എന്‍ സി പി ഇടത് മുന്നണി വിടുമെന്നത് തെറ്റായ പ്രചാരണം: വിജയരാഘവന്‍

Posted on: January 4, 2021 4:45 pm | Last updated: January 4, 2021 at 10:08 pm

തിരുവനന്തപുരം | എന്‍ സി പി ഇടത് മുന്നണി വിടുമെന്നത് തെറ്റായ പ്രചാരണമാണെന്ന് മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍. എല്‍ ഡി എഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോവുകയാണെന്നും യു ഡി എഫിലാണ് അനൈക്യമുള്ളതെന്നും തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ വിജയരാഘവന്‍ പറഞ്ഞു. സീറ്റിന്റെ കാര്യത്തില്‍ എന്‍ സി പി ഇതുവരെ പ്രശ്‌നങ്ങളൊന്നും ഉന്നയിച്ചിട്ടില്ല. പാലാ സീറ്റ് വിഷയം ഇതുവരെ ഇടതു മുന്നണി ചര്‍ച്ച ചെയ്തിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ മറ്റെല്ലാ മണ്ഡലങ്ങളിലുമെന്നതു പോലെ പാലയിലും ഇടതു മുന്നണി സ്ഥാനാര്‍ഥിയുണ്ടാകും.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടത് യു ഡി എഫില്‍ തര്‍ക്കം രൂക്ഷമാക്കിയിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും വിജയരാഘവന്‍ ആവശ്യപ്പെട്ടു.