Gulf
വിദേശ പൗരന്മാർക്ക് സംരംഭങ്ങളിൽ പൂർണ്ണ ഉടമസ്ഥാവകാശം: യുഎഇ ആഗോള നിക്ഷേപ കേന്ദ്രമാകുമെന്ന് ഡോ. ഷംഷീർ വയലിൽ

അബുദാബി | വിദേശപൗരന്മാർക്ക് ബിസിനസുകളിൽ പൂർണ്ണ ഉടമസ്ഥാവകാശം നൽകാനുള്ള തീരുമാനത്തിലൂടെ യുഎഇയിലേക്കുള്ള നിക്ഷേപങ്ങളിൽ വൻ വർദ്ധനവുണ്ടാകുമെന്നു വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ.
യുഎഇയിലെ സംരംഭങ്ങളിൽ വിദേശ പൗരന്മാർക്ക് നൂറു ശതമാനം ഉടമസ്ഥാവകാശം നൽകുമെന്ന യുഎഇ സർക്കാർ പ്രഖ്യാപനം ചരിത്രപരമാണ്. രാഷ്ട്ര നേതാക്കളുടെ ദീർഘവീക്ഷണവും വിവേകവും പ്രകടമാകുന്ന മികച്ച തീരുമാനമാണിത്. ഈ പരിഷ്കാരത്തിലൂടെ യുഎഇയിലേക്ക് വൻ തോതിൽ വിദേശ നിക്ഷേപം ആകർഷിക്കാനാവും. മിഡിൽ ഈസ്റ്റിലെ നിക്ഷേപത്തിന്റെ തന്ത്രപ്രധാന കേന്ദ്രമായി യുഎഇ മാറും.
മഹാമാരി സൃഷ്ടിച്ച വെല്ലുവിളികൾ മറികടക്കാൻ ലോക രാഷ്ട്രങ്ങൾ പുതിയ തന്ത്രങ്ങൾ ആവിഷ്ക്കരിക്കാൻ ശ്രമിക്കുന്ന വേളയിലുള്ള യുഎഇ ഭരണാധികാരികളുടെ സുപ്രധാന പ്രഖ്യാപനം തീർത്തും സമയോചിതമായി. പുതിയ നിയമത്തിലൂടെ യുഎഇയുടെ സാമ്പത്തിക രംഗം കൂടുതൽ ഉത്തേജിതമാകുമെന്നും രാജ്യത്തെ നിലവിലെയും ഭാവിയിലെയും ബിസിനസുകൾക്ക് അതിലൂടെ വൻ നേട്ടമുണ്ടാകുമെന്നും ഡോ. ഷംഷീർ പറഞ്ഞു.