Connect with us

Kerala

അംഗത്തിന്റെ പരാതിയിലും ധനമന്ത്രിയുടെ വിശദീകരണത്തിലും കഴമ്പുള്ളതിനാലാണ് പരാതി എത്തിക്‌സ് കമ്മറ്റിക്ക് വിട്ടത്: സ്പീക്കര്‍

Published

|

Last Updated

തിരുവനന്തപുരം | ധനമന്ത്രി അവകാശലംഘനം നടത്തിയെന്ന അംഗത്തിന്റെ പരാതിയിലും അതിന് ധനമന്ത്രി നല്‍കിയ വിശദീകരണത്തിലും കഴമ്പുള്ളതിനാലാണ് പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. അവകാശലംഘനത്തില്‍ വിഡി സതീശന്‍ ധനമന്ത്രിക്കെതിരെ നല്‍കിയ പരാതിയിലും അതില്‍ തോമസ് ഐസക് നല്‍കിയ വിശദീകരണത്തിലും കഴമ്പുണ്ട്. ഈ സാഹചര്യത്തിലാണ് തുടര്‍ നടപടികള്‍ക്കായി വിഷയം എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറിയതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭാ ചട്ടപ്രകാരം കടുത്ത ശിക്ഷാനടപടികളൊന്നും സ്വീകരിക്കാന്‍ നിയമസഭാ എത്തിക്‌സ് കമ്മിറ്റിക് അധികാരമില്ല. ചട്ടലംഘനം നടത്തുന്ന അംഗങ്ങള്‍ക്ക് താക്കീത് നല്‍കാനോ മുന്നറിയിപ്പ് കൊടുക്കാനോ മാത്രമേ സമിതിക്ക് സാധിക്കൂ.

സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടും അതിന്റെ ക്രമത്തെ സംബന്ധിച്ചും അത് സഭയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും അടിസ്ഥാനപരമായ പ്രശ്‌നങ്ങളും വിമര്‍ശനങ്ങളും മന്ത്രി ഉന്നയിച്ചിട്ടുണ്ട്. ഈ സന്ദര്‍ഭത്തിലാണ് രണ്ട് പക്ഷവും കേട്ട് സഭാസമതി നടപടിയെടുക്കട്ടെയെന്ന് തീരുമാനിച്ചത്.

ചെന്നിത്തലക്കെതിരായ അന്വേഷണ അനുമതിയില്‍ തനിക്കെതിരെയുണ്ടായ വിമര്‍ശനം സ്വാഭാവികമാണെന്ന് സ്പീക്കര്‍ പറഞ്ഞു. ഇഷ്ടമില്ലാത്ത നടപടികളുണ്ടാവുമ്പോള്‍ അതില്‍ വിമര്‍ശനമുണ്ടാവുന്നത് സ്വാഭാവികമായ കാര്യമാണ്. വിഡി സതീശനും അന്‍വര്‍ സാദത്തിനുമെതിരായ വിജിലന്‍സ് അന്വേഷണത്തിനുള്ള അപേക്ഷയില്‍ കൂറച്ചു കൂടി പരിശോധനയും വിശദീകരണവും ആവശ്യമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. എം സ്വരാജ് നല്‍കിയ പരാതിയില്‍ ധനവകുപ്പിന്റെ അഭിപ്രായം ചോദിച്ചിട്ടുണ്ടെന്നും വിശദീകരണം കിട്ടിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.

സ്പീക്കര്‍ പദവി മുള്‍ക്കിരീടമാണ്. സ്പീക്കറെ സംബന്ധിച്ച് എല്ലായ്‌പ്പോഴും ആക്ഷേപം ഉണ്ടാകും. നിയമസഭയുടെ അവകാശം പരിപാവനമാണ്. തെറ്റായ സമീപനമുണ്ടായാല്‍ സമാജികര്‍ക്ക് പരാതിപ്പെടാന്‍ അവകാശമുണ്ട്- സ്പീക്കര്‍ പറഞ്ഞു.

Latest