Connect with us

Kozhikode

ഇവരെ വെല്ലാൻ ആരുണ്ട്...

Published

|

Last Updated

കോഴിക്കോട് | ഒരു കാര്യം ഏതാണ്ടുറപ്പാണ്. അപരന്മാരെ നിയോഗിച്ച് ഈ സ്ഥാനാർഥികളെ വെല്ലുക പ്രയാസം. കക്കോടി പഞ്ചായത്തിലെ 11ാം വാർഡിലെ എൽ ഡി എഫ് സ്ഥാനാർഥി ഉപശ്ലോഖനാണ് ഈ കൂട്ടത്തിലെ ഒരാൾ. അപരന്മാർ ഉണ്ടാകാനിടയില്ലാത്ത മറ്റൊരു സ്ഥാനാർഥി വനിതയാണ്. കോർപറേഷനിലെ പയ്യാനക്കൽ വാർഡിൽ നിന്ന് ജനവിധി തേടുന്ന ബ്രസീലിയ ശംസുദ്ദീനാണിത്.
ഇരുവരുടേയും പേരിന് ബദലുകാരെ കണ്ടുപിടിക്കാൻ എതിർകക്ഷികൾ തുനിഞ്ഞിട്ടുണ്ടാകില്ല. അവർക്കറിയാം അത് നടക്കില്ലെന്ന്. ഉപശ്ലോഖന് അമ്മാവനാണ് പേരിട്ടത്. രാമായണം പാരായണം ചെയ്യുന്നതിനിടെ ലഭിച്ച പേര് നിർദേശിക്കപ്പെടുകയായിരുന്നുവെന്നാണ് ഉപശ്ലോഖൻ പറയുന്നത്. ഏതായാലും ഉപശ്ലോഖന് വേണ്ടി മുദ്രാവാക്യം വിളിക്കുന്നവരാണിപ്പോൾ കുടുങ്ങിയത്. ഈ പേര് മുദ്രാവാക്യത്തിന്റെ ഒഴുക്കിനനുസരിച്ച് വഴങ്ങിക്കിട്ടണമെങ്കിൽ കുറച്ച് പണിപ്പെടേണ്ടി വരുമെന്ന് ഉപശ്ലോഖന് തന്നെ അഭിപ്രായമുണ്ട്.

രണ്ടാം അങ്കത്തിനിറങ്ങിയ ബ്രസീലിയ ശംസുദ്ദീൻ നേരത്തേ, നഗരത്തിലെ മുഖദാറിൽ നിന്നാണ് കൗൺസിലറായിരുന്നത്. അമ്മാവൻ തന്നെയാണ് ബ്രസീലിയക്കും ആ പേര് നിർദേശിച്ചത്. സഹോദരിക്ക് നേരത്തേ, ബദ്‌രിയ്യ എന്ന പേരിട്ടതിന്റെ തുടർച്ചയായി ബിയിൽ തുടങ്ങുന്ന മറ്റൊരു പേര് തേടിയ അമ്മാവൻ ഫുട്‌ബോൾ കമ്പക്കാരൻ കൂടിയായിരുന്നു. അങ്ങനെ ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയ എന്ന പേര് നിർദേശിച്ചു. ഇപ്പോൾ ഭർത്താവ് ശംസുദ്ദീന്റെ പേര് കൂടെ കൂട്ടി ബ്രസീലിയ ശംസുദ്ദീൻ എന്ന പേരിലാണ് ഈ സ്ഥാനാർഥി അറിയപ്പെടുന്നത്.

Latest