National
പ്രക്ഷോഭത്തിനിടെ പുതിയ കര്‍ഷക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി

വാരാണസി | പുതിയ കര്‍ഷക നിയമങ്ങളുടെ മേന്മ എടുത്തുപറഞ്ഞ് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ലോക്‌സഭാ മണ്ഡലമായ വാരാണസയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നിയമങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കോടിക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളില്‍ പ്രക്ഷോഭം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഈ നിലപാട്.
പതിറ്റാണ്ടുകള്‍ നീണ്ട തെറ്റായ നടപടികള്‍ കാരണം കര്‍ഷകരുടെ മനസ്സില്‍ തെറ്റിദ്ധാരണയുണ്ടെന്ന് തനിക്കറിയാം. ഗംഗാ ദേവിയുടെ കരയില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. വഞ്ചിക്കണമെന്ന ഉദ്ദേശ്യം തങ്ങള്‍ക്കില്ല. ഗംഗാ നദിയിലെ ജലം കണക്കെ പരിശുദ്ധമാണ് തങ്ങളുടെ ഉദ്ദേശ്യങ്ങളെന്നും മോദി പറഞ്ഞു.
മുമ്പുള്ള സംവിധാനമാണ് ശരിയെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അതില്‍ നിന്ന് ആരെയെങ്കിലും ഈ നിയമം തടയുന്നുണ്ടോ ഭായ്? പരമ്പരാഗത മണ്ഡികളെയും സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവിലയെയും പുതിയ തുറന്ന വിപണി സംവിധാനം ഇല്ലാതാക്കുമെന്ന് അര്‍ഥമില്ലെന്നും മോദി പറഞ്ഞു.
രാജ്യത്തിനകത്തും പുറത്തുമുള്ള വിപണികളിലേക്ക് കര്‍ഷകര്‍ക്ക് പ്രവേശനം ലഭ്യമാക്കുന്നതാണ് പുതിയ നിയമങ്ങള്‍. കര്‍ഷകര്‍ക്ക് പുതിയ സാധ്യതകളും സുരക്ഷയും നല്‍കുന്നതാണ് ഇതെന്നും മോദി ന്യായീകരിച്ചു.
അതേസമയം, നിയമം പിന്‍വലിക്കും വരെ പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന ശക്തമായ നിലപാടിലാണ് കര്‍ഷകര്‍. ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം മുന്നോട്ടുവെച്ച സോപാധിക ചര്‍ച്ചാ നിര്‍ദേശത്തെ കര്‍ഷകര്‍ തള്ളിയിരുന്നു.