ്റില മേല്‍പ്പാലത്തിലൂടെ വാഹനങ്ങള്‍ കടത്തി വിട്ട കേസില്‍ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനില്‍ നിര്‍ണായക ശക്തി തെളിയിച്ച തങ്ങളെ ഇല്ലാതാക്കാനുള്ള സിപിഎം നീക്കത്തിന്റെ ഭാഗമാണ് അറസ്റ്റെന്ന് വി ഫോര്‍ കേരളയുടെ ആരോപിച്ചു.