താന്‍ മത്സരിക്കാനില്ല; സിറ്റിംഗ് എം എല്‍ എമാര്‍ മണ്ഡലം മാറേണ്ടതില്ല- കെ മുരളീധരന്‍

Posted on: January 4, 2021 7:42 am | Last updated: January 4, 2021 at 11:18 am

തിരുവനന്തപുരം |  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് നിന്നും മണ്ഡലം മാറാന്‍ ആലോചിക്കുന്നതായ അഭ്യൂഹങ്ങള്‍ക്കിടെ ഇത് തടയിടുന്ന തരത്തിലുള്ള പ്രസ്താവനയുമായി കെ മുരളീധരന്‍ എം പി. സിറ്റിംഗ് എം എല്‍ എമാര്‍ മണ്ഡലം മാറേണ്ടതില്ലെന്ന് മുരളീധരന്‍ പറഞ്ഞു. താന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. സിറ്റിംഗ് എം പിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. ഉമ്മന്‍ചാണ്ടി ഏത് പദവിയില്‍ വന്നാലും യു ഡി എഫ് അത് മുതല്‍ക്കൂട്ടാണെന്നും കെ മുരളീധരന്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്ക്‌പോക്ക് നടത്തിയതിനെ നേരത്തെ ന്യായീകരിച്ചിരുന്ന അദ്ദേഹം നിലാപാട് തിരുത്തി. നിയമസഭാ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു സഖ്യത്തിനും യു ഡി എഫ് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍ സി പി യു ഡി എഫില്‍ എത്തുന്നത് നല്ലതാണ്. പി സി ജോര്‍ജിനും, പി സി തോമസിനും മുമ്പില്‍ യു ഡി എഫിന്റെ വാതില്‍ അടിച്ചിട്ടില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.