Gulf
സഊദിയില്‍ ബേങ്കിംഗ്, ഇന്‍ഷ്വറന്‍സ് മേഖലകളില്‍ ലഭിച്ചത് 173,000 പരാതികള്‍

റിയാദ് | സഊദിയില്‍ ബേങ്കിംഗ്, ഇന്‍ഷ്വറന്‍സ് മേഖലകളില്‍ നിന്നും 2020 ഡിസംബര്‍ എട്ട് ചൊവ്വാഴ്ച വരെ 173,000 പരാതികള്‍ ലഭിച്ചതായി സഊദി അറേബ്യന്‍ മോനിട്ടറി അതോറിറ്റി (സാമ) അറിയിച്ചു. സെന്‍ട്രല്‍ ബേങ്കിന്റെ മേല്‍നോട്ടത്തില്‍ രാജ്യത്തെ ബേങ്കിംഗ്, ധനകാര്യ മേഖലയിലെ ഉപഭോക്താക്കളുടെയും സ്ഥാപനങ്ങളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സാമ്പത്തിക മേഖലയിലെ പ്രവര്‍ത്തങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെയും ഭാഗമായാണ് പരാതികള്‍ സ്വീകരിച്ചത്. ഇതിനായി ഏര്‍പ്പെടുത്തിയ മോണിറ്ററിംഗ് ഏജന്‍സിയുടെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ “സമാ കെയേഴ്‌സ്”, സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍, ടോള്‍ ഫ്രീ നമ്പര്‍ വഴിയാണ് പരാതികള്‍ ലഭിച്ചത്.
ബേങ്കിംഗ് മേഖലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പരാതികള്‍-134,830. രണ്ടാം സ്ഥാനത്ത് ഇന്‍ഷ്വറന്‍സ് മേഖലയാണ്. 20,920 പരാതികളാണ് ഈ മേഖലയില്‍ നിന്ന് ലഭിച്ചത്. ഉപഭോക്താക്കളുടെ പരാതികള്‍ ന്യായമായും സുതാര്യമായും കൈകാര്യം ചെയ്യുന്നതിനാണ് കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അതോറിറ്റി അറിയിച്ചു.