Connect with us

National

ജനങ്ങള്‍ക്ക് വൈമുഖ്യം; ശോഷിച്ച പോളിംഗ് ശതമാനത്തിന് വേദിയായി ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ്

Published

|

Last Updated

ഹൈദരാബാദ് | പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ കടുത്ത പോരാട്ടത്തിന് വേദിയായ ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ (ജി എച്ച് എം സി) തിരഞ്ഞെടുപ്പിനെ വോട്ടര്‍മാര്‍ സമീപിച്ചത് ലാഘവത്തോടെ. രാജ്യത്തെ അഞ്ചാമത്തെ വലിയ മെട്രോപൊളിറ്റന്‍ സിറ്റിയിലെ ജനങ്ങള്‍ കഴിഞ്ഞ കുറച്ച് തിരഞ്ഞെടുപ്പുകളോട് വലിയ താത്പര്യമൊന്നും കാണിച്ചിട്ടില്ല. 2016 ഫെബ്രുവരിയില്‍ നടന്ന ഏറ്റവും അവസാനത്തെ തിരഞ്ഞെടുപ്പില്‍ 45.29 ശതമാനം പേര്‍ മാത്രമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.

പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ഇ സേവാ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി വരിനിന്നവരുടെ 10ല്‍ ഒരു ശതമാനം പോലും പോളിംഗ് സ്‌റ്റേഷനുകളില്‍ കണ്ടില്ലെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ വന്ന ഒരു കമന്റ്. ഭൂരിഭാഗം പോളിംഗ് ബൂത്തുകളിലും വളരെ ചെറിയ തോതിലുള്ള ജനക്കൂട്ടം മാത്രമാണ് ഉണ്ടായിരുന്നത്. ചില ബൂത്തുകളിലെ മേശപ്പുറത്ത് തലവച്ച് പോളിംഗ് സ്റ്റാഫുകള്‍ മയങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ സമീപനമാണ് ജനങ്ങളുടെ വിമുഖതക്കു കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. വര്‍ക്ക് ഫ്രം ഹോം സാഹചര്യവും പോളിംഗ് ശതമാനത്തില്‍ പ്രതിഫലിച്ചതായി വിലയിരുത്തപ്പെടുന്നു.

ആരെ തിരഞ്ഞെടുക്കണമെന്ന അനിശ്ചിതത്വ ബോധമാണ് വോട്ടര്‍മാരിലുള്ളതെന്ന് പ്രശസ്ത രാഷ്ട്രീയ നിരീക്ഷകനായ തേലകപ്പള്ളി രവി പറയുന്നു. ജനങ്ങളെ തമ്മിലടിപ്പിക്കുന്ന വര്‍ഗീയ അജന്‍ഡ, വ്യവസ്ഥയോടുള്ള അവിശ്വാസം, സേവനങ്ങള്‍ ലഭ്യമാകാത്ത സ്ഥിതി, വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ എന്നിവയും ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ നിന്ന് അകന്നു നില്‍ക്കുന്നതിന് കാരണമായിട്ടുണ്ട്. കൊവിഡ്-19 മഹാമാരിയും ജനങ്ങളെ വീട്ടില്‍ തന്നെയിരിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.”- രവി വിശദമാക്കി.

ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ അകന്നു പോയതായി മറ്റൊരു രാഷ്ട്രീയ നിരീക്ഷകനായ ചാലസനി നരേന്ദ്ര പറഞ്ഞു. വര്‍ഗീയതയിലും വൈകാരിക പ്രശ്‌നങ്ങളിലും ഊന്നിയ സ്വാര്‍ഥ അജന്‍ഡകളോടുള്ള ഭ്രാന്തമായ ആഭിമുഖ്യമാണ് രാഷ്ട്രീയ കക്ഷികള്‍ പുലര്‍ത്തുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ജനങ്ങള്‍ക്കുള്ള താത്പര്യക്കുറവിന്റെ ഉത്തരവാദിത്തം മുഴുവന്‍ പാര്‍ട്ടികളും ഏറ്റെടുക്കണം- നരേന്ദ്ര കൂട്ടിച്ചേര്‍ത്തു.

Latest