Kerala
വീട് മുടക്കുന്നവര്‍ക്കല്ല; വീട് നല്‍കുന്നവര്‍ക്കാണ് ജനത്തിന്റെ വോട്ട്; എ സി മൊയ്തീന്‍

തൃശ്ശൂര്‍ | ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവാദത്തിന്റെ കേന്ദ്രമായ വടക്കാഞ്ചേരിയില്‍ എല്‍ ഡി എഫിനുണ്ടായ മികച്ച വിജയത്തിന് പിന്നാലെ അനില്‍ അക്കരയെ പരിഹസിച്ച് മന്ത്രി എ സി മൊയ്തീന്‍. ലൈഫ് മിഷന്‍ വിവാദം തുടങ്ങിയത് അനില്‍ അക്കരയാണ്. എന്നാല്‍ അപവാദം പരത്തുന്നവര്‍ക്കൊപ്പമല്ല ജനം നിന്നത്. വീട് മുടക്കുന്നവര്‍ക്കല്ല വീട് കൊടുക്കുന്നവര്‍ക്കാണ് അവര്‍ വോട്ട് ചെയ്തത്. അപവാദം പ്രചരിപ്പിക്കുന്നതില്‍ മാത്രമാണ് അക്കരക്ക് താത്പര്യം. അദ്ദേഹം സൃഷ്ടിച്ച വിവാദങ്ങള്‍ പലതും നിലവാരമില്ലാത്തതായിരുന്നെന്നും മന്ത്രി പറഞ്ഞു.
അക്കരയുടെ സ്വന്തം പഞ്ചായത്തും മണ്ഡലത്തിലെ മറ്റ് പ്രദേശവും യു ഡി എഫിന് നഷ്ടപ്പെട്ടു. ജനങ്ങളുടെ ബോധത്തെ ചോദ്യം ചെയ്യരുത്. ലൈഫ് പദ്ധതിയുടെ നിര്‍മ്മാണം തടഞ്ഞവര്‍ തന്നെ അതു പുനരാരംഭിക്കണമെന്ന് ഇപ്പോള്‍ ആവശ്യപെടുന്നുണ്ട്. ഇതെല്ലാം ഇരട്ട താപ്പാണ്. ലൈഫ് മിഷനില്‍ കോടതിയിലെ കേസ് അനുസരിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. അനില്‍ അക്കര എം എല്‍ എ ആയി ഇനിയും തുടരണോ എന്ന് വടക്കാഞ്ചേരിക്കാര്‍ തീരുമാനിക്കട്ടെ. ജനപ്രതിനിധികള്‍ അന്തസ് പുലര്‍ത്തണമെന്നും മൊയ്തീന്‍ ആവശ്യപ്പെട്ടു.
വെല്‍ഫെയര്‍ ബന്ധം യു ഡി എഫിന് തിരിച്ചടിയായി. മതേതര പക്ഷത്ത് നിലനില്‍ക്കുന്ന കോണ്‍ഗ്രസുകാര്‍ ഇടതുപക്ഷത്തെ പിന്തുണക്കണം. ദേശീയ തലത്തില്‍ എതിര്‍ക്കേണ്ട കക്ഷിയുമായി സീറ്റിന് വേണ്ടി യു ഡി എഫ് സഖ്യം ഉണ്ടാക്കുകയാണെന്നും മൊയ്തീന്‍ കുറ്റപ്പെടുത്തി.