അമേരിക്കയില്‍ തൊഴില്‍ വിസ നിയന്ത്രണങ്ങള്‍ നീട്ടി

Posted on: January 1, 2021 9:40 am | Last updated: January 1, 2021 at 5:49 pm

വാഷിംഗ്ടണ്‍ |  കൊവിഡ് വ്യാപനം കണക്കിലെടുത്തെന്ന് പറഞ്ഞ് അമേരിക്കയില്‍ ജോലിക്കുള്ള വിസയിലെ നിയന്ത്രണങ്ങളുടെ കാലാവധി നീട്ടി. കൊവിഡ് വലിയ പ്രത്യാഘാതങ്ങളാണ് അമേരിക്കയുടെ തൊഴില്‍ മേഖലയില്‍ സൃഷ്ടിച്ചത്. മാത്രമല്ല അമേരിക്കന്‍ പൗരന്മാരുടെ ആരോഗ്യമാണ് ഏറ്റവും ദേശീയ പ്രാധാന്യമുള്ള വിഷയം. ഇതിനാല്‍ മാര്‍ച്ച് വരെ നിയന്ത്രണങ്ങള്‍ നീട്ടുകയാണെന്ന് പ്രസിഡന്റ് ് ട്രംപ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
ഇപ്പോള്‍ കാലാവധി നീട്ടിയിരിക്കുന്ന നിയന്ത്രണങ്ങള്‍ വിവിധ തരം വിസകളെയാണ് ബാധിക്കുന്നത്. ഇത്തരം വിസകള്‍ ഉപയോഗിച്ചുകൊണ്ട് അമേരിക്കയില്‍ ജോലിക്കെത്താന്‍ ശ്രമിക്കുന്നവരെയാണ് ഈ നിയന്ത്രണങ്ങള്‍ ഗൗരവമായി ബാധിക്കുക.

ഐ ടി സാങ്കേതിക മേഖലയില്‍ പ്രധാനമായും ഉപയോഗിക്കുന്ന എച്ച് -1ബി വിസ, കൃഷി ഇതര ജോലികള്‍ക്കെത്തുന്ന സീസണല്‍ ജോലിക്കാരുടെ എച്ച്-2ബി, കള്‍ച്ചറല്‍ എക്സ്ചേഞ്ച് ജെ-1 വിസ, എച്ച്-1ബി എച്ച് 2ബി വിസയുള്ളവരുടെ ദമ്പതിമാര്‍ക്കുള്ള വിസ, യു എസിലേക്ക് ജോലിക്കാരെ റീലോക്കേറ്റ് ചെയ്യുന്നതിനാല്‍ കമ്പനികള്‍ നല്‍കുന്ന എല്‍ വിസ എന്നിവയെല്ലാം നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ട്രംപ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതോടെ ഈ നിയന്ത്രണങ്ങളില്‍ ഇളവ് വരുമെന്നായിരുന്നു വിലയിരുത്തലുകള്‍.