National
ബി ജെ പി ദേശീയ അധ്യക്ഷന്റെ വാഹന വ്യൂഹത്തിന് നേരെ ബംഗാളില്‍ കല്ലേറ്

കൊല്‍ക്കത്ത | ബംഗാളില്‍ രണ്ട് ദിവസത്തെ പാര്‍ട്ടി പരിപാടിക്കെത്തിയ ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെ കല്ലേറ്. സൗത്ത് 24 പാര്‍ഗനാസ് ജില്ലയിലെ ഡയമണ്ട് ഹാര്‍ബര്‍ പ്രദേശത്തേക്കുള്ള യാത്രക്കിടയിലാണ് നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്. പാര്‍ട്ടി ദേശീയ സെക്രട്ടറി കൈലാഷ് വിജയിയുടെ കാറിന്റെ ചില്ല് കല്ലേറില്‍ തകര്‍ന്നു. വിജയിക്ക് നിസാര പരുക്കുമേറ്റു. ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബി ജെ പി ആരോപിച്ചു.
റോഡ് തടഞ്ഞ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഡ്ഡയുടെയും മറ്റ് അകമ്പടി വാഹനങ്ങള്‍ക്കും നേരെ കല്ലെറിയുകയായിരുന്നുവെന്ന് ബി ജെ പി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചു. കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ ബി ജെ പി പുറത്തുവിട്ടു
ബംഗാളിനെ അസഹിഷ്ണുതയും അധാര്‍മികതയും നിറഞ്ഞ ഒരു സംസ്ഥാനമായി മമത മാറ്റിയതിന്റെ ഉദാഹരമാണ് ഇത്തരം ആക്രമണങ്ങളെന്ന് ജെ പി നഡ്ഡ പ്രതികരിച്ചു. ദുര്‍ഗയുടെ കൃപയാണ് തന്നെ രക്ഷിച്ചത്. മമത സര്‍ക്കാറിന് അധികകാലം നിലനില്‍പ്പില്ലെന്നും ഗുണ്ടാരാജ് അവസാനിപ്പിക്കുമെന്ന് ഉറപ്പുനല്‍കുന്നതായും നഡ്ഡ വ്യക്തമാക്കി.
കൊല്‍ക്കത്തയിലെ ബി ജെ പി ഓഫീസ് നഡ്ഡ സന്ദര്‍ശിപ്പച്ചോള്‍ ആള്‍ക്കൂട്ടം മുളവടികളുമായി തടഞ്ഞുവെന്നും അക്രമികള്‍ കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതായും ചൂണ്ടിക്കാട്ടി ദിലീപ് ഘോഷ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ചു. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാന സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി.