Kerala
കേരളം വാക്‌സിനേഷന് സജ്ജം; നാല് ജില്ലകളിൽ നാളെ ഡ്രൈ റൺ
തിരുവനന്തപുരം | സംസ്ഥാനത്തെ കൊവിഡ് വാക്‌സിന് കുത്തിവയ്പ്പിനു മുന്നോടിയായി നാളെ നാല് ജില്ലകളിൽ ഡ്രൈ റൺ (മോക് ഡ്രില്) നടത്തും. ഇതിനായുള്ള നടപടി ക്രമങ്ങൾ പൂര്ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ഷൈലജ അറിയിച്ചു.
തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂര്ക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലയിലെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് ജില്ലയിലെ കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റൺ നടക്കുന്നത്.
ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്ത്തകർ വീതമാണ് ഡ്രൈ റണിൽ പങ്കെടുക്കുക. നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് ഉള്പ്പെടെയുള്ള കൊവിഡ് വാക്‌സിനേഷൻ നൽകുന്ന നടപടിക്രമങ്ങളെല്ലാം അതുപോലെ പാലിച്ചാണ് ഡ്രൈ റൺ നടത്തുന്നത്. വാക്‌സിൻ കാരിയർ ഉൾപ്പെടെയുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്.
കൊവിഡ് വാക്‌സിനേഷനായി ഇതുവരെ 3.13 ലക്ഷം പേരാണ് രജിസ്റ്റര് ചെയ്തത്. ലാർജ് ഐ എല് ആർ 20, വാസ്‌കിന് കാരിയര് 1800, കോൾഡ് ബോക്‌സ് വലുത് 50, കോള്ഡ് ബോക്‌സ് ചെറുത് 50, ഐസ് പായ്ക്ക് 12,000 എന്നിവ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഒരിക്കൽ മാത്രം ഉപയോഗിക്കാന് പറ്റുന്ന 14 ലക്ഷം സിറിഞ്ചുകള് ഉടൻ സംസ്ഥാനത്തെത്തും.
ആദ്യ ഘട്ടത്തിൽ സര്ക്കാര്, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ വിദ്യാർഥികൾ, ആശ വർക്കർമാർ, ഐ സി ഡി എസ് അങ്കണവാടി ജീവനക്കാർ എന്നിവര്ക്കാണ് വാക്‌സിൻ നൽകുന്നത്.







