Connect with us

Kerala

എറണാകുളത്ത് 140 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

Published

|

Last Updated

എറണാകുളം |  ജില്ലയില്‍ അങ്കമാലി, ആവോലി എന്നിവിടങ്ങളില്‍ നിന്നായി 140 കിലോ കഞ്ചാവ് പോലീസ് പിടികൂടി. കാറില്‍ കടത്താന്‍ ശ്രമിച്ച 105 കിലോ കഞ്ചാവ് അങ്കമാലിയില്‍ നിന്നും ,വീട്ടില്‍ ഒളിപ്പിച്ച 35 കിലോ കഞ്ചാവ് ആവോലിയില്‍ നിന്നുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഇടുക്കി സ്വദേശികള്‍ പിടിയിലായിട്ടുണ്ട്.

പുലര്‍ച്ചെ രണ്ടു മണിയോടെ വാഹന പരിശോധനക്കിടെയാണ് അങ്കമാലിയില്‍ കഞ്ചാവ് പിടികൂടിയത്. ഇടുക്കി വെള്ളത്തൂവല്‍ അരീയ്ക്കല്‍ വീട്ടില്‍ ചന്ദു, തൊടുപുഴ പെരുന്പള്ളിച്ചിറ ചെളികണ്ടത്തില്‍ നിസാര്‍, തൊടുപുഴ ഇടവെട്ടി മറ്റത്തില്‍ വീട്ടില്‍ അന്‍സല്‍ എന്നിവരാണ് പിടിയിലായത്. രണ്ട് വാഹനങ്ങളിലായാണ് കഞ്ചാവുമായി സംഘം എത്തിയത്. 50 പാക്കറ്റുകളിലാക്കി കാറുകളുടെ ഡിക്കിയിലും പിന്‍സീറ്റിന്റെ അടിയിലും ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. ആന്ധ്രയില്‍ നിന്നുമാണ് കഞ്ചാവ് കൊണ്ടു വന്നതെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയത്. ഇടുക്കിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് പിടികൂടിയത്. മൊത്ത വിതരണക്കാരായ ഇവര്‍ മുന്പും കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

പിടിയിലായവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴക്ക് സമീപം ആവോലിയിലെ ഒരു വാടക വീട്ടില്‍ നിന്നുമാണ് പതിനേഴ് പാക്കറ്റുകളാക്കി സൂക്ഷിച്ചിരുന്ന 35 കിലോ കഞ്ചാവു കൂടി കണ്ടെടുത്തത്.

Latest