Connect with us

Ongoing News

കോലിയുടെ പോരാട്ടം വൃഥാവിലായി; അവസാന ടി ട്വന്റി ഓസീസിന്

Published

|

Last Updated

സിഡ്നി | നായകന്‍ വിരാട് കോലിയുടെ ഒറ്റയാള്‍ പോരാട്ടം വൃഥാവിലായി. ഇന്ത്യക്കെതിരായ ടി ട്വന്റി പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ആസ്‌ത്രേലിയക്ക് ജയം. 12 റണ്‍സിനാണ് ഓസീസ് പരമ്പരയിലെ ആശ്വാസ ജയം സ്വന്തമാക്കിയത്. ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. 12 ടി ട്വന്റി മത്സരങ്ങള്‍ക്കിടെ ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസീസ് മുന്നോട്ടുവച്ച 187 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ നിശ്ചിത ഓവര്‍ മുഴുവനുമെടുത്ത് പൊരുതിയെങ്കിലും 174 എടുക്കാനേ കഴിഞ്ഞുള്ളൂ. ഇത്രയും റണ്‍സ് എടുക്കുന്നതിനിടയില്‍ ഏഴു വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി.

കോലിയുടെ തകര്‍പ്പന്‍ ബാറ്റിംഗിന് ഇന്ത്യയെ രക്ഷിക്കാനായില്ല. 61 പന്തില്‍ നാലു 85 റണ്‍സാണ് നായകന്‍ അടിച്ചെടുത്തത്. നാല് ഫോറും മൂന്നു സിക്‌സും ഈ ഇന്നിംഗ്‌സില്‍ പിറന്നു. ശിഖര്‍ ധവാന്‍ (28) ഹാര്‍ദിക് പാണ്ഡ്യ (20) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ കുറച്ചെങ്കിലും ശോഭിച്ച മറ്റുള്ളവര്‍. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ആസ്‌ത്രേലിയ 186 റണ്‍സെടുത്തത്. 53 പന്തില്‍ 80 നേടിയ മാത്യു വേഡ്, ഗ്ലെന്‍ മാക്സ്വെല്‍ (36ല്‍ 54) എന്നിവരുടെ തോളിലേറിയാണ് ആസ്‌ത്രേലിയ മികച്ച സ്‌കോറിലെത്തിയത്.

Latest