Connect with us

Editorial

ഡബ്ല്യു എച്ച് ഒ മേധാവിയുടെ വാക്കുകൾ പ്രസക്തം

Published

|

Last Updated

കൊറോണ വൈറസിന് കൂടുതല്‍ വ്യാപനശേഷി കൈവരുന്ന തരത്തില്‍ ജനിതക മാറ്റം സംഭവിക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ വൈറസ് ബാധ വര്‍ധിച്ച തോതില്‍ കാണപ്പെടുകയും ചെയ്യുമ്പോള്‍ ലോകം കൊവിഡ് 19നെ മുമ്പത്തേക്കാളേറെ ഭയപ്പാടോടെ കാണുകയാണ്. വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതില്‍ ഭാഗികമായെങ്കിലും വിജയിച്ചത് ആശ്വാസം പകര്‍ന്നിരുന്നു. പക്ഷേ ആ ആശ്വാസവും അസ്തമിക്കുകയാണ്. പുതിയ വകഭേദത്തിന് ഇപ്പോള്‍ കണ്ടെത്തിയ വാക്‌സിനുകള്‍ ഫലപ്രദമാകുമെന്ന് ഉറപ്പിച്ച് പറയാന്‍ ഗവേഷകര്‍ക്ക് സാധിക്കുന്നില്ല. പുതിയ പരീക്ഷണങ്ങള്‍ തന്നെ നടക്കേണ്ടിയിരിക്കുന്നു. പ്രതിരോധ വാക്‌സിനുള്ള കാത്തിരിപ്പ് ഇനിയും നീളുമെന്ന് ചുരുക്കം. വൈറസുകളുടെ വകഭേദങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് പുതിയ കാര്യമല്ല. സാര്‍സും മെര്‍സുമൊക്കെ ഇങ്ങനെ മാറി മാറി വന്നതാണല്ലോ. ഈ പ്രതിസന്ധിയെയും മറികടക്കുമെന്നാണ് ശാസ്ത്ര ലോകം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. പക്ഷേ, ആത്മവിശ്വാസത്തേക്കാളേറെ നിസ്സഹായതയും അനിശ്ചിതത്വവുമാണ് മനുഷ്യനെ ചൂഴ്ന്നു നില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനാ മേധാവി നല്‍കിയ മുന്നറിയിപ്പ് ഏറെ പ്രസക്തമാണ്.
ലോകം അഭിമുഖീകരിക്കുന്ന അവസാന മഹാമാരിയായിരിക്കില്ല കൊവിഡെന്നാണ് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ് നല്‍കിയ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ മാനവരാശി ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി നിലകൊള്ളാനുള്ള ബാധ്യത മുഴുവന്‍ പേരും നിര്‍വഹിക്കണം. മഹാമാരിക്കെതിരെ പണം ചെലവഴിക്കുന്നത് യാതൊരു ദീര്‍ഘവീക്ഷണവുമില്ലാതെയാണ്. വരാനിരിക്കുന്ന മഹാമാരിയെ നേരിടാന്‍ യാതൊന്നും ചെയ്യുന്നില്ല- പകര്‍ച്ചവ്യാധി പ്രതിരോധ മുന്നൊരുക്ക നടപടികള്‍ക്കായുള്ള ആദ്യ രാജ്യാന്തര ദിനാചരണത്തിന്റെ ഭാഗമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നല്‍കിയ സന്ദേശത്തില്‍ അദാനോം പറഞ്ഞു.

കൊവിഡ് 19 മഹാമാരിയില്‍ നിന്ന് പാഠം പഠിക്കേണ്ട സമയമായി. പരിഭ്രാന്തരാകുക, അവഗണിക്കുക. വളരെക്കാലമായി ലോകം ഈ രീതിയിലാണ് മുന്നോട്ടുപോകുന്നത്. മഹാമാരി പൊട്ടിപ്പുറപ്പെടുമ്പോള്‍ അതിനെ നേരിടാന്‍ പണം ഒഴുക്കും. രോഗം നിയന്ത്രണവിധേയമാകുന്നതോടെ അത് മറക്കും. വരാനിരിക്കുന്ന മഹാമാരിയെ ചെറുക്കാന്‍ യാതൊരു മുന്‍കരുതലും സ്വീകരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. വന്‍ നാശം സൃഷ്ടിക്കാവുന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടാല്‍ അതിനെ പ്രതിരോധിക്കാന്‍ ലോകം ഒട്ടും സജ്ജമല്ലെന്ന് കൊവിഡ് പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പ് ദ ഗ്ലോബല്‍ പ്രിപ്പേഡ്നസ് മോണിറ്ററിംഗ് ബോര്‍ഡിന്റെ 2019 സെപ്തംബറിലെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഒരു മഹാമാരിയും അവസാനത്തേതല്ലെന്നും പകര്‍ച്ചവ്യാധികള്‍ ജീവിതത്തിന്റെ ഭാഗമാണെന്നുമാണ് ചരിത്രം പറയുന്നതെന്നും അദാനോം പറയുന്നു. അദാനോം നല്‍കിയ മുന്നറിയിപ്പുകള്‍ ഏറ്റവും കൂടുതല്‍ പ്രസക്തമാകുക വികസിത, സമ്പന്ന രാജ്യങ്ങള്‍ക്കാണ്. അവിടെ ചികിത്സാ സൗകര്യങ്ങള്‍ക്ക് പണമില്ലാത്തതല്ല പ്രശ്‌നം. മറിച്ച് ദീര്‍ഘ കാലത്തേക്ക് ആരോഗ്യ നയം ഇല്ലെന്നതാണ് വിഷയം. ദരിദ്ര രാജ്യങ്ങളിലാകട്ടെ വിഭവ ദൗര്‍ലഭ്യവും സാങ്കേതിക പിന്നാക്കാവസ്ഥയും വെല്ലുവിളികള്‍ നേരിടുന്നതിന് തടസ്സമാകുന്നു. കൊവിഡിന് മുന്നില്‍ വികസിത, അവികസിത വ്യത്യാസം മാഞ്ഞു പോകുകയുണ്ടായി. എല്ലാ രാജ്യങ്ങളെയും അത് ബാധിച്ചു. ലോകത്തിന്റെ സാമ്പത്തിക സാങ്കേതിക നേതൃസ്ഥാനം അവകാശപ്പെടുന്ന അമേരിക്കയിലാണ് ഈ മഹാമാരി ഭീകരമായ പ്രതിസന്ധി സൃഷ്ടിച്ചത്. അവിടെ സംഭവിച്ചതെന്താണെന്ന് പരിശോധിച്ചാല്‍ മാത്രം മതി ലോകം ഇത്തരമൊരു സാഹചര്യം നേരിടാന്‍ സജ്ജമല്ലെന്ന് വ്യക്തമാകാന്‍. കൊവിഡ് മഹാമാരി പടരുന്ന ഘട്ടത്തില്‍ അവിടെ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് രാഷ്ട്രീയ ആരോപണത്തിനുള്ള ആയുധമാക്കി ആ പ്രതിസന്ധിയെ മാറ്റുകയാണ് ചെയ്തത്. ഉത്തരവാദിത്വമില്ലാത്ത പ്രതികരണങ്ങളും നയങ്ങളുമായാണ് അദ്ദേഹം മുന്നോട്ട് പോയത്.

