Kerala
മലപ്പുറം ജില്ലാ വിഭജനമടക്കം സമഗ്ര വികസന നിര്‍ദ്ദേശങ്ങളുമായി കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് മുന്നില്‍

മലപ്പുറം | മുഖ്യമന്ത്രിയുടെ കേരള പര്യടനത്തോടനുബന്ധിച്ച് നടന്ന ജില്ലാതല ചര്‍ച്ചയില്‍ ജില്ലാ വിഭജനമടക്കം സമഗ്ര വികസനത്തിനുള്ള വിവിധ നിര്‍ദ്ദേശങ്ങളുമായി കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി. മലപ്പുറം ജില്ല നിലവില്‍ വന്നിട്ട് 50 വര്‍ഷം പൂര്‍ത്തിയായി. ജില്ല രൂപീകരിക്കുമ്പോള്‍ 14 ലക്ഷമായിരുന്ന ജനസംഖ്യ ഇന്ന് 45 ലക്ഷത്തിലെത്തിയിരിക്കുന്നു. ജനസംഖ്യാനുപാതികമായി മലപ്പുറത്തിന് അര്‍ഹതപ്പെട്ടതും. കിട്ടേണ്ടതുമായ ധാരാളം വികസന കാര്യങ്ങള്‍ ലഭിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
റവന്യൂ അടിസ്ഥാനപ്പെടുത്തിയുള്ള ജില്ല, താലൂക്ക്, വില്ലേജ്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ വിഭജനത്തിനും പുതിയവ രൂപീകരിക്കുന്നതിനും സമയം അതിക്രമിച്ചിട്ടുണ്ട്.
അതിനാല്‍ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന വികസന പ്രവര്‍ത്തനങ്ങളിലും എല്‍ ഡി എഫ് മുന്നോട്ടുവെക്കുന്ന പ്രകടന പത്രികയിലും ജില്ലക്ക് അര്‍ഹമായ പരിഗണന നല്‍കി മലപ്പുറം ജില്ലാ പാക്കേജ് നടപ്പാക്കണമെന്ന് നേതാക്കല്‍ മുഖ്യമന്ത്രിക്ക് മുമ്പാകെ നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ ആവശ്യപ്പെട്ടു.
ബഹു ഭാഷാ പഠന സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കുക, ആസ്ഥാനം മലപ്പുറവും കേരള ചരിത്ര രചനയുടെ അഗ്രേസരനായ ശൈഖ് സൈനുദ്ധീന്‍ മഖുദൂമിന്റെ നാമധേയത്തിലുമാക്കുക.ജില്ലാ ആസ്ഥാനത്ത് പ്രസ് ക്ലബ്ബ് മായി സഹകരിച്ച് ബഹുമുഖ മീഡിയ സ്‌കൂള്‍ സ്ഥാപിക്കുക.
20 ശതമാനം സീറ്റുവര്‍ധനക്ക് പകരം പുതിയ കോഴ്‌സുകളും ബാച്ചുകളും അനുവദിച്ച് ഹയര്‍ സെക്കണ്ടറി പഠന രംഗത്തെ പോരായ്മ പരിഹരിക്കണം.ഉന്നത വിദ്യാഭ്യാസ രംഗത്തെ പതിറ്റാണ്ടുകളുടെ പോരായ്മ പരിഹരിക്കാന്‍ പുതിയ കോളേജുകള്‍, നവീന കോഴ്‌സുകളും അനുവദിക്കണം.
ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ പ്രധാന പ്രാദേശിക ഉപകേന്ദ്രം മലപ്പുറത്ത് അനുവദിച്ച് ഇപ്പോള്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിദൂര പഠന സൗകര്യമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ പഠന തടസങ്ങള്‍ ഒഴിവാക്കണം.
വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ധീരസ്മരണ നിലനിര്‍ത്തുന്നതിനായി ചരിത്ര പഠന കേന്ദ്രം സ്ഥാപിക്കുക.
മദ്രസാധ്യാപകര്‍ക്ക് ഭവന പദ്ധതികളില്‍ പ്രത്യേകപരിഗണനല്‍കുക. ജീവിത നിലവാരമുയര്‍ത്താനുതകും വിധം സ്വയം തൊഴിലിനുള്ള സമഗ്ര പരിശിലനവും ലഭ്യമാക്കുക.
ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരില്‍ നിക്ഷിപ്തമാക്കുക.
മഞ്ചേരിയിലെ ജില്ലയിലെ ഏക മെഡിക്കല്‍ കോളേജിനെ വര്‍ദ്ധിച്ച് വരുന്ന മഹാമാരിയുള്‍പ്പെടെയുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള താക്കുകയും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ത്തുകയും ചെയ്യുക.
കൊണ്ടോട്ടി മാപ്പിളകലാ അക്കാഡമിക് കീഴില്‍ ദഫ്, അറബന തുടങ്ങിയ പാരമ്പര്യ കലകള്‍ക്ക് പരിശീലനം നല്‍കുക.
കേരളത്തിലെ കൃസ്ത്യന്‍ മുസ്ലിം സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ഫാസിസ്റ്റുകളുടെ ബോധപൂര്‍വ്വമുള്ള ശ്രമത്തെ മുളയിലെ നുള്ളിക്കളയാനുള്ള അടിയന്തിര ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ താല്‍പര്യമെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ടൂറിസം, കൃഷി, സാമുഹികം, പ്രവാസം, സംസ്‌കാരികം, വ്യവസായം, തീരദേശമലയോര മേഖലകളിലെ വികസന നിര്‍ദ്ദേശങ്ങളാണ് കൈമാറിയത്. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ജനറല്‍ സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി കെ പി ജമാല്‍ കരുളായി, യൂസ്ഫ് പെരിമ്പലം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.