National
കര്‍ഷകരെ സര്‍ക്കാര്‍ വഞ്ചിച്ചതില്‍ പ്രതിഷേധം; പത്മവിഭൂഷണ്‍ തിരികെ നല്‍കി പ്രകാശ് സിംഗ് ബാദല്‍

ചണ്ഡീഗഢ് | പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ തനിക്കു ലഭിച്ച പത്മവിഭൂഷണ്‍ പുരസ്‌കാരം തിരികെ നല്‍കി. സമരം ചെയ്യുന്ന കര്‍ഷകരോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സമീപനത്തില്‍ പ്രതിഷേധിച്ചാണിത്. 2015ല്‍ ലഭിച്ച ബഹുമതിയാണ് 92കാരനായ ബാദല്‍ തിരിച്ചു നല്‍കിയത്. രാജ്യത്തെ രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയാണ് പത്മവിഭൂഷണ്‍.
കര്‍ഷകരെ സര്‍ക്കാര്‍ വഞ്ചിച്ചതില്‍ പ്രതിഷേധിച്ചാണ് താന്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് ബാദല്‍ പറഞ്ഞു. കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി ബാദലിന്റെ നേതൃത്വത്തിലുള്ള ശിരോമണി അകാലിദള്‍ എന്‍ ഡി എ സഖ്യത്തില്‍ നിന്ന് പുറത്തുപോന്നിരുന്നു.
ഞാന്‍ ഞാനായത് ജനങ്ങള്‍, പ്രത്യേകിച്ച് കര്‍ഷകരുടെ പിന്തുണയാലും സഹായത്താലുമാണ്. ലഭിച്ച ബഹുമതിയെക്കാള്‍ കൂടുതല്‍ എനിക്കു നഷ്ടപ്പെട്ട സാഹചര്യമാണിത്. അതിനാല്‍ പത്മവിഭൂഷണ്‍ കൈവശം വക്കുന്നത് ശരിയായ കാര്യമായി ഞാന്‍ കാണുന്നില്ല- ബാദല്‍ പറഞ്ഞു.
തങ്ങള്‍ക്കു ലഭിച്ച അവാര്‍ഡുകള്‍ തിരിച്ചുനല്‍കുമെന്നും കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഡിസംബര്‍ അഞ്ചിന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും പഞ്ചാബിലെപ്രശസ്ത കായിക താരങ്ങളുടെയും പരിശീലകരുടെയും സംഘം പ്രഖ്യാപിച്ചിട്ടുണ്ട്. ദിവസങ്ങളോളമായി സമാധാനപരമായ പ്രക്ഷോഭമാണ് കര്‍ഷകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, കണ്ണീര്‍വാതകവും ജലപീരങ്കിയും മറ്റുമുപയോഗിച്ചാണ് പോലീസ് അവരെ നേരിടുന്നത്- ഒളിംപിക് ഹോക്കി താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ സജ്ജന്‍ സിംഗ് ചീമ പറഞ്ഞു.