കര്‍ഷക സമരം; കനേഡിയന്‍ പ്രധാന മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഇന്ത്യ

Posted on: December 1, 2020 7:34 pm | Last updated: December 1, 2020 at 7:34 pm

ന്യൂഡല്‍ഹി | കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന പ്രക്ഷോഭകരെ പിന്തുണച്ചു കൊണ്ടുള്ള കനേഡിയന്‍ പ്രധാന മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഇന്ത്യ. ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ മറ്റൊരു രാജ്യം ഇടപെടല്‍ നടത്തുന്നത് ശരിയല്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. നയതന്ത്ര ചര്‍ച്ചകള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി ദുര്‍വ്യാഖ്യാനം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും ശ്രീവാസ്തവ പ്രതികരിച്ചു.

ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ആശങ്കപ്പെടുത്തുന്നതാണെന്നായിരുന്നു കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോ അഭിപ്രായപ്പെട്ടത്. സമരം നടത്തുന്ന കര്‍ഷകരുടെ കുടുംബത്തെയും സുഹൃത്തുക്കളെയും സംബന്ധിച്ച് ആശങ്കയുണ്ട്. സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ അവകാശങ്ങള്‍ കാനഡ എല്ലായ്‌പ്പോഴും സംരക്ഷിക്കും. സംവാദങ്ങളിലാണ് തങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്നത്. കര്‍ഷക സമരം സംബന്ധിച്ച തങ്ങളുടെ ആശങ്കകള്‍ ഇന്ത്യയെ ധരിപ്പിക്കുമെന്നും ട്രൂഡോ വ്യക്തമാക്കി.