യു എസ് പ്രഥമ വനിതയുടെ പോളിസി ഡയറക്ടറായി ഇന്ത്യന്‍ വംശജ

Posted on: November 21, 2020 3:17 pm | Last updated: November 21, 2020 at 3:17 pm

വാഷിംഗ്ടണ്‍ | ഇന്ത്യന്‍-അമേരിക്കന്‍ വംശജ മാലാ അഡിഗയെ യു എസിന്റെ നിയുക്ത പ്രഥമ വനിത ജില്‍ ബൈഡന്റെ പോളിസി ഡയറക്ടറായി നിയമിച്ചു. നേരത്തെ ഒബാമ പ്രസിഡന്റായപ്പോള്‍ സുപ്രധാന സ്ഥാനത്തുണ്ടായിരുന്ന അഡിഗയെ നിയുക്ത യു എസ് പ്രസിഡന്റ് ജോ ബൈഡനാണ് നിയമിച്ചത്.

തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെയും കമല ഹാരിസിന്റെയും പ്രചാരണ പരിപാടിയുടെ പൊളിസി അഡൈ്വസര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. ബൈഡന്‍ ഫൗണ്ടേഷനിലെ ഉന്നത വിദ്യാഭ്യാസ-മിലിട്ടറി ഫാമിലീസ് ഡയറക്ടറായിരുന്ന മാല, ഒബാമ, ബൈഡന്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്.

ബ്യൂറോ ഓഫ് എജ്യുക്കേഷനല്‍ ആന്‍ഡ് കള്‍ചറല്‍ അഫയേഴ്‌സിനു കീഴില്‍ വരുന്ന അക്കാദമിക് പ്രോഗ്രാമിന്റെ ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായും ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. വൈറ്റ്ഹൗസ് ഓഫിസ് ഡയറക്ടറായി കാത്തി റസലിനെയും വൈറ്റ് ഹൗസ് ലെജിസ്ലേറ്റീവ് അഫയേഴ്സ് ഡയറക്ടറായി ലൂയിസ ടെറൈലിനെയും നിയമിച്ചതായും ബൈഡന്‍ അറിയിച്ചു.