Connect with us

Fact Check

FACT CHECK: ജെ എന്‍ യു, ജാമിഅ മില്ലിയ്യ സര്‍വകലാശാലകളില്‍ കശ്മീരി മുസ്ലിംകള്‍ക്ക് സൗജന്യ താമസമോ?

Published

|

Last Updated

ന്യൂഡല്‍ഹി | ജെ എന്‍ യു, ജാമിഅ മില്ലിയ്യ സര്‍വകലാശാലകളും ജമ്മു കശ്മീര്‍ മുസ്ലിംകളും എന്നും വിദ്വേഷ പ്രചാരണങ്ങള്‍ നടത്താനുള്ള ഇഷ്ടവിഷയങ്ങളാണ് സംഘ്പരിവാറുകള്‍ക്ക്. ഈ സര്‍വകലാശാലകള്‍ കശ്മീരി മുസ്ലിംകള്‍ക്ക് സൗജന്യ താമസ സൗകര്യം നല്‍കുന്നു എന്നതാണ് ഇതില്‍ ഒടുവിലത്തേത്. ഇതിന്റെ സത്യാവസ്ഥയറിയാം.

അവകാശവാദം: ഇതൊരു ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ അല്ല. ജമ്മു കശ്മീരില്‍ നിന്നുള്ള ജെ എന്‍ യു വിദ്യാര്‍ഥികള്‍ക്ക് വേണ്ടി 2012ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിര്‍മിച്ചതാണ് ഈ ഹോസ്റ്റല്‍. 400 മുറികളാണുള്ളത്. ഹിന്ദുക്കള്‍ക്കോ മറ്റേതെങ്കിലും മതവിശ്വാസികള്‍ക്കോ ഈ ഹോസ്റ്റലില്‍ പ്രവേശനം ഇല്ല. മൊത്തം ഇന്ത്യന്‍ നികുതിദായകരുടെ ചെലവിലാണ് കശ്മീരില്‍ നിന്നുള്ള മുസ്ലിം വിദ്യാര്‍ഥികള്‍ ഇവിടെ സൗജന്യമായി കഴിയുന്നത്. വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം ഈ സന്ദേശം പരക്കുന്നുണ്ട്.

യാഥാര്‍ഥ്യം: ജാമിഅ മില്ലിയ്യ സര്‍വകലാശാലയിലെ ജമ്മു കശ്മീര്‍ ഹോസ്റ്റല്‍ ആണിത്. ജെ എന്‍ യുവിലേത് അല്ല. വിദ്യാര്‍ഥിനികള്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശനം. രക്ഷിതാക്കളോ ജീവിത പങ്കാളിയോ ഡല്‍ഹിയിലോ എന്‍ സി ആറിലോ താമസിക്കുകയോ ജോലിയോ ചെയ്യുന്നുണ്ടെങ്കില്‍ ഈ ഹോസ്റ്റലില്‍ താമസിക്കാന്‍ അര്‍ഹതയുണ്ടാകില്ല. ആര്‍ക്കും സൗജന്യ താമസമില്ല. അതേസമയം, ശാരീരികമായി വെല്ലുവിളി നേരിടുന്ന പാവപ്പെട്ട വിദ്യാര്‍ഥിനികള്‍ക്ക് ഫീസിളവുണ്ട്.

ഏത് മതത്തില്‍ പെട്ടവര്‍ക്കും രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നുള്ളവരുമായ പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ പ്രവേശനം ലഭിക്കും. നിരവധി ഹിന്ദു പെണ്‍കുട്ടികള്‍ ഈ ഹോസ്റ്റലില്‍ താമസിക്കുന്നുണ്ട്. 2017ലാണ് ഹോസ്റ്റലിന്റെ പ്ലാന്‍ ആവിഷ്‌കരിച്ചത്. പ്രചരിക്കുന്നത് പോലെ 2012ല്‍ അല്ല. 2018 ഏപ്രിലില്‍ നിര്‍മാണം പൂര്‍ത്തിയായി. ജെ എന്‍ യു ക്യാമ്പസില്‍ ജമ്മു കശ്മീര്‍ ഹോസ്റ്റല്‍ എന്നപേരിലൊരു സ്ഥാപനമില്ല.

---- facebook comment plugin here -----

Latest