ആരോഗ്യരക്ഷാ സംവിധാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായി പിന്‍വാങ്ങി സ്വകാര്യ മേഖലക്കും ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കും ലാഭം കൊയ്യാന്‍ ഈ രംഗം വിട്ടുകൊടുത്തതായിരുന്നു അടിസ്ഥാന പ്രശ്‌നം. ഇങ്ങ് ഇന്ത്യയിലും കൊവിഡ് കാലത്ത് ഈ പാഠം പഠിച്ചിട്ടില്ലെന്നത് ഖേദകരമാണ്. കൊവിഡ് ലക്ഷണങ്ങള്‍ക്ക് ശമനം വരുത്തുമെന്ന് കരുതപ്പെട്ടിരുന്ന മലേറിയ മരുന്ന് ഹൈഡ്രോക്‌സിക്ലൊറോക്വിന്‍ ഉത്പാദിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ കരാര്‍ നല്‍കിയത് സ്വകാര്യ കമ്പനികളായ മുംബൈയിലെ ഐ പി സി എക്കും അഹമ്മദാബാദിലെ സൈയൂസ് കാഡിലക്കുമാണ്. ഇത്രയധികം ആവശ്യമുള്ള ഒരു മരുന്ന് നിര്‍മിക്കാനുള്ള കരാര്‍ അതിന്റെ വലിയ ഡിമാന്‍ഡ് മുന്നില്‍ കണ്ട് ബംഗാള്‍ കെമിക്കല്‍ ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് തുടങ്ങിയ പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതായിരുന്നു ഉചിതം. അങ്ങനെ ആരോഗ്യരംഗത്ത് പൊതുമേഖലാ സംവിധാനം ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. അതുണ്ടായില്ല.

കൊവിഡ് കാലത്തെ ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിസന്ധി കുടിയേറ്റ തൊഴിലാളികളുടെ പലായനമായിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്വന്തം നാട്ടില്‍ തിരിച്ചെത്താന്‍ കഴിയാതെ അവര്‍ അലഞ്ഞു. ഗ്രാമങ്ങളിലെ കൃഷിയടക്കമുള്ള തൊഴില്‍ സാധ്യതകള്‍ അടഞ്ഞു പോകുമ്പോഴാണ് മനുഷ്യര്‍ നഗരങ്ങളിലേക്ക് ചേക്കേറുന്നത്. ചേരികളില്‍ തിങ്ങിത്താമസിക്കാന്‍ വിധിക്കപ്പെട്ട ഇവരില്‍ രോഗവ്യാപനം വേഗത്തിലാകുന്നു. മഹാമാരി പുതിയ രൂപത്തില്‍, ഭാവത്തില്‍ രാജ്യത്തെ പിടിച്ചുലക്കാനിരിക്കെ ഗ്രാമീണ തൊഴില്‍ മേഖലകളെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്. കരിനിയമങ്ങള്‍ വഴി കാര്‍ഷിക മേഖലയില്‍ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുകയല്ലേ ചെയ്യുന്നത്? പ്രകൃതിയോടിണങ്ങിയ ജീവിത രീതിയിലേക്കും ഉത്പാദന രീതികളിലേക്കും മടങ്ങാത്തിടത്തോളം പുതിയ രോഗാവസ്ഥകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. രോഗം പടരുമ്പോള്‍ പരിഭ്രമിക്കുക പിന്നെ അവഗണിക്കുക എന്നത് തന്നെയാണ് നമ്മുടെ രീതി. കൊവിഡ് പോലുള്ള പ്രതിസന്ധികള്‍ക്ക് മുന്നില്‍ രാജ്യങ്ങളില്ല, ലോകമേ ഉള്ളൂ. അതത് രാജ്യങ്ങള്‍ക്ക് പരിഹരിക്കാവുന്ന പ്രശ്‌നമല്ല ഇത്. അറിവുകളും അനുഭവങ്ങളും പങ്കുവെക്കണം. സാങ്കേതിക വിദ്യ കൂട്ടായി വികസിപ്പിക്കണം, ഉപയോഗിക്കണം.