ബോളിവുഡിലെ ലഹരി വ്യാപാരം; ഒരു നടി കൂടി പിടിയില്‍; അന്വേഷണം കൂടുതല്‍ പേരിലേക്ക്

Posted on: November 21, 2020 8:23 pm | Last updated: November 22, 2020 at 7:29 am

ന്യൂഡല്‍ഹി | ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ ദുരൂഹ മരണം സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ വെളിച്ചത്തുവന്ന ചലച്ചിത്ര ലോകത്തെ മയക്കുമരുന്ന് കണ്ണിയില്‍ കൂടുതല്‍ പേര്‍ കുരുങ്ങുന്നു. ഹാസ്യ താരം ഭാരതി സിംഗിനെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. ഭാരതി സിംഗിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ കഞ്ചാവ് കണ്ടെടുത്തതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഭാരതിയുടെ ഭര്‍ത്താവ് ഹാര്‍ഷ് ലിംബാച്ചിയയേയും എന്‍സിബി ചോദ്യം ചെയ്തുവരികയാണ്.

കഞ്ചാവ് ഉപയോഗിച്ചിരുന്നതായി ഇരുവരും സമ്മതിച്ചുവെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു. 1986ലെ എന്‍ഡിപിഎസ് ആക്ടിന്റെ അടിസ്ഥാനത്തിലാണ് ഭാരതി സിംഗിനെ അറസ്റ്റ് ചെയ്തത്. ലിംബാച്ചിയക്ക് എതിരായ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബോളിവുഡിനെ അടക്കിവാണ ലഹരി മരുന്ന് മാഫിയയുടെ ഞെട്ടിക്കുന്ന കഥകളാണ് സുശാന്ത് സിംഗിന്റെ ആത്മഹത്യക്ക് പിന്നാലെ പുറത്തുവന്നത്. നിരവധി നടിമാരും സിനിമാ പ്രവര്‍ത്തകരും ഇതിനകം എന്‍സിബിയുടെ പിടിയിലായിക്കഴിഞ്ഞു. മറ്റു നിരവധി പേര്‍ നിരീക്ഷണത്തിലാണ്. ചലച്ചിത്ര മേഖലയിലെ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി എൻസിബി കേന്ദ്രങ്ങൾ അറിയിച്ചു.