Connect with us

Kerala

51കാരി ഷോക്കേറ്റ് മരിച്ചതില്‍ ദുരൂഹത; ഭര്‍ത്താവായ 26കാരന്‍ അറസ്റ്റില്‍

Published

|

Last Updated

തിരുവനന്തപുരം | 51കാരി വീടിനുള്ളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത. കാരക്കോണ് ത്രേസ്യാപുരത്ത് ശാഖയെ ആണ് ശനിയാഴ്ച രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് ഭര്‍ത്താവായ 21കാരന്‍ അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്.

വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍ നിന്ന് ഷോക്കേറ്റാണ് ശാഖയുടെ മരണമെന്നാണ് അരുണ്‍ മൊഴി നല്‍കിയത്. എന്നാല്‍ പോലീസ് ഇത് വിശ്വസിക്കുന്നില്ല. അരുണ്‍ നേരത്തെയും ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി വീട്ടിലെ ഹോം നഴ്‌സ് മൊഴി നല്‍കിയിട്ടുണ്ട്. കിടപ്പുമുറിയിലേക്ക് വൈദ്യുതി ലൈന്‍ വലിച്ചായിരുന്നു ഷോക്കേല്‍പ്പിക്കാനുള്ള ശ്രമം. എന്നാല്‍ ശാഖ ഇത് കണ്ടതിനാല്‍ അത് വിഫലമായി.

ഇരുവരും തമ്മില്‍ നിരന്തരം വഴക്കിട്ടിരുന്നതായും അയല്‍വാസികളും ബന്ധുക്കളും പറയുന്നു. വിവാഹ ഫോട്ടോ പുറത്തായതിന്റെ പേരില്‍ അടുത്ത ദിവസവും ഇരുവരും കലഹിച്ചിരുന്നുവത്രെ. ശാഖയും അരുണും വിവാഹം മതാചാരണ പ്രകാരം വിവാഹിതരയായിരുന്നുവെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇതുസംബന്ധിച്ചും തര്‍ക്കം നിലനിന്നിരുന്നു. ശാഖയുടെ മൃതദേഹത്തിലും വീടിന്റെ തറയിലും ചോരപ്പാടുകള്‍ കണ്ടതും ശാഖയുടെ മൂക്കില്‍ ചതവ് സംഭവിച്ചതും സംശയം വര്‍ധിപ്പിക്കുന്നു.

സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയുള്ള ശാഖയുടെ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമാണ് അരുണ്‍ നടത്തിയതെന്നാണ് സംശയമുയരുന്നത്. അരുണിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതകത്തിന്റെ ചുരുളഴയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

Latest