Kerala
കോഴിക്കോട് കൊയിലാണ്ടിയില്‍ പ്രണയ വിവാഹിതര്‍ക്കു നേരെ നടന്ന ആക്രമണം; പ്രധാന പ്രതി പിടിയില്‍

കോഴിക്കോട് | കൊയിലാണ്ടിയില്‍ പ്രണയിച്ചു വിവാഹം ചെയ്തവരെ ആക്രമിച്ച സംഘത്തിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. ആക്രമണത്തിനിരയായ നടേരി സ്വദേശി മുഹമ്മദ് സ്വാലിഹ് എന്നയാള്‍ വിവാഹം ചെയ്ത ഫര്‍ഹാനയുടെ അമ്മാവനും കൊയിലാണ്ടി സ്വദേശിയുമായ കബീറിനെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം നടേരിയില്‍ വച്ചാണ് സംഭവമുണ്ടായത്. ഫര്‍ഹാനയുടെ അമ്മാവന്മാരായ കബീറിന്റെയും മന്‍സൂറിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് വടിവാളും കമ്പിയും മറ്റുമുപയോഗിച്ച് ആക്രമണം നടത്തിയത്. ഫര്‍ഹാനയുടെ രക്ഷിതാക്കളുടെ സമ്മത പ്രകാരം മതാചാരപ്രകാരം വിവാഹം നടത്താനായി സ്വാലിഹ് സുഹൃത്തുക്കള്‍ക്കൊപ്പം പോകുമ്പോഴായിരുന്നു ആക്രമണം. നാട്ടുകാരില്‍ ചിലര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ കാറിന്റെ വശങ്ങളിലെ ചില്ലുകള്‍ അടിച്ചു പൊളിച്ചു. ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നിലെ ചില്ലും ഇവര്‍ തകര്‍ത്തു.