National
രാഷ്ട്രീയ പ്രവേശം: തീരുമാനം ഉടനെയെന്ന് രജനികാന്ത്

ചെന്നൈ | രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഉടനെയുണ്ടാകുമെന്ന് പ്രഖ്യാപിച്ച് തമിഴ് സൂപ്പര്‍ താരം രജനികാന്ത്. രജനി മക്കള്‍ മന്ത്രം എന്ന തന്റെ സംഘടനയുടെ മുതിര്‍ന്ന ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെതിരെ ഡോക്ടര്‍മാര്‍ ഉപദേശം നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ എന്ത് തീരുമാനമാകും ഉണ്ടാകുകയെന്ന് കാതോര്‍ത്തിരിക്കുകയാണ് രാഷ്ട്രീയ ലോകം.
ജില്ലാ ഭാരവാഹികള്‍ അവരുടെ അഭിപ്രായം അറിയിച്ചെന്നും താനെന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് അവര്‍ ഉറപ്പുനല്‍കിയതായും രജനി പറഞ്ഞു. നഗരത്തിലെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് ചര്‍ച്ച നടന്നത്. അതിന് ശേഷം വസതിയായ പയസ് ഗാര്‍ഡന് പുറത്തുവെച്ചാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്.
തീരുമാനം അറിയിക്കാന്‍ പ്രത്യേകം സമയക്രമമൊന്നും അദ്ദേഹം അറിയിച്ചിട്ടില്ല. അടുത്ത ഏപ്രിലില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ രജനിയുടെ രാഷ്ട്രീയ പ്രവേശം ഏറെ കാലമായി കാത്തിരിക്കുന്നതാണ്. ബി ജെ പിയുമായി സഹകരിക്കുന്ന തരത്തിലാകുമോ എന്നതും കൗതുകത്തോടെ നിരീക്ഷിക്കുന്നുണ്ട്.