Ongoing News
യുവേഫ ചാമ്പ്യന്‍സ് ലീഗ്: നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി മുന്‍നിര ടീമുകള്‍

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി മുന്‍നിര ടീമുകള്‍. ഇന്നലെ നടന്ന മത്സരങ്ങളില്‍ ജയിച്ച ബാഴ്‌സലോണ, യുവന്റസ്, ചെല്‍സി, സെവിയ്യ ടീമുകളാണ് ജയത്തോടെ നോക്കൗട്ടില്‍ പ്രവേശിച്ചത്.
ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ചെല്‍സി, സെവിയ്യ, യുവന്റസ് ടീമുകളുടെ വിജയം. എന്നാല്‍, മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് ഡൈനാമോ കീവിനെ നിലംപരിശാക്കിയാണ് ബാഴ്‌സയുടെ മുന്നേറ്റം. ചെല്‍സി റെന്നസിനെയും സെവിയ്യ ക്രാസ്‌നോദറിനെയും യുവന്റസ് ഫെറന്‍വാറോസിനെയുമാണ് തോല്‍പ്പിച്ചത്. ആര്‍ ബി ലെപ്‌സിഷിനെ ഏകപക്ഷീയമായ ഒരുഗോളിന് തോല്‍പിച്ച് പി എസ്ജിയും പ്രതീക്ഷകള്‍ സജീവമാക്കി.
ഗ്രൂപ്പ് ഇയില്‍ നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവുമായാണ് ചെല്‍സി നോക്കൗട്ടിലേക്ക് മുന്നേറിയത്. ആദ്യ പകുതിയില്‍ കെല്ലം ഹുഡ്‌സണ്‍ ഒഡോയ് നേടിയ ഗോളിലൂടെ ചെല്‍സി മുന്നിലെത്തി (1-0). എന്നാല്‍ 85ാം മിനുട്ടില്‍ സെഹ്‌റു ഗ്വിരാസിയുടെ ഗോള്‍ റെന്നസിന് സമനില നേടിക്കൊടുത്തു (1-1). മത്സരം അവസാന നിമിഷങ്ങളിലേക്ക് കടക്കവേ ഒലിവര്‍ ജിറൂഡ് ചെല്‍സിയുടെ വിജയഗോള്‍ സ്‌കോര്‍ ചെയ്തു.
ക്രാസ്‌നോദറിനെതിരായ മത്സരത്തില്‍ കളി തുടങ്ങി നാലാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി ഇവാന്‍ റാക്കിട്ടിക് സെവില്ലയെ മുന്നിലെത്തിച്ചു (1-0). 56ാം മിനുട്ടില്‍ വാന്‍ഡേഴ്‌സണ്‍ മാഷിയല്‍ സൂസ കാംപസിലൂടെ ക്രാസ്‌നോദര്‍ തിരിച്ചടിച്ചു (1-1). രണ്ടാം പകുതിയിലെ അധിക സമയത്ത് സെവില്ലയുടെ മുനിര്‍ അല്‍ ഹദ്ദാദിയുടെ ഗോള്‍ മത്സര ഫലം നിര്‍ണയിച്ചു.
ഗ്രൂപ്പ് ജിയില്‍ ഡൈനാമോ കീവിനെതിരായ നാലു ഗോളുകളും ബാഴ്‌സലോണ നേടിയത് രണ്ടാം പകുതിയിലാണ്. ബാഴ്‌സക്കു വേണ്ടി മാര്‍ട്ടില്‍ ബ്രാത്ത്വെയ്റ്റ് രണ്ട് ഗോളുകള്‍ നേടി. സെര്‍ജിനോ ഡെസ്റ്റ്, ആന്റോയിന്‍ ഗ്രീസ്മാന്‍ എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇല്ലാതെയാണ് ബാഴ്‌സ കളത്തിലിറങ്ങിയത്.
യുവന്റസ്-ഫെറന്‍ക്വാറോസ് പോരാട്ടത്തില്‍ ഫെറന്‍ക്വാറോസ് ആണ് ആദ്യം സ്‌കോര്‍ ചെയ്തത്. 19ാം മിനുട്ടില്‍ മിര്‍റ്റോ ഉസുനിയുടെ വകയായിരുന്നു ഗോള്‍. 35ാം മിനുട്ടില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സമനില ഗോള്‍ നേടി. അധിക സമയത്തിന്റെ രണ്ടാം മിനുട്ടില്‍ അള്‍വറോ മൊറാട്ടയിലൂടെ യുവന്റസ് മത്സരം തങ്ങളുടെ പോക്കറ്റിലാക്കി.
ഗ്രൂപ്പ് എച്ചില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ഇസ്താംബൂള്‍ ബസക്‌ഷെഹിറിനെയും പി എസ് ജി ഏകപക്ഷീയമായ ഒരു ഗോളിന് ആര്‍ ബി ലെപ്‌സിഷിനെയും ഗ്രൂപ്പ് എഫില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ക്ലബ് ബ്രൂജിനെയും ലാസിയോ 3-1ന് സെനിത് പീറ്റേഴ്‌സ്ബര്‍ഗിനെയും പരാജയപ്പെടുത്തി.