Connect with us

Kerala

പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണറുടെ അനുമതി; ഉത്തരവ് തിങ്കളാഴ്ച

Published

|

Last Updated

തിരുവനന്തപുരം | വിവാദങ്ങള്‍ക്ക് ഒടുവില്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേരാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കി. സ്പിക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സമ്മേളനം ചേരാന്‍ അനുമതി നല്‍കിയത്. ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് തിങ്കളാഴ്ച ഗവര്‍ണര്‍ പുറപ്പെടുവിക്കും.

ജനുവരി എട്ടിന് ആരംഭിക്കുന്ന നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിക്കാനാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഗവര്‍ണറെ സന്ദര്‍ശിച്ചത്. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് പ്രത്യേക സമ്മേളനത്തിന് അനുമതി നല്‍കാമന്ന് ഗവര്‍ണര്‍ സമ്മതിച്ചത്. വെള്ളിയാഴ്ച മന്ത്രിമാരായ എ കെ ബാലനും വി എസ് സുനില്‍ കുമാറും ഗവര്‍ണറെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.

രണ്ട് തവണ അനുമതി നിഷേധിച്ച ശേഷമാണ് ഗവര്‍ണര്‍ ഇപ്പോള്‍ പ്രതേ്യക നിയമസഭാ സമ്മേളനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. പ്രത്യേക നിയമസഭാ സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യം എന്താണ് എന്ന് വിശദീകരിക്കണമെന്നായിരുന്നു ഗവര്‍ണറുടെ ആവശ്യം. ഇത് കൃത്യമായി വിശദീകരിക്കാന്‍ സര്‍ക്കാറിന് സാധിച്ചതോടെയാണ് ഗവര്‍ണര്‍ നിലപാട് തിരുത്തിയത്. കേരളം ഉപഭോക്തൃ സംസ്ഥാനമാണെന്നും കര്‍ഷക സമരം കേരളത്തെ പല നിലക്കും ബാധിക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയതായാണ് വിവരം.

കര്‍ഷക ബില്ലിന് എതിരെ പ്രമേയം പാസ്സാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി തേടി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. ഡിസംബര്‍ 31ന് സമ്മേളനം ചേരാന്‍ മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. സമ്മേളനത്തിന് ഗവര്‍ണര്‍ തത്വത്തില്‍ അനുമതി നല്‍കിയതോടെ ഗവര്‍ണറും സര്‍ക്കാറും തമ്മിലുള്ള ശീതസമരത്തിനും താത്കാലിക വെടിനിര്‍ത്തലാവുകയാണ്.