Connect with us

Ongoing News

കരുത്തരെ സമനിലയില്‍ തളച്ച് ചെന്നൈയിന്‍

Published

|

Last Updated

മഡ്ഗാവ് | ഗോവയിലെ തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഐ എസ് എല്ലിലെ 26ാം മത്സരത്തില്‍ കരുത്തരായ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ സമനിലയില്‍ തളച്ച് ചെന്നൈയിന്‍ എഫ് സി. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഗോളുകള്‍ വഴങ്ങിയില്ല. ഇതോടെ ഗോള്‍രഹിത സമനിലയില്‍ കളി അവസാനിച്ചു.

കളിയാരംഭിച്ച് ഒന്നാം മിനുട്ടില്‍ തന്നെ ഒന്നാന്തരമൊരു ആക്രമണമാണ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ ഗോള്‍മുഖത്ത് എട്ടാം സ്ഥാനക്കാരായ ചെന്നൈയിന്‍ നടത്തിയത്. ഇടതുഭാഗത്ത് നിന്ന് ലഭിച്ച പന്തുമായി ലല്യന്‍സുവാല ഛാംഗ്‌തെ ബോക്‌സിലേക്ക് ഓടിക്കയറുകയും ഷോട്ടുതിര്‍ക്കുകയും ചെയ്തു. എന്നാല്‍ ഗോള്‍കീപ്പര്‍ ഗുര്‍മീത് മികച്ച ഡൈവിലൂടെ തട്ടിയകറ്റുകയായിരുന്നു. ആറാം മിനുട്ടില്‍ ലഭിച്ച കോര്‍ണറിലൂടെയും നല്ല അവസരം ചെന്നൈയിന് ലഭിച്ചു. ബോക്‌സിന്റെ മൂലയില്‍ എഡ്വിന്‍ വാന്‍സ്‌പോള്‍ പന്ത് പോസ്റ്റിലേക്ക് അടിച്ചെങ്കിലും വിഫലമായി.

പിന്നീട് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ അവസരങ്ങളായിരുന്നു. പതിനാറാം മിനുട്ടില്‍ ചെന്നൈയിന്റെ ബോക്‌സിന് പുറത്തുവെച്ച് ലൂയിസ് മച്ചാദോയുടെ പാസ്സ് മലയാളി താരം സുഹൈര്‍ വടക്കേപീടികക്ക് ലഭിച്ചു. പ്രതിരോധനിരയെ കട്ട് ചെയ്ത് ഷൂട്ട് ചെയ്‌തെങ്കിലും ബാറിന് മുകളിലൂടെ പന്ത് പൊങ്ങിപ്പോയി. 36ാം മിനുട്ടിലാണ് മത്സരത്തിലെ ആദ്യ മഞ്ഞക്കാര്‍ഡ് റഫറി ഉയര്‍ത്തിയത്. നോര്‍ത്ത് ഈസ്റ്റിന്റെ ലൂയിസ് മച്ചാദോക്കാണ് മഞ്ഞ ലഭിച്ചത്. ഇരുടീമുകളും കനത്ത പോരാട്ടം കാഴ്ചവെച്ചെങ്കിലും ഒന്നാം പകുതി ഗോള്‍രഹിതമായി പിരിഞ്ഞു.

66ാം മിനുട്ടില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ഇദ്രിസ്സ സില്ലക്ക് വമ്പനൊരു അവസരമാണ് ലഭിച്ചിരുന്നത്. റൊച്ചാര്‍സെല നല്‍കിയ നല്ലയൊരു പാസ് പക്ഷേ ഫിനിഷ് ചെയ്യാന്‍ സില്ലക്ക് സാധിച്ചില്ല. 80ാം മിനുട്ടില്‍ നോര്‍ത്ത് ഈസ്റ്റിന് രണ്ടാമതൊരു മഞ്ഞക്കാര്‍ഡ് കൂടി ലഭിച്ചു. പകരക്കാരനായി ഇറങ്ങിയ അനിരുദ്ധ് ഥാപ്പയെ വീഴ്ത്തിയതിന് ബെഞ്ചമിന് ലമ്പോട്ടിനാണ് മഞ്ഞക്കാര്‍ഡ് ലഭിച്ചത്. ഈ സീസണില്‍ ലമ്പോട്ടിന് ലഭിക്കുന്ന ആദ്യ മഞ്ഞക്കാര്‍ഡ് കൂടിയായി ഇത്.

നിശ്ചിത സമയത്തും സമനില തുടര്‍ന്നതോടെ റഫറി തേജസ് നഗ്വേക്കര്‍ നാല് മിനുട്ട് കൂടി അനുവദിച്ചെങ്കിലും ഇരുപക്ഷത്തും ഗോള്‍ മാത്രം വീണില്ല.

Latest